ADVERTISEMENT

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഷെഡ്യൂൾ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയതായും 2024 ഏപ്രിൽ 16ന് തിരഞ്ഞെടുപ്പ് നടക്കുമെന്നുമുള്ള അവകാശവാദവുമായി ഡൽഹി ചീഫ് ഇലക്ടറൽ ഓഫിസറുടെ പേരിലുള്ള ഒരു സർക്കുലർ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാൻ മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറിലേക്ക് ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. ഇതിന്റെ വാസ്തവമറിയാം.

∙ അന്വേഷണം

ഡൽഹിയിലെ ലോക്‌സഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ സംബന്ധിച്ച് ഡൽഹി ചീഫ് ഇലക്ടറൽ ഓഫിസറുടെ പേരിൽ പങ്കുവച്ച സർക്കുലറാണ് പ്രചരിക്കുന്നത്.

election

വൈറൽ സർക്കുലർ പരിശോധിച്ചപ്പോൾ ഇത് റഫറൻസിനായി നിശ്ചയിച്ചിരിക്കുന്ന താൽക്കാലിക തീയതിയാണെന്ന് അതിൽ തന്നെ വ്യക്തമായി പരാമർശിക്കുന്നുണ്ട്.

സർക്കുലറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി തിരഞ്ഞപ്പോൾ ഇക്കാര്യം വ്യക്തമാക്കുന്ന ഡൽഹി ചീഫ് ഇലക്ടറൽ ഓഫിസറുടെ ട്വീറ്റ് ഞങ്ങൾക്ക് ലഭിച്ചു. 

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശപ്രകാരം സർക്കുലറിൽ പരാമർശിച്ചിരിക്കുന്ന തീയതി റഫറൻസിനായി മാത്രമാണെന്ന് ട്വീറ്റിൽ  സിഇഒ വ്യക്തമാക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന് മുൻപുള്ള  സുഗമമായ ആസൂത്രണങ്ങൾക്കു വേണ്ടിയാണ് ഇത്തരമൊരു തീയതി നൽകിയിട്ടുള്ളത്

ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത നൽകാൻ മറ്റൊരു പോസ്റ്റും ചീഫ് ഇലക്ടറൽ ഓഫിസറുടെ പേരിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ മുൻകൂട്ടി ആസൂത്രണം ചെയ്യാൻ വേണ്ടിയാണ് ഒരു റഫറൻസ് തീയതി നിശ്ചയിക്കുന്നത് .  തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് ഉത്തരവാദിത്തത്തിന്റ് ഒരു പ്രധാന ഭാഗം ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർമാർ/റിട്ടേണിങ് ഓഫിസർമാർ എന്നിവരുടേതാണെന്ന് വിശദീകരിച്ച്, വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടത്തെ അറിയിക്കുന്നതിനായി സാങ്കൽപ്പിക പോളിങ് തീയതി സഹിതമുള്ള ഒരു സർക്കുലറാണ് പുറത്തിറക്കിയിട്ടുള്ളതെന്ന് സിഇഒ  വിശദമാക്കുന്നുണ്ട്.

ഡൽഹി ചീഫ് ഇലക്ടറൽ ഓഫിസറുടെ ഈ വിശദീകരണത്തിൽ നിന്ന്  പ്രചരിക്കുന്ന രേഖ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ യഥാർത്ഥ ഷെഡ്യൂളല്ലെന്ന് വ്യക്തമാക്കുന്നു. അതേസമയം, വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഷെഡ്യൂൾ ഇതുവരെയും പുറത്തുവന്നിട്ടില്ല. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഷെഡ്യൂൾ ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

∙ വാസ്തവം

പ്രചരിക്കുന്ന രേഖ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഷെഡ്യൂളല്ല.  തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ സുഗമമാക്കാനുള്ള താൽക്കാലിക തീയതികളാണ് സർക്കുലറിലുള്ളത്.

English Summary: The document being circulated is not the official schedule for the 2024 Lok Sabha elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com