ADVERTISEMENT

ഇസ്രയേൽ ഹമാസ് യുദ്ധത്തിന്റെ ചർച്ചകൾ സമൂഹമാധ്യമങ്ങളിലാകെ നിറയുകയാണ്. ഇതിനിടയിൽ ഇസ്രയേൽ അനുകൂല പോസ്റ്റ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചതിന് കുവൈത്ത് രണ്ട് നഴ്സുമാരെ പുറത്താക്കിയ വാർത്തകളും നാം കണ്ടിരുന്നു.  എന്നാൽ ഇപ്പോൾ ഇസ്രയേൽ അനുകൂല പോസ്റ്റിന്റെ പേരിൽ കുവൈത്ത് പുറത്താക്കിയ മലയാളി നഴ്സിന് ഓസ്ട്രേലിയൻ ആശുപത്രിയിൽ 5 ഇരട്ടി ശമ്പളത്തിൽ നിയമനം നൽകിയതായുള്ള ഒരു പ്രചാരണം സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം.

∙ അന്വേഷണം

ഇസ്രയേൽ പതാക വാട്സാപ്  സ്റ്റാറ്റസാക്കിയതിന്റെ പേരിൽ കുവൈത്തിൽ നിന്നു പുറത്താക്കപ്പെട്ട മലയാളി നഴ്സിന് അഞ്ചിരട്ടി ശമ്പളത്തിൽ ഫാമിലി വിസ സഹിതം ഓസ്ട്രേലിയയിലുള്ള സെന്റ് വിൻസെന്റ് ഹോസ്പിറ്റലിൽ ജോലി നൽകുവാൻ ഇന്ത്യയിലെ ഓസ്ട്രേലിയൻ എംബസി തീരുമാനിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രി വി.മുരളീധരന്റെയും ഇസ്രയേൽ കോൺസുലേറ്റിന്റെയും ഇടപെടലുകളെത്തുടർന്നാണ് ഡിസംബർ ഒന്നിന് ജോലിയിൽ പ്രവേശിക്കുന്നതിനുള്ള ഉത്തരവ് ലഭിച്ചത്. കേരളത്തിലെ ഹാമാസോളികൾ ഉറക്കെ കരയുക എന്നാണ് പ്രചരിക്കുന്ന പോസ്റ്റിലുള്ളത്. വിവിധ ഗ്രൂപ്പുകളിൽ നിരവധി പേർ പോസ്റ്റ് ഷെയർ ചെയ്തതായി കണ്ടെത്തി.

കീവേഡ് തിരയലിൽ ഇസ്രയേൽ അനുകൂല പോസ്റ്റിന്റെ പേരിൽ മലയാളി നഴ്സ് അടക്കമുള്ള രണ്ട് പേരെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട വാർത്തകളാണ് ഞങ്ങൾക്ക് ലഭിച്ചത്. അറബ് മാധ്യമമായ അൽറായ് നൽകുന്ന വിവരങ്ങൾ പ്രകാരം അൽസബാ ആശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തിലെ നഴ്സായ മലയാളി യുവതിയെയാണ് നാടുകടത്താൻ തീരുമാനമായത്.

പോസ്റ്റിലെ വാദങ്ങൾ ശരിയാണോ എന്നുറപ്പിക്കാൻ ആദ്യം തന്നെ ഞങ്ങൾ ഓസ്ട്രേലിയയിലെ സെന്റ് വിൻസെന്റ് ആശുപത്രിയെക്കുറിച്ച് ആദ്യം അന്വേഷിച്ചു. സിഡ്നിയിലാണ് ഈ ആശുപത്രിയെന്ന് വ്യക്തമായി. ആശുപത്രി പിആർഒയുമായി ഞങ്ങൾക്ക് സംസാരിക്കാൻ സാധിച്ചു. ഇത്തരമൊരു നിയമനം നടത്തിയെന്ന അവകാശവാദം അധികൃതർ നിഷേധിച്ചു. പ്രചരിക്കുന്ന പോസ്റ്റിലെ വൈരുദ്ധ്യങ്ങളും അവർ ചൂണ്ടിക്കാട്ടി.

സെന്റ് വിൻസെന്റ് ആശുപത്രി സിഡ്നിയില്‍ ചാരിറ്റി ഓഫ് സിസ്റ്റേഴ്സ് സ്ഥാപിച്ച സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാശുപത്രിയാണ്.  ഒരിക്കലും ഇത്തരമൊരു കേസിൽ എംബസിക്ക് സ്വകാര്യ ആശുപത്രിയിൽ നേരിട്ട് ജോലി നൽകാൻ കഴിയില്ല. എംബസിക്ക് അതിനുള്ള അനുമതിയില്ല. അങ്ങനെ നൽകേണ്ട സാഹചര്യമുണ്ടായാലും സർക്കാർ മേഖലയിലുള്ളവയെ പരിഗണിക്കുകയുള്ളു. കൂടാതെ ഇത്തരമൊരു ആഭ്യന്തര വിഷയത്തിൽ എംബസിക്ക് വീസ നൽകാനും കഴിയില്ല എന്ന് അന്വേഷണത്തിൽ വ്യക്തമായി. 

ഓസ്ട്രേലിയയിലെ ഒരു പ്രമുഖ മാധ്യമ സ്ഥാപന പ്രതിനിധിയുമായും ഞങ്ങൾക്ക് ബന്ധപ്പെടാനായി.എന്നാൽ ഇത്തരമൊരു വാർത്ത എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഇത്തരം വീസ നടപടികൾ രാജ്യം പ്രോത്സാഹിപ്പിക്കാറില്ലെന്നും മാധ്യമ വക്താവ് വ്യക്തമാക്കി. ആശുപത്രിയിലെ ഒരു മലയാളി നഴ്സുമായും ഞങ്ങൾ സംസാരിച്ചു. വൈറൽ സന്ദേശത്തിലെ അവകാശവാദത്തിൽ വ്യക്തമാക്കുന്ന തരത്തിലൊരു നിയമനം നടന്നതായി അറിവില്ലെന്ന് അവർ പറഞ്ഞു. എംബസിയുടെ വാർത്താക്കുറിപ്പുകളും ഞങ്ങൾ പരിശോധിച്ചെങ്കിലും ഇത്തരമൊരു സംഭവം എവിടെയും പ്രസിദ്ധീകരിച്ചിട്ടില്ല.

വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെയും ഇസ്രയേൽ കോൺസുലേറ്റിന്റെയും ഇടപെടലിനെത്തുടർന്നാണ് ജോലിക്കുള്ള ഉത്തരവു ലഭിച്ചതെന്നാണ് വൈറൽ സന്ദേശത്തിൽ വ്യക്തമാക്കുന്നത്. ഇക്കാര്യത്തക്കുറിച്ചറിയാൻ ഞങ്ങൾ  വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ തിരുവന്തപുരത്തെ ഓഫിസുമായി ബന്ധപ്പെട്ടെങ്കിലും പരിശോധിച്ച് വിവരം നൽകാമെന്ന മറുപടിയാണ് ലഭിച്ചത്. മറുപടി ലഭ്യമാകുന്ന മുറയ്ക്ക് അത് ഈ വാർത്തയിൽ ഉൾപ്പെടുത്തുന്നതാണ്. 

ഞങ്ങളുടെ അന്വേഷണത്തിൽ പ്രചാരണം തെറ്റാണെന്നും ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും തെളിഞ്ഞു.

∙ വാസ്തവം

ഇസ്രയേൽ അനുകൂല പോസ്റ്റിന്റെ പേരിൽ കുവൈത്ത് പുറത്താക്കിയ മലയാളി നഴ്സിന് ഓസ്ട്രേലിയൻ ആശുപത്രിയിൽ 5 ഇരട്ടി ശമ്പളത്തിൽ നിയമനം നൽകിയതായുള്ള ഒരു പ്രചാരണം തെറ്റാണ്.

English Summary: Campaign claiming Malayali nurse who was fired by Kuwait for her pro-Israel post has been appointed in an Australian hospital is false

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com