ADVERTISEMENT

മുഗൾ ചക്രവർത്തി ഷാജഹാന്റെ ഭാര്യ മുംതാസ് മഹലിന്റേതെന്ന അവകാശവാദവുമായി ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്‍റെ വാസ്തവമറിയാം.

∙ അന്വേഷണം

രാജകീയ വസ്ത്രം ധരിച്ച ഒരു സ്ത്രീയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് വസ്തുത പരിശോധനയ്ക്കായി ഞങ്ങൾക്ക് ലഭിച്ചത്. ഇത് ഷാജഹാന്റെ ഭാര്യ മുംതാസ് മഹലാണോ എന്ന ചോദ്യമാണ് ചിത്രത്തിനൊപ്പം ഞങ്ങൾക്ക് ലഭിച്ചത്.

വൈറൽ ചിത്രത്തിന്റെ ആധികാരികത പരിശോധിക്കാൻ, ഞങ്ങൾ ആദ്യം ചിത്രത്തിന്റെ ഒരു റിവേഴ്സ് ഇമേജ് തിരയൽ നടത്തി. സമാന ചിത്രം ഉൾപ്പെട്ട ഒരു വെബ്സൈറ്റാണ് ഞങ്ങൾക്ക് ലഭിച്ചത്.

Sultan Shahjahan Begum, GCSI (1838-1901), Begum of Bhopal : Prince of Wales Tour of India 1875-6 (vol.3) 1875-76 എന്നാണ് ചിത്രത്തിനൊപ്പം നൽകിയിരിക്കുന്ന കുറിപ്പ്.

ചിത്രത്തിലെ വിവരങ്ങൾ പ്രകാരം ഭോപ്പാലിലെ ബീഗമായിരുന്ന സുൽത്താൻ ഷാജഹാൻ ബീഗമാണ് ചിത്രത്തിലുള്ളത്. 

ഇന്ത്യൻ ഭരണാധികാരികളും ബ്രിട്ടിഷ് രാജകുടുംബവും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമത്തിൽ, വിക്ടോറിയ രാജ്ഞിയുടെ മൂത്ത മകനും വെയിൽസ് രാജകുമാരനുമായ ആൽബർട്ട് എഡ്വേർഡ്, 1875 ഒക്ടോബറിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഒരു പര്യടനം തുടങ്ങി. രാജകുമാരൻ 21 നഗരങ്ങളും സന്ദർശിച്ചു. ആധുനിക ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാൻ, നേപ്പാൾ എന്നിവയുടെ ഭാഗങ്ങളിലെ തന്റെ പര്യടനത്തിനിടെ കണ്ടുമുട്ടിയ ഓരോ ഭരണാധികാരികൾക്ക് അദ്ദേഹം സമ്മാനങ്ങൾ കൈമാറുകയും സ്വീകരിക്കുകയും ചെയ്തു. 1876 മേയ് മാസത്തിൽ രാജകുമാരൻ ഇംഗ്ലണ്ടിലേക്ക് മടങ്ങി. ആ സന്ദർശനത്തിൽ പകർത്തിയ ചിത്രമാണിതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

കൂടുതൽ വിവരങ്ങൾക്കായി നടത്തിയ കീവേഡ് പരിശോധനയിൽ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക പോർട്ടലിലും ഇതേ ചിത്രം ഞങ്ങൾക്ക് ലഭിച്ചു. Begums of Bhopal:107 Years of Golden Reign എന്ന തലക്കെട്ടോടെയാണ് വിവരങ്ങൾ നൽകിയിരിക്കുന്നത്.

1819 നും 1926 നും ഇടയിൽ ഭോപ്പാൽ ഭരിച്ചിരുന്നത് നാലു സ്ത്രീകളാണെന്ന് ലേഖനത്തിൽ പറയുന്നു. ഇതില്‍ 1838 മുതൽ 1901 വരെ ജീവിച്ചിരുന്ന മൂന്നാമത്തെ ഭരണാധികാരി ഷാജഹാൻ ബീഗമാണ് ചിത്രത്തിലുള്ളതെന്ന് ഈ റിപ്പോർട്ടിൽ നിന്ന് വ്യക്തമാണ്.

മുഗൾ ചക്രവർത്തിയായ ഷാജഹാന്റെ ഭാര്യയായിരുന്ന മുംതാസിനെ കുറിച്ചാണ് ഞങ്ങൾ പിന്നീട് തിരഞ്ഞത്. അവർ 1593 -1631 കാലഘട്ടത്തിലാണ്  ജീവിച്ചിരുന്നത്. എന്നാൽ 1838ലാണ് ഷാജഹാൻ ബീഗം ജനിച്ചത്. ഈ കാലഘട്ടങ്ങൾ തമ്മിലും ഏറെ വ്യത്യാസമുള്ളതായി കാണാം. ഇതിൽ നിന്ന് വൈറൽ ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.

∙ വാസ്തവം

വൈറൽ ചിത്രത്തിലുള്ളത് ഭോപ്പാലിലെ മൂന്നാമത്തെ ബീഗമായ ഷാജഹാൻ ബീഗമാണ്. മുഗൾ ചക്രവർത്തി ഷാജഹാന്റെ ഭാര്യ മുംതാസ് അല്ല.

English Summary : In the viral picture is Shahjahan Begum, the third Begum of Bhopal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com