ADVERTISEMENT

റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സിൽ എസ്ഐ, കോൺസ്റ്റബിൾ തസ്തികയിലേക്ക് വമ്പൻ റിക്രൂട്ട്മെന്റ് നടക്കുന്നെന്ന അവകാശവാദവുമായി ഒരു നോട്ടിഫിക്കേഷൻ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നോട്ടിഫിക്കേഷന്റെ യാഥാർത്ഥ്യമറിയാൻ ചിലർ ഞങ്ങളുടെ ഫാക്ട് ചെക്ക് ഹെൽപ്പ്ലൈൻ നമ്പറിലേക്ക് സന്ദേശമയച്ചിരുന്നു. ഇതിന്റെ വാസ്തവമറിയാം.

∙ അന്വേഷണം

നോട്ടിഫിക്കേഷൻ അടങ്ങിയ ഒരു ലിങ്കും ഒരു സ്ക്രീൻഷോട്ടുമാണ്  പരിശോധനയ്ക്കായി ഞങ്ങൾക്ക് ലഭിച്ചത്.

ലിങ്കിലെ വിവരങ്ങൾ പരിശോധിച്ചപ്പോൾ ആർപിഎഫിൽ 4,208 കോൺസ്റ്റബിൾ, 452 സബ് ഇൻസ്പെക്ടർമാരുടെ ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്മെന്റ് നടക്കുന്നെന്ന വിവരങ്ങളാണ് നോട്ടിഫിക്കേഷനിൽ നൽകിയിട്ടുള്ളത്. ആകെ 4,660 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് നോട്ടിഫിക്കേഷനിൽ പറയുന്നു. 

റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റും സമൂഹമാധ്യമ പേജുകളുമാണ് ആദ്യം ഞങ്ങൾ പരിശോധിച്ചത്. അവസാനമായി 2018ൽ പുറത്തുവിട്ട സബ് ഇൻസ്പെക്ടർ കോൺസ്റ്റബിൾ പരീക്ഷയുടെ വിവരങ്ങളാണ് ഔദ്യോഗിക വെബ്‌സൈറ്റിൽ  നല്‍കിയിരിക്കുന്നത്. ഇവരുടെ സമൂഹമാധ്യമ പേജുകളിലും ഈ റിക്രൂട്ടമെന്റ് സംബന്ധിച്ച് അറിയിപ്പുകളൊന്നും നൽകിയിട്ടില്ല. കൂടാതെ ആർപിഎഫോ റെയിൽവേ മന്ത്രാലയമോ ഇത്തരമൊരു റിക്രൂട്ടമെന്റ് അറിയിപ്പ്  നൽകിയിട്ടില്ല. എന്നാൽ വിശദമായ തിരയലിൽ ആർപിഎഫിന്റെ ഔദ്യോഗിക എക്‌സ് പേജിൽ ഇതേ നോട്ടിഫിക്കേഷന്റെ സമാന ചിത്രം ഞങ്ങൾക്ക് ലഭിച്ചു.

തട്ടിപ്പുകളെ ഒഴിവാക്കി നിങ്ങളുടെ സ്വപ്നങ്ങളുടെ പാതയിൽ തുടരുക. റെയിൽവേ ജോലി സാധ്യതകളെക്കുറിച്ചുള്ള വിശ്വസനീയമായ വിവരങ്ങൾക്ക് ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കുക എന്ന തലക്കെട്ടോടെ ഈ റിക്രൂട്ട്മെന്റ് വാർത്ത വ്യാജമാണെന്ന അറിയിപ്പാണ് ആർപിഎഫ് നൽകിയിരിക്കുന്നത്.

നോർത്തേൺ റെയിൽവേ വിഭാഗവും ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടുണ്ട്.

 റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സിൽ സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ നിയമനം സംബന്ധിച്ച് റെയിൽവേ മന്ത്രാലയത്തിന്റെ പേരിൽ പുറപ്പെടുവിച്ച വ്യാജ അറിയിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഇത്തരമൊരു അറിയിപ്പ്  റെയിൽവേ നൽകിയിട്ടില്ല.നിങ്ങളുടെ സ്വകാര്യ/സാമ്പത്തിക വിവരങ്ങൾ ഒരിക്കലും പങ്കിടരുത് എന്ന മുന്നറിയിപ്പുമായാണ് പോസ്റ്റർ നൽകിയിരിക്കുന്നത്.

റിക്രൂട്ടമെന്‍റ് നോട്ടിഫിക്കേഷൻ വ്യാജമാണെന്ന് സ്ഥിരീകരിച്ച് കേരള പൊലീസും സമൂഹമാധ്യമത്തിൽ രംഗത്തെത്തിയിട്ടുണ്ട്.

സ്ഥിരീകരണത്തിനായി ഞങ്ങൾ സതേൺ റെയിൽവേയിലെ പിആർഒയുമായി സംസാരിച്ചു. അറിയിപ്പ് വ്യാജമാണെന്നും തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

∙ വാസ്തവം

റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സിൽ എസ്ഐ, കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്.

English Summary:The message circulating claiming recruitment notification for the post of SI, Constable in Railway Protection Force is fake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com