നടൻ വിജയ്‌ക്കൊപ്പം മരം നട്ട് ധോണി? ചിത്രത്തിന്‍റെ സത്യമറിയാം | Fact Check
Mail This Article
വ്യാജ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ അരങ്ങുവാഴുകയാണ്. ലൈക്കുകൾക്കും ഷെയറുകൾക്കുമായി യാഥാർത്ഥ്യത്തെ വെല്ലുന്ന വ്യാജ ചിത്രങ്ങളും വിഡിയോകളുമാണ് ദിനംപ്രതി പ്രചരിക്കുന്നത്. തമിഴ് നടൻ വിജയ് രാഷ്ട്രീയത്തിൽ അരങ്ങേറുമെന്ന് അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ, നടനൊപ്പം ഇന്ത്യയുടെ ‘ക്യാപ്റ്റൻ കൂൾ’ മഹേന്ദ്ര സിങ് ധോണി വീട്ടുമുറ്റത്ത് മരത്തൈ നടുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഇങ്ങനെയൊന്ന് നടന്നിട്ടുണ്ടോ? ചിത്രത്തിന്റെ യാഥാർത്ഥ്യം അറിയാൻ മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് വിഭാഗം നടത്തിയ പരിശോധന
അന്വേഷണം
ചിത്രത്തിന്റെ സ്ക്രീൻഷോട്ടുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സെർച്ച് പരിശോധന നടത്തിയപ്പോൾ ട്വിറ്ററിലെ വിവിധ പേജുകളിലാണ് ചിത്രം വ്യാപകമായി പ്രചരിക്കുന്നതെന്ന് കണ്ടെത്തി.കൂടുതൽ വ്യക്തതക്കായി കീ വേർഡുകൾ ഉപയോഗിച്ച് തിരഞ്ഞപ്പോൾ ഗ്രീൻ ഇന്ത്യ ചാലഞ്ച് ഏറ്റെടുത്ത് നടൻ മഹേഷ് ബാബുവിന് മറുപടിയായി വിജയ് മരം നടുന്നതിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ കണ്ടെത്തി. 2020 ഓഗസ്റ്റ് 11 നാണ് ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിൽ വിജയ് മാത്രമാണുള്ളത്. എഡിറ്റ് ചെയ്ത ധോണിയുടെ ചിത്രമാണ് പ്രചരിക്കുന്ന ചിത്രത്തിലുള്ളതെന്നും വ്യക്തമായി.
ധോണിയുടെ ചിത്രം സംബന്ധിച്ച് കീവേർഡുകൾ ഉപയോഗിച്ച് തിരഞ്ഞപ്പോൾ എം എസ് ധോണി ഫാൻസ് ഒഫിഷ്യൽ എന്ന ഫെയ്‌സ്ബുക് പേജിൽ ശ്രീലങ്കയിൽ സന്ദർശനം നടത്തവേ ധോണി അവിടെ മരം നടുന്നതിന്റെ ചിത്രം ലഭിച്ചു.
ഈ ചിത്രം ഉൾപ്പെടുന്ന വിഡിയോയും യൂട്യൂബിൽ ലഭ്യമായി. ഈ ചിത്രമാണ് വിജയ്ക്കൊപ്പം ധോണി ചെടി നടുന്നതിൽ പങ്കാളിയാകുന്നതിന്റെ ചിത്രമായി എഡിറ്റ് ചെയ്ത് ചേർത്തിട്ടുള്ളതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
വസ്തുത
വിജയ്ക്കൊപ്പം ധോണി മരം നടുന്ന ചിത്രം വ്യാജമാണ്. കൃത്രിമമായി എഡിറ്റ് ചെയ്ത ഈ ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണ്.
English Summary: Factcheck on Vijay-Dhoni tree planting viral image