ADVERTISEMENT

അപ്രതീക്ഷിതമായി പല അപകടങ്ങളും സംഭവിച്ചെന്നു വരാം. അത്തരത്തിൽ വീട്ടിലുള്ളവർ ചേർന്ന് സന്തോഷത്തോടെ ടിവി കണ്ടുകൊണ്ടിരിക്കുന്നതിനിടെ ഏറെ നടുക്കുന്ന ഒരു അനുഭവമാണ് കഴിഞ്ഞ ദിവസം മലേഷ്യയിലെ ഒരു കുടുംബത്തിനുണ്ടായത്. കുടുംബാംഗങ്ങളുടെ മുകളിലേക്ക് സീലിങ് തകർത്തു വന്നുവീണത് പത്തടി നീളമുള്ള ഒരു പെരുമ്പാമ്പാണ്. രാത്രി സമയത്ത് അപ്രതീക്ഷിതമായി മേൽക്കൂര പൊളിച്ചെത്തിയ അതിഥിയെ കണ്ടിട്ട് വീട്ടുകാർ ഭയന്നു. മലേഷ്യയിലെ സരാവാകിലെ മിരി എന്ന പ്രദേശത്താണ് സംഭവം.

 

വീട്ടുകാരുടെ പരിഭ്രാന്തികണ്ട് ശരിക്കും പയന്നുപോയത് പെരുമ്പാമ്പായിരുന്നു. ആളുകൾക്കിടയിൽപെട്ട പാമ്പ് ഒളിക്കാൻ ഇടം തേടി നേരെ അടുക്കളയിലേക്ക് നീങ്ങി. അവിടെ വച്ചിരുന്ന ഒരു പെട്ടിക്ക് പിന്നിലായി ഒളിത്താവളം കണ്ടെത്തുകയും ചെയ്തു. വീട്ടിൽ നിന്നും പാമ്പിനെ തുരത്താൻ മറ്റു മാർഗമില്ലാതെ വന്നതോടെ വീട്ടുടമസ്ഥ ഉടൻതന്നെ മിരിയിലെ ഡിസ്ട്രിക്റ്റ് ഓപ്പറേഷൻസ് കൺട്രോൾ സെന്ററുമായി ബന്ധപ്പെട്ടു. അസാധാരണ സമയത്താണ് സഹായം തേടി വിളിയെത്തിയതെങ്കിലും സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി പ്രതിരോധ സേനയിലെ ഉദ്യോഗസ്ഥർ അരമണിക്കൂറിനുള്ളിൽ തന്നെ ഇവരുടെ വീട്ടിലെത്തുകയായിരുന്നു.

 

നീളത്തിന്റെ കാര്യത്തിൽ പെരുമ്പാമ്പുകളിൽ  മുൻനിരക്കാരായ റെറ്റിക്യുലേറ്റഡ് പൈതൺ ഇനത്തിൽപ്പെട്ട പാമ്പാണ് സീലിങ് തകർത്ത് വീടിനുള്ളിലേക്ക് വീണത്. ഉദ്യോഗസ്ഥർ വീട്ടിലെത്തുമ്പോഴും അടുക്കളയിലെ പെട്ടിക്കടിയിൽ തന്നെ പതുങ്ങിയിരിക്കുകയായിരുന്നു പാമ്പ്. എന്നാൽ പതുങ്ങിയിരുന്ന പാമ്പിനെ പിടികൂടുകയെന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ഒടുവിൽ പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് അരമണിക്കൂറിലേറെ പരിശ്രമിച്ചാണ് അതിനെ പിടികൂടാനായത്.

 

പിടികൂടിയ ശേഷം അതിനെ തുറസായ വനമേഖലയിലേക്ക് തുറന്നു വിടുകയും ചെയ്തു. ഏത് പരിതസ്ഥിതിയോടും പെട്ടെന്ന് ഇണങ്ങിച്ചേരാൻ സാധിക്കുന്നവയാണ് റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പുകൾ. നദികളും തടാകങ്ങളുമടക്കം ജലാശയങ്ങളുള്ള മേഖലകളിലാണ് ഇവയെ കൂടുതലായി കാണാൻ സാധിക്കുക. ഇരതേടിയാവാം  പെരുമ്പാമ്പ് സീലിങ്ങിനു മുകളിൽ കയറിയതെന്നാണ് നിഗമനം. എന്നാൽ അതിന്റെ ഭാരം മൂലം സീലിങ് തകർന്ന് താഴെ വീഴുകയായിരുന്നു. 

 

പക്ഷികളും ചെറിയ സസ്തനികളുമാണ് റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പുകളുടെ പ്രധാന ഭക്ഷണം. എന്നാൽ ഒത്തുകിട്ടിയാൽ പന്നികൾ, മാനുകൾ തുടങ്ങിയ ജീവികളെയും ഇരയാക്കാൻ ഇവയ്ക്ക് കഴിവുണ്ട്. മറ്റു പെരുമ്പാമ്പുകളെ പോലെ തന്നെ വിഷമില്ലാത്ത ഇനമാണെങ്കിലും ഞൊടിയിടകൊണ്ട് ഇരയെ പിടിയിലാക്കി ശ്വാസം മുട്ടിച്ച് കൊല്ലാൻ ഇവയ്ക്ക് സാധിക്കും. റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പുകൾ മനുഷ്യനെ ആക്രമിക്കുന്ന സംഭവങ്ങൾ അപൂർവമാണ്. എങ്കിലും ഇവയുടെ പിടിയിലായി കഴിഞ്ഞാൽ നിമിഷങ്ങൾക്കുള്ളിൽ മരണം സംഭവിച്ചെന്നു വരാം. അതിനാൽ പെരുമ്പാമ്പുകളെ മുന്നിൽ കണ്ടാൽ സ്വയം കൈകാര്യം ചെയ്യാൻ ശ്രമിക്കരുതെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

 

English Summary: Giant 10ft Snake Crashes Through Ceiling As Family Watches TV

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com