ADVERTISEMENT

പൊതുജന സംഭാവനയിൽ 1,22,700 രൂപ മുടക്കി നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ചിത്രം ഈയിടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയായിരുന്നു. ഇതിനിടെ തവനൂർ എംഎൽഎ കെ.ടി. ജലീലിന്റെ എംഎൽഎ ഫണ്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപ മുടക്കി നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം എന്ന അവകാശവാദവുമായി ഒരു ചിത്രവും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രചരിക്കുന്ന ചിത്രം വസ്തുതാ പരിശോധനയ്ക്കായി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറായ 8129100164 ൽ ​ലഭിച്ചു. ഇതിന്റെ സത്യമറിയാം.

∙ അന്വേഷണം

പ്രചരിക്കുന്ന ചിത്രത്തിൽ ഇരുമ്പു കമ്പികൾ ഉപയോഗിച്ച് നിർമ്മിച്ച  താത്ക്കാലിക ഷെഡില്‍ ബസ് സ്റ്റോപ്പ് എന്ന ബോര്‍ഡ് കാണാം. അതിന് താഴെയായി കെ.ടി.ജലീല്‍ എംഎല്‍എയുടെ ഫണ്ടില്‍ നിന്ന് നിര്‍മിച്ചതാണെന്ന് എഴുതിയിട്ടുണ്ട്. കാത്തിരിപ്പ് കേന്ദ്രത്തിൽ ഒരാള്‍ നില്‍ക്കുന്നുണ്ട്.

jaleelbusstop

പ്രസക്തമായ കീവേഡുകൾ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ ചിത്രം ഫെയ്സ്ബുക്കിലടക്കം നിരവധി പേർ ഷെയർ ചെയ്തതായി കണ്ടെത്തി.

കൂടുതൽ തിരച്ചിലിൽ സമാനമായ ബസ് സ്‌റ്റോപ്പിന്റെ മറ്റൊരു ചിത്രവും ഞങ്ങൾക്ക് ലഭിച്ചു. ബസ് സ്റ്റോപ്പിലെ ഇരിപ്പിടത്തിൽ രണ്ട് പേര്‍ ഇരിക്കുന്നുണ്ട്. കാത്തിരിപ്പ് കേന്ദ്രത്തിലെ ബോർഡിൽ പാരിജാതന്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ട്, അടങ്കല്‍ തുക 3 ലക്ഷം എന്ന് എഴുതിയിട്ടുണ്ട്. ചിത്രം വ്യക്തമായി പരിശോധിച്ചപ്പോള്‍ മനോരമ മാക്സ് എന്ന വാട്ടർ മാർക്കും ചിത്രത്തിൽ കണ്ടെത്തി. സൂചനകളിൽ നിന്ന് തിരഞ്ഞപ്പോൾ മഴവില്‍ മനോരമ ചാനലില്‍ സമകാലിക വിഷയങ്ങള്‍ ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന പരമ്പര ‘മറിമായ’ത്തിനു വേണ്ടി നിർമ്മിച്ച താൽക്കാലിക കാത്തിരിപ്പ് കേന്ദ്രമാണിതെന്ന് വ്യക്തമായി.  ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിര്‍മാണത്തിലെ അപാകതകൾ ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന എപ്പിസോഡിന്റെ പൂര്‍ണ്ണരൂപം യുട്യൂബിലും ലഭ്യമാണ്.

busstop

കെ.ടി.ജലീൽ എംഎൽഎയുടെ ഫെയ്സ്ബുക് പേജ് പരിശോധിച്ചപ്പോൾ ചിത്രം വ്യാജമാണെന്ന് വ്യക്തമാക്കി എംഎൽഎയുടെ പോസ്റ്റ് ഞങ്ങൾക്ക് ലഭിച്ചു. 

ktjaleel

"മാന്യൻമാരു"ടെ കള്ളപ്രചരണങ്ങൾ!

മഴവിൽ മനോരമയുടെ "മറിമായം" 607-ാം എപ്പിസോഡ് ഷൂട്ട് ചെയ്യാൻ ഉണ്ടാക്കിയ 'ബസ് സ്റ്റോപ്പ്' ഞാൻ എം.എൽ.എ ഫണ്ടിൽ നിന്ന് നിർമ്മിച്ചതാണെന്നന്ന വ്യാജേന ഇന്നലെ മുതൽ സമൂഹ മാധ്യമങ്ങളിൽ കള്ളപ്രചരണം നടക്കുകയാണ്. 

എൻ്റെ നിയോജക മണ്ഡലത്തിലെവിടെയും അത്തരമൊരു ബസ് കാത്തിരിപ്പു കേന്ദ്രം MLA ഫണ്ടുപയോഗിച്ച് നിർമ്മിച്ചിട്ടില്ല. എന്നെ വ്യക്തിപരമായി താറടിക്കാൻ 2006 മുതൽ "ചിലർ'' ശ്രമിച്ചുകൊണ്ടിരിക്കുന്നത് എല്ലാവർക്കുമറിയാവുന്നതാണല്ലോ? ഹിസംഘികളും കൃസംഘികളും മുസംഘികളും ഒപ്പം ലീഗ്-കോൺഗ്രസ്  വഷളൻമാരും ചേർന്നാണ് ഈ നുണക്കഥ സത്യമാണെന്ന മട്ടിൽ വ്യാപകമായി പ്രചരിപ്പിക്കുന്നത്.

ഇ.ഡിയും കസ്റ്റംസും എൻ.ഐ.എയും സർവ്വസന്നാഹങ്ങളുമായി കയറിനിരങ്ങിയിട്ട് എൻ്റെ ഒരു രോമത്തിൽ തൊടാൻ സാധിച്ചിട്ടില്ലെന്ന കാര്യം ഫോട്ടോഷോപ്പ് ചെയ്ത് നിർമ്മിച്ച വ്യാജ ചിത്രം സ്വന്തം ഫേസ്ബുക്ക് പേജുകളിൽ പങ്കുവെക്കുന്നവർ ഓർക്കുന്നത് നന്നാകും. 

ഇടതുപക്ഷ സർക്കാരിനും സി.പി.ഐ (എം) നേതാക്കൾക്കുമെതിരെ സംഘടിതമായി നടക്കുന്ന കള്ളപ്രചരണങ്ങൾക്ക് കയ്യും കണക്കുമില്ല. എൻ്റെ കാര്യത്തിൽ സംഭവിച്ചതു പോലുള്ള പച്ചനുണകളാണ് അവയെല്ലാമെന്ന് തിരിച്ചറിയാനാവണം. ഇവരുടെയെല്ലാം ലക്ഷ്യം ഒന്നുമാത്രമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർത്ത് കേരളം സംഘികൾക്ക് തീറെഴുതിക്കൊടുക്കൽ. 

ഞാൻ വ്യക്തിഹത്യ ചെയ്യപ്പെടുന്നത് ഇടതുപക്ഷത്ത് നിൽക്കുന്നത് കൊണ്ടാണ്. സി.പി.ഐ (എം) സഹയാത്രികനായത് കൊണ്ടാണ്. അതിലെനിക്ക് ഒട്ടും ദു:ഖമില്ല. അഭിമാനമേയുള്ളൂ. വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് ഞങ്ങളെയെല്ലാം കർമ്മമണ്ഡലത്തിൽ തളർത്തി നിശബ്ദരാക്കാമെന്നാണ് ലീഗും കോൺഗ്രസ്സും ബി.ജെ.പിയും ജമാഅത്തെ ഇസ്ലാമിയും കരുതുന്നതെങ്കിൽ ആ വെള്ളം അങ്ങ് ഇറക്കിവെക്കുന്നതാണ് നല്ലത്. ഇതിൽ നിന്ന് ചിത്രം വ്യാജമാണെന്ന് വ്യക്തമായി. 

∙ വസ്തുത

മഴവിൽ മനോരമയുടെ മറിമായം 607-ാം എപ്പിസോഡ് ഷൂട്ട് ചെയ്യാൻ തയ്യാറാക്കിയ ബസ് സ്റ്റോപ്പാണ് കെ.ടി.ജലീല്‍ എംഎല്‍എയുടെ ഫണ്ടിൽ നിന്ന് നിർമ്മിച്ചതാണെന്നന്ന അവകാശവാദത്തോടെ പ്രചരിക്കുന്നത്. താത്ക്കാലിക ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബാനര്‍ എഡിറ്റ് ചെയ്ത് കെ.ടി ജലീല്‍ എംഎല്‍എയുടെ പേര് ചേര്‍ത്ത് പ്രചരിപ്പിക്കുന്നതാണെന്ന് വ്യക്തമായി. പ്രചാരണം വ്യാജമാണ് .

English Summary:This is not a bus waiting center built from the funds of KT Jaleel MLA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com