ഇത് വോട്ടു ചോദിക്കാനെത്തിയ എ.എം.ആരിഫിനെതിരെ ജനങ്ങള്‍ പ്രതിഷേധിക്കുന്നതല്ല ; സത്യമിതാണ് | Fact Check
Mail This Article
പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച പ്രോജക്ട് ശക്തിയുടെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്
വോട്ടു ചോദിക്കാനെത്തിയ ആലപ്പുഴ എംപി എ.എം.ആരിഫിനെതിരെ ജനങ്ങള്‍ പ്രതിഷേധിക്കുന്നു എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം
അന്വേഷണം
5 വര്‍ഷമായി മണ്ഡലത്തില്‍ തിരിഞ്ഞു നോക്കാതെ വോട്ട് ചോദിച്ചു ആലപ്പുഴ എത്തിയ ആരിഫ് എം പി യെ പൊതുജനം ചെരുപ്പും ചൂലും എടുത്ത് തല്ലി ഓടിച്ചു."എന്നുള്ള ഫേയ്സ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ കാണാം.
എ.എം.ആരിഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരെ പ്രതിഷേധം നടന്നിരുന്നോ എന്ന വിവരമാണ് ഞങ്ങള്‍ ആദ്യം പരിശോധിച്ചത്. എന്നാല്‍ ഇതുസംബന്ധിച്ച വാര്‍ത്തകളൊന്നും ലഭ്യമായില്ല. തുടര്‍ന്ന് ഞങ്ങള്‍ വൈറല്‍ വീഡിയോയുടെ കീഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ ഇതേ വിഡിയോയുടെ അല്‍പം കൂടി ദൈര്‍ഘ്യമേറിയ പതിപ്പ് ഫെയ്സ്ബുക്കില്‍ ചിലര്‍ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി.
എന്‍കെപി ബ്രിഗേഡ് എന്ന പേജില്‍ ഏപ്രില്‍ ഒന്നിന് പങ്കുവച്ച വീഡിയോയുടെ തലക്കെട്ടില്‍ പറയുന്നത് എം.നൗഷാദ് എംഎല്‍എയ്‌ക്കെതിരെ കൊല്ലത്ത് നടന്ന പ്രതിഷേധം എന്നാണ്. 59 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ തുടക്കത്തില്‍ എം നൗഷാദ് എംഎല്‍എയുടെ പേര് പറയുന്നുണ്ട്. വീഡിയോ അവ്യക്തമാണെങ്കിലും 36-ാം സെക്കന്റില്‍ എം.നൗഷാദ് എംഎല്‍എയെ കാണാനാകുന്നുണ്ട്. പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് താഴെ കാണാം.
ഈ സൂചന ഉപയോഗിച്ച് കീ വേര്‍ഡ് സെര്‍ച്ച് നടത്തിയപ്പോള്‍ റിപ്പോര്‍ട്ടര്‍ ടിവി ഏപ്രില്‍ ഒന്നിന് പ്രസിദ്ധീകരിച്ച സംവാദ പരിപാടിയുടെ വിഡിയോ ലഭ്യമായി. "നൗഷാദ് എംഎല്‍എ ഇപ്പോള്‍ ഞങ്ങളുടെ കൂടെ വരണം, മറുപടി തരണം" എന്ന തലക്കെട്ടില്‍ നല്‍കിയിട്ടുള്ള വീഡിയോ ലോക്‌സഭാ ഇലക്ഷനോടനുബന്ധിച്ച് റിപ്പോര്‍ട്ടര്‍ ടിവി സംഘടിപ്പിപ്പിച്ചു വരുന്ന കുരുക്ഷേത്രം എന്ന പ്രത്യേക സംവാദപരിപാടിയില്‍ നിന്നുള്ളതാണ്.
ഒരു സ്ത്രീയുടെ വാക്കുകളോടെയാണ് വിഡിയോ ആരംഭിക്കുന്നത്. "ഞാന്‍ കൊല്ലം മുണ്ടയ്ക്കലില്‍ നിന്ന് വരികയാണ്. നൗഷാദ് എംഎല്‍എ ഇവിടെ ഉണ്ടെന്ന് അറിഞ്ഞ് വന്നതാണ്. രണ്ടുമൂന്ന് ദിവസം കൊണ്ട് ഞങ്ങളുടെ തീരം കടലെടുത്ത് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ്. ഇന്ന് രാവിലെ ഞങ്ങള്‍ അവിടെ ഉപരോധം നടത്തി. അതായത്, കൊല്ലം ബീച്ചിലോട്ട് വണ്ടി പോലും കടക്കാത്ത രീതിയിലാണ് ഉപരോധിച്ചത്. ഞങ്ങളുടെ എംഎല്‍എയാണ് നൗഷാദ്, അവിടെ പ്രേമചന്ദ്രന്‍ വന്നു, ബിജെപിയുടെ സ്ഥാനാര്‍ഥി വന്നു. എന്നാല്‍ മുകേഷ് വന്നില്ല, ഞങ്ങളുടെ ഇരവിപുരം എംഎല്‍എ നൗഷാദ് അവിടെ വന്നില്ല. ഇവര്‍ എന്തുകൊണ്ട് അവിടേക്ക് തിരിഞ്ഞു നോക്കിയില്ല. കുട്ടികളുമായി താമസിക്കുന്നവരാണ് ഞങ്ങള്‍. ഇപ്പോള്‍ ഞങ്ങളുടെ കൂടെ എംഎല്‍എ വരണം, അവിടെ വന്ന് എന്തെങ്കിലും നടപടി എടുത്തേ പറ്റു..." എന്നാണ് വീഡിയോയില്‍ കാണുന്ന വനിത സംസാരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ടിവി പങ്കുവച്ച വീഡിയോയുടെ പൂര്‍ണ്ണരൂപം താഴെ കാണാം
സംവാദ പരിപാടിയുടെ ദൈര്‍ഘ്യമേറിയ പതിപ്പില്‍ തീരദേശവാസികളുടെ ചോദ്യത്തിന് എം.നൗഷാദ് എംഎല്‍എ മറുപടി പറയുന്നുണ്ട്. പുലിമുട്ട് നിര്‍മാണം വേഗത്തിലാക്കാനുള്ള നടപടി, പുനര്‍ഗേഹം പദ്ധതി വഴി പണം ലഭ്യമാക്കുന്നതിനുള്ള നടപടി എന്നിങ്ങനെ കടല്‍ക്ഷോഭത്തിനെതിരെയുള്ള പരിഹാരമാര്‍ഗങ്ങള്‍ എത്രയും വേഗത്തില്‍ ചെയ്യുമെന്ന് അറിയിച്ച എംഎല്‍എ കടല്‍ക്ഷോഭമുണ്ടായ സ്ഥലം സന്ദര്‍ശിക്കുമെന്നും പറയുന്നുണ്ട്. വീഡിയോയുടെ പ്രസക്തഭാഗം താഴെ കാണാം.
റിപ്പോര്‍ട്ടറിന്റെ പരിപാടിയില്‍ സംസാരിച്ച അതേ വനിതയും അവരോടൊപ്പമുള്ള മറ്റുള്ളവരും തന്നെയാണ് വൈറല്‍ വീഡിയോയിലുമുള്ളതെന്ന് വ്യക്തമാണ്. ഇവയുടെ താരതമ്യം താഴെ കാണാം.
ലഭ്യമായ വിവരങ്ങളില്‍ നിന്ന് എ.എം. ആരിഫ് എംപിയെ ആലപ്പുഴയില്‍ തടയുന്ന ദൃശ്യം എന്ന രീതിയില്‍ പ്രചാരത്തിലുള്ളത് റിപ്പോര്‍ട്ടര്‍ ടിവി കൊല്ലത്ത് നടത്തിയ പരിപാടിയില്‍ ഇരവിപുരം എംഎല്‍എ എം.നൗഷാദിനെതിരെ തീരദേശവാസികള്‍ പ്രതിഷേധിക്കുന്ന വിഡിയോ ആണെന്ന് വ്യക്തം.
വസ്തുത
വൈറല്‍ വിഡിയോ കൊല്ലത്ത് റിപ്പോര്‍ട്ടര്‍ ടിവി നടത്തിയ സംവാദ പരിപാടയില്‍ നിന്നുള്ളതാണ്. സംവാദത്തില്‍ പങ്കെടുക്കാനെത്തിയ എം.നൗഷാദ് എംഎല്‍എ കടല്‍ക്ഷോഭമുണ്ടായ പ്രദേശം സന്ദര്‍ശിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്ന വിഡിയോ ആണിത്.
English Summary : The viral video is from a talk show hosted by Reporter TV in Kollam