മഞ്ഞിൽ അകപ്പെട്ട പൂച്ചക്കുട്ടികളുടെ രക്ഷകൻ; രക്ഷപെടുത്തിയത് ചൂട് കാപ്പിയൊഴിച്ച്; ദൃശ്യങ്ങൾ
Mail This Article
മഞ്ഞിലകപ്പെട്ട പൂച്ചകളെ രക്ഷപെടുത്തിയത് ചൂടു കാപ്പിയൊഴിച്ച്. കാനഡയിലെ ആൽബെർട്ടയിലാണ് സംഭവം നടന്നത്. കനത്ത മഞ്ഞുവീഴ്ചയാണ് കാനഡയിൽ. ഈ മഞ്ഞിൽ പൊതിഞ്ഞാണ് 3 പൂച്ചക്കുട്ടികളെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആൽബെർട്ട സ്വദേശിയായ കെൻഡാൽ ഡിവിസ്ക് ആണ് പൂച്ചക്കുട്ടികളെ കണ്ടെത്തിയത്. കണ്ടെത്തുമ്പോൾ വാലുകൾ മഞ്ഞിൽ ഉറച്ച നിലയിലായിരുന്നു പൂച്ചക്കുട്ടികൾ. തലേന്ന് രാത്രി മുതൽ മഞ്ഞിലകപ്പെട്ടതാകാം പൂച്ചക്കുഞ്ഞുങ്ങൾ. പൂച്ചക്കുട്ടികളുടെ കരച്ചിൽ കേട്ടാണ് കെൻഡാൽ ഇവിടേക്കെത്തിയത്.
പൂച്ചകളെ അവിടെ നിന്ന് രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് അവയുടെ വാലുകൾ മഞ്ഞിൽ ഉറച്ച നിലയിൽ കണ്ടെത്തിയത്. കെൻഡാലിന്റെ വാഹനത്തിലുണ്ടായിരുന്ന ചൂടുകാപ്പി മഞ്ഞിൽ ഒഴിച്ചാണ് പൂച്ചകളുടെ വാൽ മഞ്ഞിൽ നിന്നും പുറത്തെടുത്തത്. കെൻഡാൽ പൂച്ചക്കുട്ടികളെ രക്ഷപെടുത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.
രക്ഷപെടുത്തിയ പൂച്ചക്കുട്ടികളുമായി കെൻഡാൽ വീട്ടിലേക്ക് മടങ്ങി. ഇവയെ ദത്തെടുക്കാൻ താൽപര്യമുള്ളവർക്ക് നൽകുമെന്നും കെൻഡാൽ വ്യക്തമാക്കി. മനുഷ്യ മനസ്സുകളിലെ കാരുണ്യം വറ്റിയിട്ടില്ലെന്നാണ് കെൻഡാലിന്റെ പ്രവർത്തി തെളിയിക്കുന്നത്. പൂച്ചക്കുട്ടികളെ രക്ഷിച്ച കെൻഡാലിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സമൂഹമാധ്യമങ്ങൾ.
English Summary: Man Finds 3 Kittens Frozen To Ground, Uses Coffee To Rescue Them