ADVERTISEMENT

ജലം ജീവന്‍റെ ഉറവിടമാണെന്ന് പൊതുവെ പറയാറുണ്ട്. ഇത് പലപ്പോഴും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുമുണ്ട്. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കാനഡയിലെ ഒന്‍റാറിയോയില്‍ കണ്ടെത്തിയ പുരാതന ജീവികള്‍. ഒന്‍റാറിയോയിലെ കിഡ് പാറയിടുക്കിലാണ് ഈ ജീവികളെ കണ്ടെത്തിയത്. ഈ പാറയിടുക്കില്‍ ഭൂനിരപ്പില്‍ നിന്ന് ഏതാണ്ട് 2.4 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂമിയില്‍ ഇന്ന് ജീവിച്ചിരിക്കുന്നവയില്‍ ഏറ്റവും പഴക്കം ചെന്ന ജീവിവര്‍ഗത്തെ കണ്ടെത്തിയത്.

ഹൈഡ്രജനാലും സള്‍ഫേറ്റിനാലും സമ്പന്നമായ ഭൂഗര്‍ഭജലത്തിലാണ് ഈ സൂക്ഷ്മജീവികള്‍ വസിക്കുന്നതായി കണ്ടെത്തിയത്. ഈ ഭൂഗര്‍ഭജലത്തിനും ഒരു പ്രത്യേകതയുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ജലമാണ് ഈ പാറയിടുക്കിനു താഴെ ഭൂമിക്കടിയില്‍ സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശശത്തെ ജലത്തിനും അതിലെ സൂക്ഷ്മജീവികള്‍ക്കും ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ പഴക്കം വരുമെന്നാണ് ഗവേഷകര്‍ കണക്കുകൂട്ടുന്നത്. കാംബ്രിയന്‍ യുഗത്തിനും മുന്‍പുള്ളവയാണ് ഈ പാറകള്‍. ഈ പാറകളേക്കാള്‍ പഴക്കമുള്ളതാണ് ഇവയ്ക്കടയിലെ ജലം. അതുകൊണ്ട് തന്നെ ഭൂനിരപ്പിലുള്ള ജലവുമായി ഈ ഭൂഗര്‍ഭജലത്തിന് ഒരുകാലത്തും ബന്ധമുണ്ടായിട്ടില്ല എന്നതാണ് ഗവേഷകരുടെ നിഗമനം.

കാനഡയിലെ തന്നെ ടൊറന്‍റോ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടെത്തിലിന് പിന്നില്‍. പാറയിടുക്കില്‍ കുഴിച്ച രണ്ട് കുഴല്‍ക്കിണറുകളിലൂടെ ആഴത്തിലെ ജലം ശേഖരിച്ചാണ് ഗവേഷകര്‍ ഈ പഠനം നടത്തിയത്. ഈ ജലത്തിനൊപ്പം ലഭിച്ച ധാതുക്കളില്‍ ഏക കോശ സൂക്ഷ്മജീവികളെ കണ്ടെത്തിയെന്നാണ് ഗവേഷകര്‍ പഠനത്തില്‍ പറയുന്നത്. ഭൂമിയുടെ പുറന്തോടിലുള്ള ജൈവവൈവസ്ഥയുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊരു ജൈവവ്യവസ്ഥ ഭൂമിക്കുള്ളില്‍ ഉണ്ടെന്ന ആശയങ്ങള്‍ക്ക് സാധുത നല്‍കുന്നതാണ് ഇപ്പോഴത്തെ ഈ കണ്ടെത്തല്‍.

ഭൗമാന്തര്‍ഭാഗത്തെ ജൈവവ്യവസ്ഥ

ഇപ്പോള്‍ സൂക്ഷ്മജീവികളെ കണ്ടെത്തിയ മേഖല എന്നത് ഇരുള്‍ മൂടിയതും വളരെയധികം ഉയര്‍ന്ന താപനിലയുള്ളതും ജീവികള്‍ക്ക് അതിജീവിക്കാന്‍ കുറച്ചു മാത്രം സ്രോതസ്സുകളുമുള്ള ഭൗമാന്തര്‍ഭാഗമാണ്. എന്നാല്‍ ഗവേഷകരുടെ കണക്കുകൂട്ടല്‍ അനുസരിച്ച് ഭൂമിയിലുള്ള ആകെ സൂക്ഷ്മജീവികളുടെ എണ്ണത്തിന്‍റെ 70 ശതമാനവും ഇത്തരം ഭൗമാന്തര്‍ഭാഗത്തെ ജൈവവ്യവസ്ഥയുടെ ഭാഗമായിട്ടാകും ജീവിക്കുന്നത്.

ഈ ജീവികളില്‍ ഏകകോശമുള്ളവയും ബഹുകോശ ജീവികളും ഉള്‍പ്പെടുന്നുവെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു. പാറകളില്‍ നിന്ന് ലഭിക്കുന്ന ഊര്‍ജ്ജമല്ലാതെ മറ്റൊന്നും ഇവയ്ക്ക് അതിജീവനത്തിനായുള്ള സ്രോതസ്സാകുന്നില്ല. ബാക്ടീരിയ, ആര്‍ക്കിയ, യുകേറിയ എന്നിങ്ങനെ പല ഗണത്തില്‍ പെടുന്നവയാണ് ഈ സൂക്ഷ്മജീവികള്‍.  ഈ ജീവികളും അവയിലുള്ള വൈവിധ്യവും വിശദമായ പഠനം ആവശ്യപ്പെടുന്നവയാണെന്ന് ഗവേഷകര്‍ പറയുന്നു. 

അന്യഗ്രഹത്തിലെ ജീവന്‍റെ സാന്നിധ്യം

ജീവന്‍റെ സാന്നിധ്യം ഏറെക്കുറെ അസാധ്യമെന്ന് കരുതിയ പ്രദേശത്താണ് ഇപ്പോള്‍ സൂക്ഷജീവികളുടെ പ്രത്യേക ജൈവവ്യവസ്ഥ തന്നെ ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇത്തരം ജീവികളെ കാനഡയിലെ പാറയിടുക്കിനടിയില്‍ മാത്രമല്ല സൗരയൂഥത്തിന്‍റെ ഏതെങ്കിലും കോണിലെ മറ്റൊരു ഗ്രഹത്തിലുമുണ്ടാകാം എന്നാണ് ഗവേഷകര്‍ കരുതുന്നത്. പ്രത്യേകിച്ചും ഈ ജീവികള്‍ അതിജീവിക്കുന്നത് വെള്ളത്തില്‍ നിന്ന് നേരിട്ട് സള്‍ഫര്‍ പോലുള്ള മൂലകം നേരിട്ട് ശരീരത്തിലേക്ക് സ്വീകരിച്ചാണ്. ഭൂമിക്ക് പുറത്തുള്ള ഇത്തരം ജീവികളുടെ സാന്നിധ്യത്തേക്കുളിച്ചുള്ള സാധ്യത മനസ്സിലാക്കണമെങ്കിലും ആദ്യം ഈ ജീവികളുടെയും അവയുടെ ജൈവ വ്യവസ്ഥയുടെയും കാലപ്പഴക്കം കൃത്യമായി നിര്‍ണയിക്കേണ്ടതുണ്ട്. ഇതിനായി ഈ സൂക്ഷ്മജീവികളെ കണ്ടെത്തിയ പ്രദേശം കാര്‍ബണ്‍ ഡേറ്റിങ്ങിന് വിധേയമാക്കാന്‍ ഒരുങ്ങുകയാണ് ഗവേഷക സംഘം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com