പഴയ വീട് പൊളിച്ചപ്പോൾ കിട്ടിയത് നിധി, സ്വർണനാണയങ്ങൾ പങ്കിട്ട് തൊഴിലാളികൾ, ഒടുവിൽ?
Mail This Article
പഴയ വീട് െപാളിച്ചപ്പോൾ കിട്ടിയ‘നിധി’ പങ്കിട്ടെടുത്ത െതാഴിലാളികൾ പൊലീസിന്റെ പിടിയിലായി. മധ്യപ്രദേശിലെ ധാർ ജില്ലയിലെ പഴയ വീട് പൊളിക്കുന്നതിനിടയിലാണ് തൊഴിലാളികൾക്ക് അപ്രതീക്ഷിതമായി നിധി ലഭിച്ചത്. 60 ലക്ഷത്തോളം രൂപ വില വരുന്ന 86 സ്വർണനാണയങ്ങളാണ് ഇതിലുണ്ടായിരുന്നത്. എന്നാൽ ഇക്കാര്യം വീട്ടുകാരെയോ, അധികൃതരെയോ, പൊലീസിനെയോ അറിയിക്കാതെ എട്ടു തെഴിലാളികളും ചേർന്ന് പങ്കിട്ടെടുക്കുകയായിരുന്നു.
ശിവനാരായൺ റാത്തോഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം. 100 വർഷത്തോളം പഴക്കമുള്ള വീട് പുതിയ വീട് വയ്ക്കാനായി പൊളിച്ചുമാറ്റുമ്പോഴാണ് നിധി കണ്ടെത്തിയത്. അതുവരെ വീട്ടുകാർക്കും നിധിയെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് റാത്തോഡ് വിശദീകരിച്ചു. തൊഴിലാളികളിൽ ഒരാൾ കടം വീട്ടാനായി ഒരു സ്വർണനാണയം വിറ്റു. ഇതോടെയാണ് നിധിയെക്കുറിച്ചുള്ള വിവരങ്ങളുടെ ചുരുളഴിഞ്ഞത്. പൊലീസിന് രഹസ്യവിവരം ലഭിച്ചതോടെ തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരിൽ നിന്ന് പിന്നീട് സ്വർണനാണയങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. വിവരം അറിഞ്ഞതനുസരിച്ച് പുരാവസ്തു ഗവേഷകരും സംഭവസ്ഥലത്തെത്തി. ഏകദേശം 200 വർഷം പഴക്കമുള്ളവയാണ് ഈ സ്വർണനാണയങ്ങളെന്ന് അവർ വ്യക്തമാക്കി. സ്വർണനാണയങ്ങൾക്ക് ഒരു കിലോയോളം തൂക്കമുണ്ടെന്നും പഴക്കം കണക്കിലെടുത്താൽ ഏകദേശം ഒരുകോടി രൂപയോളം വില ലഭിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
English Summary: 8 workers found a buried gold treasure in Madhya Pradesh. They took it home