ADVERTISEMENT

 ബസിൽ ബുർഖ ധരിച്ച ഒരു കൂട്ടം വിദ്യാർത്ഥികളും പ്രായമായ ഒരു സ്ത്രീയും തമ്മിലുള്ള തർക്കത്തെ, കേരളത്തിലെ ബസുകളിൽ ഹിന്ദു സ്ത്രീകൾ ബുർഖ ധരിക്കാതെ യാത്ര ചെയ്യുന്നത് മുസ്‍ലിം സ്ത്രീകൾ തടയുന്നുവെന്ന അവകാശവാദത്തോടെ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ഒരു വിഡിയോ പ്രചരിക്കുകയും വ്യാപകമായ വിവാദങ്ങൾക്കും വഴിതെളിക്കുകയും ചെയ്തിരുന്നു. വിഡിയോയുടെ വാസ്തവമറിയാം

അന്വേഷണം

മുസ്ലീം സ്ത്രീകൾ ഹിന്ദു സ്ത്രീകളെ ബുർഖ ധരിക്കാൻ സമ്മർദ്ദം ചെലുത്തുന്നു എന്ന കുറിപ്പോടെയാണ് പോസ്റ്റ് പ്രചരിച്ചത്. വിഡിയോ കാണാം.

വിവിധ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ  സമാനമായ അവകാശവാദങ്ങളോടെ നിരവധി ഉപയോക്താക്കൾ വിഡിയോ പങ്കിട്ടതായി ഞങ്ങൾ കണ്ടെത്തി.

കീവേഡുകളുടെ തിരയലിൽ ലഭിച്ച റിപ്പോർട്ടുകളിലൊന്നിലുള്ള വിഡിയോയിൽ നിന്ന് സംഭവം നടന്ന ബസ് കാത്തിരുപ്പ് കേന്ദ്രത്തിന്റെ ചിത്രം ഞങ്ങൾ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ഖാൻസാ കോളേജ് മൈലക്കല്ല് എന്ന ബോർഡ് കാത്തിരിപ്പ് കേന്ദ്രത്തിൽ കണ്ടെത്തി.

buswomen

ഈ സൂചനയിൽ നിന്ന് നടത്തിയ കീവേഡ് പരിശോധനയിൽ സംഭവുമായി ബന്ധപ്പെട്ട് നിരവധി വാർത്ത റിപ്പോർട്ടുകളും  സമൂഹമാധ്യമ പോസ്റ്റുകളും ഞങ്ങൾക്ക് ലഭിച്ചു.

കാസർകോട് ഖാൻസാ വിമൻസ് കോളേജിലെ വിദ്യാർത്ഥിനികളും മറ്റൊരു സ്ത്രീ യാത്രക്കാരിയും ബസ് ജീവനക്കാരും അവരുടെ കോളേജ് ബസ് സ്റ്റോപ്പിന് സമീപം ബസ് നിർത്താൻ വിസമ്മതിച്ചതിന്റെ പേരിലുണ്ടായ ഏറ്റുമുട്ടലിന്റെ ഒരു സംഭവമാണ് വൈറൽ വിഡിയോയിലുള്ളതെന്ന് ഞങ്ങൾക്ക് വ്യക്തമായി. കാസർകോട് കുമ്പള - മുള്ളേരിയ കെ.എസ്.ടി പി റോഡിൽ ഭാസ്ക്കര നഗറിലാണ് സംഭവം നടന്നത്. 

സംഭവത്തിന്റെ കൂടുതൽ വ്യക്തതയ്ക്കായി മനോരമ ഓൺലൈൻ പ്രാദേശിക റിപ്പോർട്ടറുമായി ഞങ്ങൾ സംസാരിച്ചപ്പോൾ പ്രചരിക്കുന്ന അവകാശവാദം അടിസ്ഥാനരഹിതമാണെന്നും കാസർകോട് കുമ്പളയിലെ ഖാൻസാ വിമൻസ് കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിലെ വിദ്യാർത്ഥിനികൾ സ്വകാര്യ ബസുകൾ തങ്ങളുടെ കോളേജിന് മുന്നിലെ ബസ് സ്റ്റോപ്പിൽ നിർത്താത്തതിൽ പ്രതിഷേധിക്കുന്നതാണ് വിഡിയോയ്ക്കാധാരമെന്നും. വിദ്യാർത്ഥികൾക്ക് ടിക്കറ്റിൽ ഇളവ് ഉള്ളതിനാൽ സ്വകാര്യ ബസുകൾ വിദ്യാർത്ഥികളെ കയറ്റുന്നത് പതിവായതിനെ തുടർന്നാണ് സംഭവമെന്നും അദ്ദേഹം വ്യക്തമാക്കി. ബസ് വൈകിപ്പിക്കരുതെന്ന് വിദ്യാർത്ഥികളോട് അഭിപ്രായം പറഞ്ഞതിനാലാണ് ബസിലുണ്ടായിരുന്ന നീല സാരി ധരിച്ച യുവതിയുമായി വിദ്യാർത്ഥിനികൾ തർക്കിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 

സ്ഥിരീകരണത്തിനായി ഞങ്ങൾ പ്രദേശത്തെ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോൾ മുസ്‍ലിം യുവതികൾ ഹിന്ദു സ്ത്രീയെ ബുർഖയില്ലാതെ ബസിൽ യാത്ര ചെയ്യാൻ അനുവദിച്ചില്ലെന്ന വാദം പൊലീസ് നിഷേധിച്ചു. ഖാൻസാ വിമൻസ് കോളേജ് വിദ്യാർത്ഥിനികൾ കോളേജിന് മുന്നിൽ ബസ് നിർത്തണമെന്ന ആവശ്യം നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. ഇതിന് വിപരീതമായി ബസ് ജീവനക്കാർ ബസുകൾ നിർത്താത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും പൊലീസ് അറിയിച്ചു.2023 ഒക്‌ടോബർ 20നാണ് സംഭവം നടന്നതെന്നും അവർ സ്ഥിരീകരിച്ചു. കോളേജിന് അടുത്തിടെ അനുവദിച്ച സ്റ്റോപ്പിൽ നിർത്താതെ പോകുന്ന ബസുകൾ വിദ്യാർത്ഥികൾ ബലമായി നിരത്തിൽ തടയുകയായിരുന്നു.

വാസ്തവം

കേരളത്തിലെ ബസുകളിൽ ഹിന്ദു സ്ത്രീകൾ ബുർഖ ധരിക്കാതെ യാത്ര ചെയ്യുന്നത് മുസ്‍ലിം സ്ത്രീകൾ തടയുന്നുവെന്ന വാദം അടിസ്ഥാനരഹിതമാണ്. സംഭവത്തിന് യാതൊരു വർഗീയകോണുമില്ല. കാസർകോട് കുമ്പളയിലെ ഖാൻസാ വിമൻസ് കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിലെ വിദ്യാർത്ഥിനികൾ സ്വകാര്യ ബസുകൾ  കോളേജിന് മുന്നിലെ ബസ് സ്റ്റോപ്പിൽ നിർത്താത്തതിൽ പ്രതിഷേധിക്കുന്നതുമായി ബന്ധപ്പെട്ടതാണ് വിഡിയോ.

English Summary: The argument that Muslim women are preventing Hindu women from traveling in Kerala buses without wearing a burqa is baseless

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com