ഓസ്ട്രേലിയന്‍ തീരത്ത് സംഭവിക്കുന്നത്? മുന്നറിയിപ്പുമായി ഗവേഷകർ!
Mail This Article
കാലാവസ്ഥാ വ്യതിയാനം ഒരു സത്യമാണെന്നു പറഞ്ഞാല്‍ അത് ശരിവയ്ക്കുന്നവരാണ് മിക്കവരും. പക്ഷേ ഇവരില്‍ പോലും ഭൂരിഭാഗവും കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്ന വേഗത്തെക്കുറിച്ചു ബോധ്യമുള്ളവരല്ല എന്നതാണ് സത്യം. കാലാവസ്ഥാ വ്യതിയാനം പതിയെ സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു മാറ്റമാണെന്നാണ് മിക്കവരുടെയും ധാരണ. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം ഘട്ടം ഘട്ടമായി പതിയെ സംഭവിക്കുന്ന ഒരു പ്രക്രിയയല്ലെന്നും പ്രത്യേകിച്ച് താളമോ പ്രകൃതി നിയമമോ ഇല്ലാതെ പൊടുന്നനെ സംഭവിക്കുന്ന ചില മാറ്റങ്ങളും അതിന്‍റെ പ്രത്യാഘാതങ്ങളാണെന്നതാണ് സത്യം.
ഓസ്ട്രേലിയന്‍ തീരത്ത് സംഭവിക്കുന്നത്
ലോകത്തെ തീരമേഖലകളില്‍ 45 ശതമാനവും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ആഘാതം ഇപ്പോള്‍ തന്നെ നേരിടുന്നവയാണ്. ഇവയില്‍ ഏറ്റവും രൂക്ഷമായ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്ന മേഖലകളില്‍ ഒന്നാണ് ഓസ്ട്രേലിയന്‍ തീരപ്രദേശം. പ്രവചനാതീതവും കഠിനവുമായ കാലാവസ്ഥാ പ്രതിഭാസങ്ങളാണ് തീരമേഖലയിലെ ജൈവവ്യവസ്ഥയ്ക്ക് തിരിച്ചടിയാകുന്നത്. വരള്‍ച്ചയും വെള്ളപ്പൊക്കവും ചൂട് കാറ്റും ചുഴലിക്കാറ്റും വരെ കാലം തെറ്റി എത്തുമ്പോള്‍ ഇതിനോടൊന്നും പൊരുത്തപ്പെടാനാകാതെ പോകുന്നതാണ് ജൈവവ്യവസ്ഥയ്ക്ക് തിരിച്ചടിയാകുന്നത്.
പവിഴപ്പുറ്റുകള്‍, കണ്ടലുകള്‍, കടല്‍പ്പുള്ളുകള്‍ തുടങ്ങിയവയാണ് തീരപ്രദേശത്തോടു ചേര്‍ന്നുള്ള സമുദ്രമേഖലയിലെ ജൈവവ്യവസ്ഥയുടെ ആണിക്കല്ല്. പ്രാണികളും മത്സ്യങ്ങളും തുടങ്ങി ആമകളും ഇഴജന്തുക്കളും കടല്‍ സസ്തനികളും വരെ ഈ ഘടകങ്ങളെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. അതേസമയം കാലാവസ്ഥാ വ്യതിയാനം ഏറ്റവുമധികം ആഘാതം ഏല്‍പ്പിച്ചിരിക്കുന്നതും കടലിലെ നിത്യഹരിത വനങ്ങളെന്നു വിളിക്കുന്ന പവിഴപ്പുറ്റുകളെയും കണ്ടല്‍ക്കാടുകളെയുമാണ്.
2011 നും 2017 നും ഇടയിലുണ്ടായ രൂക്ഷമായ കാലാവസ്ഥാ പ്രതിഭാസങ്ങള്‍ മേഖലയിലെ ജൈവ വ്യവസ്ഥയെ എങ്ങനെ ബാധിച്ചു എന്നാണ് ഒരു സംഘം ഗവേഷകര്‍ പഠനം നടത്തിയത്. ഈ കാലഘട്ടത്തിലുണ്ടായ മാറ്റങ്ങള്‍ ജൈവവ്യവസ്ഥയുടെ അടിത്തറ തന്നെ തകര്‍ത്തു കളഞ്ഞു എന്നാണ് ഇവര്‍ക്ക് പഠനത്തില്‍ നിന്നു വ്യക്തമായത്. ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ തിരികെ കിട്ടാനാകാത്ത വിധം ഈ ജൈവവ്യവസ്ഥകള്‍ നഷ്ടപ്പെട്ടു പോകുമെന്ന് ഈ ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. ഈ കാലഘട്ടത്തില്‍ പ്രദേശത്തുണ്ടായ എല്‍ നിനോയും ലാ നിനായും ഉള്‍പ്പടെയുള്ള പ്രതിഭാസങ്ങള്‍ മേഖലയിലെ ജൈവവ്യവസ്ഥയെ സാരമായി ബാധിച്ചുവെന്നാണ് ഗവേഷകരുടെ നിഗമനം.
2011ലെ ചൂട് കാറ്റ്
ഒരു ദശാബ്ദത്തിനിടെ ഓസ്ട്രേലിയയില്‍ ഉണ്ടായ ആദ്യത്തെ കടുത്ത കാലാവസ്ഥാ ആഘാതമായിരുന്നു 2011 ലെ ചൂട് കാറ്റ്. സാധാരണ താപനിലയില്‍ നിന്ന് 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന താപനിലയാണ് ഈ സമയത്ത് ഓസ്ട്രേലിയയുടെ പടിഞ്ഞാറന്‍ ഭാഗത്ത് അനുഭവപ്പെട്ടത്. ഇതോടെ ഏതാണ്ട് 1000 കിലോമീറ്റര്‍ നീളത്തില്‍ ഓസ്ട്രേലിയയുടെ പടിഞ്ഞാറന്‍ മേഖലയിലെ കെല്‍പ് വനത്തിന് സാരമായ കോട്ടം തട്ടി.
ഇതിന് പുറമേ ക്യൂന്‍സ്‌ലന്‍ഡിന്‍റെ കിഴക്കന്‍ മേഖലയില്‍ കടല്‍പ്പുല്ലുകളും ഈ താപനില വ്യത്യസത്തെ തുടര്‍ന്ന് വലിയ തോതില്‍ നശിച്ചു. കടല്‍പ്പുല്ലുകള്‍ നശിച്ചത് നിരവധി ആമകളും ഡങ്ഡോങ്ങുകളും ചത്തൊടുങ്ങുന്നതിന് കാരണമായി. രണ്ട് വര്‍ഷത്തിനു ശേഷം സമുദ്രതാപനിലയില്‍ സാരമായ മാറ്റങ്ങള്‍ രേഖപ്പെടുത്താന്‍ തുടങ്ങി. ഇതിന്‍റെ പ്രത്യാഘാതം കണ്ടത് പഴിവപ്പുറ്റുകള്‍ക്കിടയിലായിരുന്നു. വടക്ക് പടിഞ്ഞാറന്‍ ഓസ്ട്രേലിയന്‍ തീരത്തോടു ചേര്‍ന്ന് ഏതാണ്ട് 300 കിലോമീറ്റര്‍ നീളത്തിലുള്ള പവിഴപ്പുറ്റ് ശേഖരം ഏറെക്കുറെ പൂര്‍ണമായും നാശത്തിന്‍റെ വക്കിലെത്തി.
ഗ്രേറ്റ് ബാരിയര്‍ റീഫ്
സമുദ്ര താപനിലയിലെ വർധനവ് വൈകാതെ ഓസ്ട്രേലയന്‍ തീരത്ത് മറ്റൊരു കടുത്ത പ്രതിസന്ധി കൂടി സൃഷ്ടിച്ചു. ലോകത്തെ തന്നെ ആശങ്കപ്പെടുത്തിയ ഗ്രേറ്റ് ബാരിയര്‍ റീഫിന്‍റെ തകര്‍ച്ചയായിരുന്നു അത്. ഭൂമിയിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് ശേഖരമായ ഗ്രേറ്റ് ബാരിയര്‍റീഫിന്‍റെ മൂന്നിലൊന്നു ഭാഗമാണ് ഈ കാലയളവില്‍ താപനില വർധനവു മൂലം നശിച്ചു പോയത്. ഇന്ന് ഈ പിഴപ്പുറ്റുകളുടെ അസ്ഥിപഞ്ചരം മാത്രമാണ് ഈ പ്രദേശത്തു ശേഷിക്കുന്നത്.
ഗ്രേറ്റ് ബാരിയര്‍ റീഫ് മാത്രമല്ല ലോക പൈതൃക പദവിയുള്ള ഓസ്ട്രേലിയയുടെ മറ്റ് രണ്ട് തീരമേഖലകള്‍ കൂടി കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് നിലനില്‍പ്പിനായുള്ള അവസാന പോരാട്ടത്തിലാണ്, ഷാര്‍ക്ക് ബേ, നിംഗാലൂ കോസ്റ്റ് എന്നീ മേഖലകളാണത്.