നൂറ്റാണ്ടുകൾ പഴക്കമുള്ള അവശിഷ്ടങ്ങൾ പുറത്തു വരും; പെര്‍മാഫ്രോസ്റ്റിൽ സംഭവിക്കുന്നത്?
Mail This Article
പെര്‍മാഫ്രോസ്റ്റ് എന്നാല്‍ കനത്ത മഞ്ഞുറഞ്ഞ പ്രദേശമെന്നർഥം. എന്നാല്‍ ഈ പേരിനു വിപരീതമായി ഇപ്പോള്‍ അതീവ വേഗതയിലാണ് പെര്‍മാഫ്രോസ്റ്റിലെ മഞ്ഞുരുകുന്നത്. ആര്‍ട്ടിക്കിലെ പോലെ മഞ്ഞുപാളികള്‍ മാത്രമുള്ള പ്രദേശമല്ല പെര്‍മാഫ്രോസ്റ്റ്. ആര്‍ട്ടിക്കിന്‍റെ അതിര്‍ത്തിയിലായി ഉത്തരധ്രുവത്തോടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഈ മേഖലയില്‍ മഞ്ഞും മണ്ണും കൂടിക്കലര്‍ന്നാണ് കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ മേഖലയിലെ മഞ്ഞുരുകുന്നത് താപനില വർധിക്കുന്നതിനും മഞ്ഞിടിച്ചിലിനും കാരണമാകുന്നുണ്ട്. ഈ മഞ്ഞിടിച്ചില്‍ പോലുള്ള പ്രതിഭാസങ്ങളാണ് ഇപ്പോള്‍ ഉത്തരധ്രുവം കേന്ദ്രീകരിച്ചുള്ള ആഗോളതാപനത്തെ പറ്റിയുള്ള പഠനങ്ങള്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നതും.
എന്താണ് പെര്‍മാഫ്രോസ്റ്റ്
മഞ്ഞുപോലെ ഉറഞ്ഞു പോയ മണ്ണിന്‍റെ പാളിയാണ് പെര്‍ഫ്രോസ്റ്റില്‍ പൊതുവെ കാണാനാകുക. ഉപരിതലത്തില്‍ നിന്നു താഴെയായാണ് ഈ പാളി കാണപ്പെടുക. 1 മീറ്റർ മുതല്‍ 1000 മീറ്റര്‍ വരെ കനം ഈ പാളിക്കുണ്ടാകാറുണ്ട്. മണ്ണിനൊപ്പം പാറകളും ജൈവവസ്തുക്കളുമെല്ലാം ഈ പാളിയില്‍ കാണപ്പെടും.ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും തുടര്‍ച്ചയായി 0 ഡിഗ്രി സെല്‍ഷ്യസിനു താഴെ താപനില നിലനില്‍ക്കുമ്പോഴാണ് പെർമാഫ്രോസ്റ്റുകള്‍ രൂപപ്പെടുക. ആര്‍ട്ടിക്കിന്‍റെ അതിര്‍ത്തി മേഖലകളായ അലാസ്ക, സൈബീരിയ, ഗ്രീന്‍ലന്‍ഡ് എന്നിവിടങ്ങളിലാണ് പ്രധാനമായും പെര്‍മാഫ്രോസ്റ്റുകള്‍ കാണാനാകുക.
താപനില വർധനവിനെ തുടര്‍ന്ന് പെര്‍മാഫ്രോസ്റ്റില്‍ ഇടകലര്‍ന്നു കിടക്കുന്ന മഞ്ഞുരുകുന്നതാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ കാരണം. ഇങ്ങനെ മഞ്ഞുരുകി പ്രദേശം ദുര്‍ബലമാകുന്നതോടെ മണ്ണിനടിയില്‍ പെട്ടിട്ടുള്ള മരവിച്ചു കിടക്കുന്ന ചെടികളുടെയും ജീവികളുടെയും അവശിഷ്ടങ്ങൾ പുറത്തേക്കു വരും. ഇവയെല്ലാം മേഖലയിലെ കാര്‍ബണ്‍, മീഥൈന്‍ ബഹിര്‍ഗമനം വർധിക്കാന്‍ കാരണമാകും. 2300 ആകുമ്പോഴേക്കും ഏതാണ്ട് 20000 കോടി ടണ്‍ കാര്‍ബണ്‍ ഈ മേഖലയില്‍ നിന്ന് മഞ്ഞുരുകല്‍ മൂലം പുറന്തള്ളപ്പെടുമെന്നാണ് ഗവേഷകര്‍ കണക്കു കൂട്ടുന്നത്.
മഞ്ഞുരുക്കത്തിന്‍റെ വേഗത വർധിക്കുമ്പോള്‍
നിലവില്‍ 20 ശതമാനം പെര്‍മാഫ്രോസ്റ്റ് കനത്ത മഞ്ഞുരുക്കം ബാധിച്ച മേഖലയാണെന്നാണ് വിലയിരുത്തുന്നത്. ഇക്കാരണം കൊണ്ട് തന്നെയാണ് വ്യാപകമായ തോതിലുള്ള മഞ്ഞിടിച്ചിലും പുതിയ ജലാശയങ്ങളുടെ രൂപപ്പെടലുമെല്ലാം മേഖലയില്‍ കാണപ്പെടുന്നത്. ഈ മേഖലയുടെ ഭൂമിശാസ്ത്രം തന്നെ മാറ്റി മറിക്കാന്‍ പോന്നതാണ് ഇപ്പോഴുണ്ടാകുന്ന പ്രതിഭാസങ്ങളെന്നു ഗവേഷകര്‍ പറയുന്നു. ഇപ്പോള്‍ മഞ്ഞുരുക്കം മൂലം മാറ്റങ്ങള്‍ സംഭവിക്കുന്ന പ്രദേശങ്ങളെല്ലാം തന്നെ താരതമ്യേന കട്ടി കുറഞ്ഞ പെര്‍മാഫ്രോസ്റ്റ് പാളികളുള്ളവയാണ്. എന്നാല്‍ താപനില വർധിക്കുന്നതോടെ വൈകാതെ കട്ടികൂടിയ പാളികളുള്ള പെര്‍മാഫ്രോസ്റ്റുകളും ഉരുകി തുടങ്ങുമെന്ന് ഭൗമശാസ്ത്ര ഗവേഷകനായ ബഞ്ചമിന്‍ അബോട്ട് പറയുന്നു.
ഗവേഷണത്തെ പ്രതിസന്ധിയിലാക്കുന്ന പെര്‍മാഫ്രോസ്റ്റ്
അപ്രതീക്ഷിതമായ വേഗത്തിലാണ് പെര്‍മാഫ്രോസ്റ്റിൽ മഞ്ഞുരുകല്‍ വർധിക്കുന്നത്. അതുകൊണ്ട് തന്നെ പ്രദേശത്തുണ്ടാകുന്ന മാറ്റങ്ങള്‍ ഗവേഷകരെ പോലും അമ്പരിപ്പിക്കുന്നതാണ്. അലാസ്കയില്‍ ഒരു വര്‍ഷം മുന്‍പ് വരെ മരങ്ങള്‍ നിറഞ്ഞിരുന്ന പ്രദേശത്ത് ഇന്നുള്ളത് കൂറ്റന്‍ തടാകമാണ്. തെളിഞ്ഞൊഴുകിയിരുന്ന പെര്‍മാഫ്രോസ്റ്റ് മേഖലകളിലെ പുഴകള്‍ പലതും ഇന്നു കലങ്ങി മറിഞ്ഞാണൊഴുങ്ങുന്നത്. മണ്ണിനടിയില്‍ നിന്ന് മഞ്ഞുരുകിയെത്തുന്ന വെള്ളത്തിനൊപ്പം കലര്‍ന്നെത്തുന്ന ചെളിയാണ് ഈ നിറം മാറ്റത്തിനു കാരണം.
പക്ഷേ ഗവേഷകരെ പ്രതിസന്ധിയിലാക്കുന്ന ഈ മാറ്റങ്ങള്‍ കാരണം തകര്‍ന്നത് പരീക്ഷണ കേന്ദ്രങ്ങളും കോടിക്കണക്കിനു രൂപ വിലമതിക്കുന്ന സാങ്കേതിക ഉപകരണങ്ങളുമാണ്. ദീര്‍ഘകാലത്തെ പഠനത്തിനായി സ്ഥാപിച്ച ശേഷം ശൈത്യകാലത്ത് മടങ്ങിപ്പോന്ന ഗവേഷകര്‍ വസന്തകാലത്തു തിരിച്ചെത്തിയപ്പോഴേക്കും പരീക്ഷണ കേന്ദ്രങ്ങളും മറ്റും കാണാതായി കഴിഞ്ഞിരുന്നു. ഈ വര്‍ഷം വസന്തകാലത്തെ താപനില തന്നെ വേനല്‍ക്കാലത്തിനു സമാനമായിരുന്നു ആര്‍ട്ടിക്കിലും പെര്‍മാഫ്രോസ്റ്റിലും. താപനിലയിലുണ്ടായ ഈ വർധനവ് സാരമായ മാറ്റങ്ങളാണ് പെര്‍മാഫ്രോസ്റ്റിലെ പരിസ്ഥിതിക്കുമുണ്ടാക്കിയത്. ഒപ്പം ഗവേഷകരുടെ പരീക്ഷണ കേന്ദ്രങ്ങളും സാങ്കേതിക ഉപകരണങ്ങളും ഈ മാറ്റം തകര്‍ത്തെറിയുകയും ചെയ്തു.