ADVERTISEMENT

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരു സ്ത്രീക്കും മൂന്ന് കുട്ടികൾക്കുമൊപ്പം നിൽക്കുന്ന ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിത്രത്തിലുള്ളത് രാഹുൽ ഗാന്ധിയുടെ ഭാര്യയും  മക്കളാണെന്ന അവകാശവാദത്തോടെയാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. എന്നാൽ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

∙ അന്വേഷണം

ബ്രിട്ടീഷ് പൗരനും കുടുംബമുണ്ട്! കുടുംബ ബന്ധങ്ങളെ ഭാരതീയർ ! ബഹുമാനിയ്ക്കുന്നവരാണ് പിന്നെന്തിനീ ഒളി ജീവിതം എന്ന കുറിപ്പിനൊപ്പമാണ് ചിത്രമടങ്ങിയ പോസ്റ്റുകൾ പ്രചരിക്കുന്നത്.

വൈറൽ ചിത്രം ഗൂഗിൾ റിവേഴ്സ് ഇമേജിൽ പരിശോധിച്ചപ്പോൾ യൂട്യൂബിൽ ഫസ്റ്റ് ഖബർ എന്ന ചാനലിൽ പ്രസിദ്ധീകരിച്ച ഒരു വിഡിയോ ലഭിച്ചു.

മഹിളാ കോൺഗ്രസ് ബാരൻ ജില്ലാ പ്രസിഡന്റ് പ്രിയങ്ക നന്ദ്‌വാനയുടെ മക്കൾക്കൊപ്പം രാഹുൽഗാന്ധി എന്ന തലക്കെട്ടോടെയാണ് വിഡിയോ.കൂട്ടത്തിൽ മൂത്ത കുട്ടിയായ കാമാക്ഷി നന്ദ്‍‌വാനയുടെ ജന്മദിനമാണെന്നറിഞ്ഞ്  കുട്ടിക്കൊപ്പം രാഹുല്‍ ഗാന്ധി ഹെലികോപ്റ്റർ യാത്ര നടത്തുകയും ചെയ്തു എന്നും വിഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.

Congress leader Rahul Gandhi keeps his promise, takes the student on Helicopter ride എന്ന തലക്കെട്ടോടെ മറ്റൊരു വിഡിയോ റിപ്പോർട്ടും ഞങ്ങൾക്ക് ലഭിച്ചു. രാജസ്ഥാൻ തക്ക് എന്ന മാധ്യമത്തിന്റെ വിശ്വൽ സ്റ്റോറിയിലും ഇതേ ചിത്രങ്ങൾ വിവരണങ്ങൾക്കൊപ്പം നൽകിയിട്ടുണ്ട്. രാഹുൽ ഗാന്ധി അമ്മ സോണിയയുടെ ജന്മദിനം ആഘോഷിക്കാൻ സവായ് മാധവ്പൂരിലേക്ക് പോകുമ്പോഴാണ് കാമാക്ഷി നന്ദ്വാന അവരുടെ 14-ാം ജന്മദിനം ആഘോഷിക്കുന്നെന്ന വിവരം മനസിലാക്കി കുട്ടിയുടെ ആഗ്രഹ പ്രകാരം കുട്ടിയെ ഹെലിക്കോപ്റ്ററിൽ ഒപ്പം യാത്ര ചെയ്യിക്കുകയായിരുന്നു.

ലഭ്യമായ വിവരങ്ങളിൽ നിന്ന് രാജസ്ഥാനിലെ ബാരൻ ജില്ലയിലെ മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റിന്റെ കുടുംബാംഗങ്ങൾക്കൊപ്പമുള്ള രാഹുൽ ഗാന്ധിയുടെ ചിത്രമാണ് തെറ്റായ അവകാശവാദത്തോടെ പ്രചരിക്കുന്നതെന്ന് വ്യക്തമായി. 

∙ വസ്തുത

രാജസ്ഥാനിലെ ബാരൻ ജില്ലയിലെ മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റിന്റെ കുടുംബാംഗങ്ങൾക്കൊപ്പമുള്ള രാഹുൽ ഗാന്ധിയുടെ ചിത്രമാണ് രാഹുലിന്റെ ഭാര്യയും മക്കളുമെന്ന തരത്തിൽ പ്രചരിക്കുന്നത്. അവകാശവാദം തെറ്റാണ്.

English Summary:This is not Rahul Gandhi's wife and children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com