ADVERTISEMENT

എടവനക്കാട് ഹൈസ്കൂളിനു കിഴക്ക് ഹരിശ്രീ വിഹാറിലെ വിഐപികൾ പൂച്ചകളാണ്. ഒന്നുംരണ്ടുമല്ല 25 പൂച്ചകളാണിവിടം ഭരിക്കുന്നത്. പൂച്ചകളെ അന്നമൂട്ടുന്നതിനപ്പുറം ഒരു സന്തോഷം വേറെയില്ലെന്നു പറയുന്ന ഹരിപ്രസാദാണിവരുടെ രക്ഷകർത്താവ്. ദശകങ്ങളായി ഈ വീട്ടിൽ പൂച്ചകൾക്കു മൃഷ്ടാന്ന ഭോജനമാണ്. രാവിലെയുള്ള പൂച്ച സദ്യ വീട്ടുകാരുടെ ദിനചര്യയുടെ ഭാഗവും. തനിക്ക് ഓർമ വച്ച കാലം മുതൽ വീട്ടിൽ പൂച്ചകളുണ്ടെന്നു ഹരിപ്രസാദ് പറയുന്നു. 

വെറും വളർത്തുമൃഗങ്ങളായല്ല, വീട്ടിലെ അംഗങ്ങൾ ആയിത്തന്നെ. അതുകൊണ്ടുതന്നെയാവാം കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായ ഗർഭിണി പൂച്ചയെ തൂക്കിക്കൊന്ന വാർത്തയോടു രൂക്ഷമായി പ്രതികരിച്ചവരുടെ മുൻനിരയിലും ഹരിപ്രസാദ് ഉണ്ടായിരുന്നു. ഇതിനകം ഈ വീടിന്റെ പടികടന്നെത്തിയ പൂച്ചകളുടെ എണ്ണമെടുത്താൽ 200 കവിയും.ഇപ്പോഴുള്ളതു പല പ്രായത്തിലായി 25 എണ്ണം. വീടിന്റെ വരാന്തയും കാർപോർച്ചും മട്ടുപ്പാവുമെല്ലാം പൂച്ചകളുടെ ഭരണത്തിലാണ്.

പൂച്ചകളുടെ മെനു

Family lives with 25 cats
പൂച്ചകൾക്കു ഭക്ഷണം വിളമ്പുന്ന ഹരിപ്രസാദ്

എന്തെങ്കിലുമല്ല ഏറ്റവും രുചികരമായതു തന്നെ വേണം പൂച്ചകൾക്കു കൊടുക്കാനെന്നു ഹരി പറയുന്നു. സഹകരണബാങ്ക് ജീവനക്കാരിയുമായ ഭാര്യ ആശയ്ക്കും ഇതേ അഭിപ്രായം. വീട്ടിലുള്ളവർക്ക് ഊണിനു മീൻകറി നിർബന്ധമല്ലെങ്കിലും പൂച്ചകൾക്കു വേണം. രാവിലെ വീട്ടുകാർക്കുള്ള ചോറിനും കറികൾക്കുമൊപ്പം വലിയൊരു പാത്രത്തിൽ മീൻ മഞ്ഞൾ ചേർത്തു വേവിക്കും. ചോറിൽ ഇതു കുഴച്ചാണു പൂച്ചകൾക്കു വിളമ്പുക. ഭക്ഷണം തയാറായി കഴിഞ്ഞാൽ വലിയ സ്റ്റീൽ പാത്രത്തിൽ ഹരി സ്പൂൺ കൊണ്ടു മുട്ടിവിളിക്കുന്നതോടെ പൂച്ചപ്പട വീടിന്റെ പിന്നാമ്പുറത്തുള്ള കോൺക്രീറ്റ് തറയിൽ അണിനിരക്കും. അച്ചടക്കത്തോടെ, പരസ്പരം കടിപിടി കൂടാതെയാണു തീറ്റ. ഹരി വീട്ടിലില്ലെങ്കിലും ഇതു മുടങ്ങില്ല.

ടൈംടേബിൾ

കുക്കുണു, കുട്ടൻ, ഉണ്ണി, കിച്ചു,ആഷു,ലില്ലി ഇങ്ങനെ ഓരോ പൂച്ചയ്ക്കും പേരുണ്ട്. ഭക്ഷണം കഴിഞ്ഞാൽ വിശ്രമം, വിശ്രമം കഴിഞ്ഞാൽ ഭക്ഷണം എന്നിങ്ങനെയാണ് ഇവിടുത്തെ പൂച്ചകളുടെ ടൈംടേബിൾ. എലിയെ പോയിട്ടു പല്ലിയെപ്പോലും പോലും പിടിക്കാൻ ഇവ മെനക്കെടാറില്ലെന്നു ഹരി. അതിനുള്ള വിശപ്പില്ലാത്തതു തന്നെ കാരണം. വളർത്തുപൂച്ചകളിലൊതുങ്ങുന്നില്ല വീട്ടുകാരുടെ പൂച്ചപ്രേമം. ഷോക്കേസിലെ ശിൽപങ്ങളും ചുവരിൽ തൂങ്ങുന്ന ചിത്രങ്ങളും കീചെയിനുകളും വരെ പൂച്ചമയം.

വരും സ്വന്തം ഡോക്ടർ

ഒരിക്കലും ഭക്ഷണം മുട്ടാത്ത ഇവിടുത്തെ പൂച്ചകളെ ചികിത്സിക്കാൻ ഇനി പുറത്തു നിന്നു ഡോക്ടറും വരേണ്ടതില്ല. അവരുടെ സ്വന്തം ഡോക്ടർ വീട്ടിൽ തന്നെ ഒരുങ്ങുന്നുണ്ട്. ഹരിയുടെ ഏകമകൾ ആത്മജാദേവി മുംബൈ വെറ്ററിനറി കോളജിലെ വിദ്യാർഥിനിയാണ്. അച്ഛനെപ്പോലെ തികഞ്ഞ പൂച്ചപ്രേമി. കോഴ്സ് കഴിഞ്ഞാൽ പൂച്ചകളുടെ സ്വഭാവ വിശേഷങ്ങളെക്കുറിച്ചു ഗവേഷണം നടത്താനാണ് ആത്മജയുടെ ആഗ്രഹം. വഴിയിലുപേക്ഷിക്കപ്പെട്ട് അനാഥരാകുന്ന പൂച്ചകൾക്കും ഹരിശ്രീവിഹാർ പലപ്പോഴും അഭയമാകാറുണ്ട്. ഇവിടെയെത്തി സുന്ദരി പൂച്ചക്കുട്ടികളെ വാങ്ങിക്കൊണ്ടു പോകുന്നവരും ഏറെ. നന്നായി പരിപാലിക്കുന്നവർക്കു മാത്രമേ ഹരി പൂച്ചകളെ നൽകുകയുള്ളുവെന്നു മാത്രം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com