ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാടുഡേ  പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്

രാജ്യത്ത് തിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഇതിനൊപ്പം വോട്ടെടുപ്പ് സംബന്ധിച്ച പരാതികളും വ്യാപകമായി സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്. ഇതിനിടെ ഒരു യുവാവ് 8 തവണ ബിജെപിക്ക് വോട്ട് ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഈ വിഡിയോ വോട്ടിങ്ങിനിടെയല്ല, മോക് പോളിനിടെ ഷൂട്ട് ചെയ്തതാണ് എന്ന രീതിയിലുള്ള പ്രചാരണവും സമൂഹമാധ്യങ്ങളിൽ ശക്തമാണ്."mockpoll സമയത്തെ വിഡിയോ കേരളത്തിലെ മാധ്യമ മലരുകൾ റിപ്പോർട്ട് ചെയ്യുന്നത് #Fakenews" എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂർണ രൂപം കാണാം.എന്നാൽ, പ്രചാരത്തിലുള്ള വിഡിയോ മോക് പോളിനിടെ ചിത്രീകരിച്ചതല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. നാലാം ഘട്ട വോട്ടിങ്ങിനിടെ ഉത്തർപ്രദേശിലെ ഫാറുക്കാബാദ് മണ്ഡലത്തിൽ രാജൻ സിങ് എന്ന യുവാവ് കള്ളവോട്ട് ചെയ്യുന്നതിന്റെ വിഡിയോയാണിത്.ഫെയ്‌സ്ബുക് പോസ്റ്റിന്റെ ആർക്കൈവ് ചെയ്ത ലിങ്ക് 

vote4

∙ അന്വേഷണം

വൈറൽ പോസ്റ്റുകൾക്കൊപ്പം നൽകിയ വിഡിയോയിലെ വാർത്തയിൽ  തന്നെ രാജൻ സിങ് എന്ന യുവാവ് 8 തവണ ബിജെപിക്ക് വോട്ട് ചെയ്തുവെന്ന് വ്യക്തമാക്കുന്നുണ്ട്. ഈ വിഡിയോ മോക് പോളിനിടെ ഷൂട്ട് ചെയ്തതാണോ എന്നറിയാനായി ഞങ്ങൾ കീവേഡ് സെർച്ച് ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടിങ്ങിന്റെ ഭാഗമായി പോളിങ് നടന്ന ഉത്തർപ്രദേശിലെ ഫാറുക്കാബാദ് മണ്ഡലത്തിൽ നിന്നുള്ള ദൃശ്യങ്ങളാണിതെന്ന് ഞങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിഡിയോയിൽ കാണുന്ന രാജൻ സിങ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ട് കാണാം .

രാജൻ സിങ് പലതവണ വോട്ട് ചെയ്യുന്നതിന്റെ വിഡിയോ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഉൾപ്പെടെയുള്ളവർ സമൂഹമാധ്യമങ്ങളിൽ  ഷെയർ ചെയ്തതോടെ ഇത് വൈറലാവുകയും തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കുകയും ചെയ്തു.

ഉത്തർപ്രദേശിലെ ഏറ്റാ ജില്ലയിലെ ഖിരിയ പമാരൻ എന്ന ഗ്രാമത്തിലാണ് യുവാവ് 8 തവണ വോട്ട് ചെയ്തത്. അലിഗഞ്ച് നിയമസഭാ മണ്ഡലത്തിൽ വരുന്ന ഈ പ്രദേശം ഫാറൂക്കാബാദ് ലോക്സഭാ മണ്ഡലമാണ്. ഇവിടെ സിറ്റിങ് എം.പിയായ മുകേഷ് രാജ്പുത്ത് ആണ് ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നത്. ഇദ്ദേഹത്തിനാണ് രാജൻ സിങ് 8 തവണ വോട്ട് ചെയ്തത്. രാജൻ സിങ്ങിന്റെ പിതാവ് അനിൽ സിങ് ഠാക്കൂർ, ഖിരിയ പമാരൻ ഗ്രാമത്തിലെ ഗ്രാമ പ്രധാനും ബിജെപി പ്രവർത്തകനുമാണെന്ന് 'സ്ക്രോൾ' റിപ്പോർട്ട് ചെയ്തു. ഈ വാർത്ത  വായിക്കാം .

രാജൻ സിങ്ങിന് 17 വയസ് മാത്രമാണ് പ്രായമെന്നും ഇയാൾക്കെതിരെ ജനപ്രാതിനിധ്യ നിയമം, ഐപിസി, ഐടി ആക്റ്റ് എന്നിവ പ്രകാരം കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മിറർനൗ പങ്കിട്ട വിഡിയോ റിപ്പോർട്ടിൽ പറയുന്നു. പോളിങ് ബൂത്തിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഉത്തർപ്രദേശിലെ ചീഫ് ഇലക്‌ഷൻ ഓഫിസർ നവ്ദീപ് റിൻവ വ്യക്തമാക്കിയിട്ടുണ്ട്. ഈ ബൂത്തിൽ റീപോളിങ് നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം.  വിഡിയോ റിപ്പോർട്ട് കാണാം.

രാജൻ സിങ് കള്ളവോട്ട് ചെയ്ത ഫാറൂക്കാബാദ് ലോക്സഭാ മണ്ഡലത്തിലെ ബൂത്ത് നമ്പർ 343ലാണ് റീപോളിങ് നടത്തുന്നത്. ഖിരിയ പാമാരൻ പ്രൈമറി സ്ക്കൂളിലാണ് ഈ ബൂത്ത്. മേയ് 25ന് രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയായിരിക്കും റീ പോളിങ് നടക്കുക. ഇത് സംബന്ധിച്ച വാർത്ത ഇവിടെ വായിക്കാം.

ലഭ്യമായ വിവരങ്ങളിൽ നിന്നും ഉത്തർപ്രദേശിലെ മോക് പോളിന്റെ വിഡിയോയാണ് കള്ളവോട്ടെന്ന രീതിയിൽ വാർത്തയിൽ കാണിക്കുന്നതെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി. 

∙ വസ്തുത

വൈറൽ വിഡിയോ മോക് പോളിന്റേതല്ല. മേയ് 13ന് ഉത്തർപ്രദേശിലെ ഫാറൂഖാബാദിൽ രാജൻ സിങ് എന്ന യുവാവ് 8 തവണ വോട്ട് ചെയ്തതിന്റെ വിഡിയോയാണിത്.

English Summary :The viral video of a young man voting 8 times in Farrukhabad,Uttar Pradesh is not Fake 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com