ADVERTISEMENT

ക്രിസ്മസ്–ന്യൂഇയർ ആഘോഷത്തിരക്കുകളിലാണ് നാട്.  ഇതിനിടെ ആഘോഷം ഗംഭീരമാക്കാൻ കാർ യാത്രികരുടെ പക്കൽ നിന്ന് ബലമായി പിരിവെടുക്കുന്ന  ഒരു കൂട്ടം ചെറുപ്പക്കാർ എന്ന വാദത്തോടെ ഒരു വിഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിലാകെ തരംഗമാവുകയാണ്. എന്നാൽ ഈ പ്രചാരണം തീർത്തും വ്യാജമാണെന്ന് മനോരമ ഓൺലൈൻ ഫാക്ട് ചെക്കിന്റെ  അന്വേഷണത്തിൽ കണ്ടെത്തി. വിഡിയോയുടെ വാസ്തവമറിയാം.

∙ അന്വേഷണം

പിരിവ് ഗുണ്ടായിസമോ? ആഘോഷം ഗംഭീരമാക്കാൻ നാട്ടുകാരുടെ കയ്യിൽ നിന്നും ബലമായി പിരിവെടുക്കുന്നു. അതും പ്രബുദ്ധ കേരളത്തിൽ എങ്ങോട്ടാണ് നാടിൻറെ ഈ പോക്ക് മദ്യവും മയക്കുമരുന്നുമായി ഒരുപറ്റം ചെറുപ്പക്കാർ നാട്ടുകാരെ ഭീതിയിലാഴ്ത്തുന്ന അവസ്ഥ കാണുക എന്ന കുറിപ്പോടെയാണ് സമൂഹ മാധ്യമങ്ങളിൽ വിഡിയോ വ്യാപകമായി പ്രചരിക്കുന്നത്. പോസ്റ്റ് കാണാം.

പോസ്റ്റിനൊപ്പമുള്ള ചില കമന്റുകളിൽ നിന്ന് വിഡിയോ സ്ക്രിപ്റ്റഡ് ആണെന്ന ചില സൂചനകൾ ലഭിച്ചു. വിഡിയോയുടെ സ്ക്രീൻ ഷോട്ടുകൾ പരിശോധിച്ചപ്പോൾ കൊല്ലത്ത് നിന്നുള്ള സുജിത് രാമചന്ദ്രൻ എന്നയാളുടെ ഫെയ്‌സ്‌ബുക്ക് പേജിൽ ഇതേ വിഡിയോ ഞങ്ങൾ കണ്ടെത്തി. 

നാടൊട്ടുക്കു പിരിവ്! കടയ്ക്കൽ നിന്ന് കുളത്തുപ്പുഴക്ക് കുടുംബവുമായി സഞ്ചരിച്ച യുവാവിന് ഓന്തുപച്ച എന്ന സ്ഥലത്തു വെച്ച് സംഭവിച്ചത് 

അരങ്ങിൽ : ജിഷ്ണു മഴവില്ല് , സുർജിത്, ബൈജു, സിദ്ധീഖ്, നൗഷാദ്, മഹേഷ്‌, വിജയൻ കടയ്ക്കൽ, ജ്യോതിഷ് & പിച്ചു

അണിയറയിൽ : സുജിത് രാമചന്ദ്രൻ

Disclimer : Created video for awareness purpose

എന്ന കുറിപ്പോടെയാണ് ഇയാൾ വിഡിയോ പങ്ക് വച്ചിട്ടുള്ളത്. ബോധവൽക്കരണത്തിന് വേണ്ടിയുള്ള സ്ക്രിപ്റ്റഡ് വിഡിയോയാണിതെന്ന് അടിക്കുറിപ്പിൽ വ്യക്തമാക്കുന്നു.

വിഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സുജിത് രാമചന്ദ്രനുമായി ഞങ്ങൾ ബന്ധപ്പെട്ടു. വിഡിയോ പ്രചരിക്കുന്നത് തെറ്റായ അവകാശവാദത്തോടെയാണെന്നും തീർത്തും ബോധവൽക്കരണത്തിനായി പത്തോളം സുഹൃത്തുക്കൾ ചേർന്ന് അഭിനയിച്ച സ്ക്രിപ്റ്റഡ് വിഡിയോയാണിതെന്നും സുജിത് മനോരമ ഓൺലൈൻ ഫാക്ട് ചെക്കിനോട് പറഞ്ഞു. അടിക്കുറിപ്പ് ചേർത്താണ് വിഡിയോ പോസ്റ്റ് ചെയ്തത്. എന്നാൽ വിഡിയോ മാത്രം ഡൗൺലോഡ് ചെയ്ത് നിരവധി പേർ തെറ്റായ അവകാശവാദവുമായി പ്രചരിപ്പിക്കുകയാണ്.

ജിഷ്ണു മഴവില്ല് , സുർജിത്, ബൈജു, സിദ്ധീഖ്, നൗഷാദ്, മഹേഷ്‌, വിജയൻ കടയ്ക്കൽ, ജ്യോതിഷ്,  പിച്ചു, സുജിത് രാമചന്ദ്രൻ എന്നിവരാണ് വിഡിയോയുടെ അണിയറയിൽ. കൊല്ലം ജില്ലയിലെ കുളത്തുപ്പുഴയിലെ ഓന്ത്പച്ച എന്ന സ്ഥലത്താണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്നും സുജിത് വ്യക്തമാക്കി.

പേജ് പരിശോധിച്ചപ്പോൾ ഇത്തരം വിഡിയോകൾ ഇവർ മുൻപും അവതരിപ്പിച്ചിട്ടുള്ളതായി കണ്ടു. ഇത്തരത്തിലൊരു വിഡിയോ കാണാം. വിഡിയോയിലുള്ളവരെല്ലാം സുഹൃത്തുക്കളാണ്.ചിത്രം കാണാം

Viral

വാസ്തവം

ക്രിസ്മസ് ആഘോഷം ഗംഭീരമാക്കാൻ നാട്ടുകാരുടെ കയ്യിൽ നിന്ന് ബലമായി പിരിവ് എടുക്കുന്ന  ഒരു കൂട്ടം ചെറുപ്പക്കാർ എന്ന അവകാശവാദത്തോടെ വർഗീയച്ചുവ കലർത്തി പ്രചരിക്കുന്ന വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ബോധവൽക്കരണത്തിനായി  സുഹൃത്തുക്കൾ ചേർന്ന് അഭിനയിച്ച സ്ക്രിപ്റ്റഡ് വിഡിയോയാണ് തെറ്റായ അവകാശവാദത്തോടെ പ്രചരിക്കുന്നത്. വിഡിയോയിലുള്ളവരെല്ലാം സുഹൃത്തുക്കളാണ്.

English Summary: A scripted video acted by friends to raise awareness is circulating with false claims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com