ADVERTISEMENT

ഉത്തർപ്രദേശിൽ സുവിശേഷ വിരോധികൾ ദൈവദാസന്മാരെ അക്രമിക്കുന്നു എന്ന അവകാശവാദവുമായി ഒരാളെ  അതിക്രൂരമായി മര്‍ദ്ദിക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.പ്രചാരണത്തിന്റെ വസ്തുത പരിശോധനക്കായി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് ഹെൽപ്പ്ലൈൻ നമ്പറിൽ 8129100164 സന്ദേശം ലഭിച്ചിരുന്നു. വിഡിയോയുടെ വാസ്തവമറിയാം.

അന്വേഷണം

‌ഉച്ചത്തിൽ ആക്രോശിച്ചു കൊണ്ട് മൂന്ന് പേർ ചേർന്ന്  ഒരാളെ മർദ്ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മര്‍ദ്ദനമേൽക്കുന്നയാൾ ഉറക്കെ നിലവിളിക്കുന്നതും കേൾക്കാം. ഇപ്പോൾ പ്രാർത്ഥിച്ചില്ലെങ്കിൽ പിന്നെ എപ്പോൾ പ്രാർത്ഥിക്കും (𝗨𝗣) ഉത്തർപ്രദേശിൽ സുവിശേഷ വിരോധികൾ ദൈവദാസന്മാരെ ഉപദ്രവിക്കുന്ന ഹൃദയഭേദമായ കാഴ്ച്ച എന്നാണ് വസ്തുത പരിശോധനയ്ക്കായി ഞങ്ങൾക്ക് ലഭിച്ച വിഡിയോയ്ക്കൊപ്പമുള്ള വിവരണം. ഈ വിഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് തിരയലിൽ മറ്റ് വിവരണങ്ങളോടെ സമാന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്ന് വ്യക്തമായി.

ഇത്‌ UPയിൽ. കേരളത്തിൽ BJP ഭരണം വരാൻ ആഗ്രഹിക്കുന്നവരും, ഞാനും സവർണ്ണനാകണമെന്ന് നാഴികക്ക് നാൽപ്പതു വട്ടം പറഞ്ഞു നടക്കുന്ന, ജാതിയിൽ താഴ്ന്ന കോപ്പി അടിക്കുന്ന അണ്ണൻമാരും കണ്ണ് നിറയെ ഒന്ന് കണ്ടേക്കൂ എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പ്രചരിക്കുന്നത്. വിഡിയോ കാണാം. 

 റിവേഴ്‌സ് ഇമേജ് തിരയലിലും കീവേഡുകളുടെ പരിശോധനയിലും 2023 ഫെബ്രുവരി 21ലെ ഒരു മാധ്യമ റിപ്പോർട്ട്   ഞങ്ങൾക്ക് ലഭിച്ചു.

പഞ്ചാബിലെ സംഗ്രൂർ ജില്ലയിലെ സുനാമിൽ പകൽ വെളിച്ചത്തിൽ മൂർച്ചയുള്ള ആയുധങ്ങളുമായി മധ്യവയസ്കനെ ആക്രമിച്ച കേസിൽ കൊലപാതകശ്രമത്തിന് കേസെടുത്ത ആറ് പ്രതികളിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ടിൽ.‌ ഏകദേശം അഞ്ച് ദിവസം മുമ്പാണ് സംഭവം നടന്നതെന്നും സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. മുപ്പത്തോഴുകാരനായ സോനു കുമാന്റെ പരാതിയിൽ കേസിലെ ആറു പ്രതികളിൽ ഒരാളെ ഞായറാഴ്ച വൈകിട്ടോടെയാണ് അറസ്റ്റ് ചെയ്തതത്.

സുനം സ്വദേശികളായ മണി സിംഗ്, കുൽദീപ് സിംഗ്, അമ്രിക് സിംഗ്, ലവി സിംഗ്, അൽകിത് കൗർ, ഗോപാൽ സിംഗ് എന്നീ പ്രതികളെയാണ് പോലീസ് തിരിച്ചറിഞ്ഞത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 307, 323, 324, 325, 506, 148, 149 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ സുനം സിറ്റി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അജയ് കുമാർ പറഞ്ഞതായും റിപ്പോർട്ടിലുണ്ട്. ഫെബ്രുവരി 15ന് രാവിലെയാണ് സംഭവം. ബൈക്കിൽ പിതാവിനെ കാണാൻ പോകുകയായിരുന്ന സോനുവിനെ പ്രതികൾ തടഞ്ഞു. അക്രമിക്കാനായി പ്രത്യേകം രൂപമാറ്റം വരുത്തിയ മൂർച്ചയുള്ള കട്ടറുകൾ  ഘടിപ്പിച്ച ഇരുമ്പ് ദണ്ഡുകളാണ് പ്രതികൾ ഉപയോഗിച്ചത്. പ്രതികൾക്ക് സോനുവുമായുള്ള മുൻ വൈരാഗ്യമാണ് അക്രമത്തിന് പിന്നിൽ.  നിരവധി ക്രിമിനൽ കേസുകൾ പ്രതികൾക്കെതിരെ രജിസ്റ്റർ ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.

കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റകൃത്യത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികളെയും ഉടൻ പിടികൂടുമെന്നും സുനം ഡിഎസ്പി ഭർപൂർ സിംഗും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. 

ഇതേ റിപ്പോർട്ടിൽ പരാതിക്കാരനായ സോനു കുമാറിന്റെ ഭാര്യ സംഭവത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്.  തന്റെ ഭർത്താവ് ബത്തിൻഡയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയുണ്ട്. അദ്ദേഹത്തിന്റെ കാലുകളിലും കൈയ്യിലും നിരവധി ശസ്ത്രക്രിയകൾ നടത്തി. ഈ പ്രതികൾ മയക്കുമരുന്നിന് അടിമകളാണെന്നും ഏകദേശം നാല് വർഷം മുമ്പും ഇവർ തന്റെ ഭർത്താവിനെ ആക്രമിച്ചു. ഞങ്ങളുടെ വീടിനടുത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് തമ്പടിച്ച് ലഹരി മരുന്നുകൾ ഉപയോഗിക്കുന്നത് തടഞ്ഞതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് റിപ്പോർട്ടിൽ ഇവർ സ്ഥിരീകരിക്കുന്നുണ്ട്. 

കൂടുതൽ സ്ഥിരീകരണത്തിനായി സുനം സിറ്റി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനുമായി ഞങ്ങൾ സംസാരിച്ചു. ലഹരിമരുന്ന് ഉപയോഗിച്ച സംഘത്തെ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിലാണ് സോനുവിനെ പ്രതികൾ അക്രമിച്ചതെന്നും സംഭവത്തിന് മതപരമായോ രാഷ്ട്രീയപരമായോ യാതൊരു ബന്ധവുമില്ലെന്ന് അവർ വ്യക്തമാക്കി.

വാസ്തവം

ഉത്തർപ്രദേശിൽ സുവിശേഷ വിരോധികൾ ദൈവദാസന്മാരെ അക്രമിക്കുന്നതെന്ന അവകാശവാദവുമായി പ്രചരിക്കുന്ന വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ലഹരിമരുന്ന് ഉപയോഗിച്ച സംഘത്തെ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിലാണ് ഒരുകൂട്ടമാളുകൾ ആക്രമണം നടത്തിയത്.ഉത്തർ പ്രദേശിലല്ല, പഞ്ചാബിലാണ് സംഭവം നടന്നത്.

English Summary : A video circulating claiming that anti-evangelicals are attacking Men in Uttar Pradesh is misleading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com