തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ മുത്തശ്ശിപ്ലാവിന് 543 വയസ്സ്; രണ്ടെണ്ണം 300 കടന്നു
Mail This Article
തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ മുത്തശ്ശിപ്ലാവിനു 543 വയസ്സ് എന്നു പഠനറിപ്പോർട്ട്. ചങ്ങനാശേരി എസ്ബി കോളജ് ബോട്ടണി വിഭാഗമാണു പരിശോധന നടത്തിയത്. ക്ഷേത്രത്തിൽ ഗോശാലയുടെ സമീപത്തുള്ള പ്ലാവിനു 416 വയസ്സും ഗോപുരത്തിനു തെക്ക് ഭാഗത്തുള്ള പ്ലാവിനു 396 വയസ്സും കണക്കാക്കുന്നു. പ്രഫ.സോണി സ്കറിയ, പ്രഫ.ബിജു ജോർജ്, പ്രഫ.ടോം ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണു പഠനം നടത്തിയത്. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ബി.രാധാകൃഷ്ണമേനോൻ, കോളജ് പ്രിൻസിപ്പൽ ഫാ.റെജി പി.കുര്യനോടു അഭ്യർഥിച്ചതനുസരിച്ചാണു കോളജിൽ നിന്നുള്ള സംഘം പഠനത്തിന് എത്തിയത്.
പഠനം ഇങ്ങനെ
തടിയുടെ ഭാഗം എടുത്തു സൂക്ഷ്മപരിശോധന നടത്തി. വാർഷിക വലയം പരിശോധിച്ചു ഒരു വർഷത്തെ വളർച്ച കണക്കാക്കി. സമാന കാലാവസ്ഥയിൽ മറ്റു സ്ഥലങ്ങളിലെ പ്ലാവുകളുടെ വളർച്ച സംബന്ധിച്ചുള്ള വിവരങ്ങൾ പഠനവിധേയമാക്കി.
മുത്തശ്ശിപ്ലാവ്
തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ദീപ ഉത്സവത്തിൽ മുത്തശ്ശിപ്ലാവിന്റെ ചുവട്ടിലാണു പടങ്ങ് കെട്ടി ശരകൂടം അടുക്കി ചിതയൊരുക്കി അഗ്നി പകരുന്നത്. സഹദേവന്റെ അഭിലാഷ പൂർത്തീകരണത്തിന് അഗ്നികുണ്ഡത്തിൽ വിഗ്രഹം പ്രത്യക്ഷപ്പെട്ട സ്ഥാനത്താണു മുത്തശ്ശിപ്ലാവ് ഉള്ളതെന്നാണു ഐതിഹ്യം. പ്ലാവിന്റെ തറയിൽ സഹദേവപീഠവും സ്ഥാപിച്ചിട്ടുണ്ട്. പരിസ്ഥിതി ദിനത്തിൽ മുത്തശ്ശിപ്ലാവിനു ചുവട്ടിൽ വൃക്ഷ പൂജ നടത്തുന്ന പതിവുമുണ്ട്.