ADVERTISEMENT

വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിക്കും എൽഡിഎഫിലെ ആനി രാജയ്ക്കുമെതിരെ കെ.സുരേന്ദ്രന്റെ ബിജെപി സ്ഥാനാർത്ഥിത്വമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഇതിനിടെ കലാകാരൻ ആർ.എൽ.വി. രാമകൃഷ്ണനെതിരായ അധിക്ഷേപ പ്രകടനത്തിൽ കലാമണ്ഡലം സത്യഭാമയ്ക്ക് പിന്തുണയുമായി കെ.സുരേന്ദ്രൻ രംഗത്തെന്ന  അവകാശവാദവുമായുള്ള പോസ്റ്റുകൾ  സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം. 

∙അന്വേഷണം

ബിജെപി ആഭിമുഖ്യം പ്രകടിപ്പിക്കുന്ന കലാപ്രതിഭകളെ വളഞ്ഞിട്ട് ആക്രമിക്കുന്നു.സത്യഭാമയ്ക്ക് പിന്തുണയുമായി കെ.സുരേന്ദ്രൻ എന്ന വാചങ്ങൾ ഉൾപ്പെട്ട കാർഡാണ് പ്രചരിക്കുന്നത്. പോസ്റ്റ് കാണാം.

വൈറൽ വാർത്തയുടെ സ്ഥിരീകരണത്തിനായി ഞങ്ങൾ ആദ്യം തന്നെ കെ.സുരേന്ദ്രന്റെ ഓഫീസ് വക്താക്കളുമായി സംസാരിച്ചു. എന്നാൽ  സംഭവത്തിൽ, സത്യഭാമയെ വിമർശിക്കുകയാണ് കെ.സുരേന്ദ്രൻ ചെയ്തതെന്നും  ഇത്തരെമാരു പ്രസ്താവന അദ്ദേഹം നടത്തിയിട്ടില്ലെന്നും അവർ പറഞ്ഞു. കെ.സുരേന്ദ്രന്റെ സമൂഹമാധ്യമ പോസ്റ്റുകൾ പരിശോധിച്ചപ്പോൾ സംഭവവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഫെയ്സ്ബുക് പേജിൽ പങ്ക്‌വച്ച ഒരു പോസ്റ്റും ഞങ്ങൾക്ക് ലഭിച്ചു. പോസ്റ്റ് കാണാം

കലയിൽ ജാതിയോ, നിറമോ, വർണ്ണമോ, ലിംഗമോ, സമ്പന്നനോ, ദരിദ്രനോ എന്ന വേർതിരിവില്ല. കലാമേഖലയിൽ പ്രവർത്തിക്കുന്ന എല്ലവരും ഇതിനെല്ലാം അതീതരാണ്. അങ്ങനെ ആരെങ്കിലും വേർതിരിച്ചു കാണുന്നുണ്ടെങ്കിൽ അവർ ഇനി എത്ര വലിയ സർവജ്ഞപീഠം ഏറിയാലും അജ്ഞരായി തന്നെ ഭവിക്കും. അഹങ്കാരവും അജ്ഞതയും  അന്യരെ ആക്ഷേപിക്കാനാരും ഉപയോഗിക്കരുത്. ആർ. എൽ. വി രാമകൃഷ്ണനൊപ്പം എന്നാണ് കെ.സുരേന്ദ്രന്റെ പോസ്റ്റിനോപ്പമുള്ള വാചകങ്ങൾ.

സ്ക്രീൻഷോട്ട് സംബന്ധിച്ച വ്യക്തതയ്ക്കായി, വൈറൽ സ്ക്രീൻ ഷോട്ടിലെ വിവരങ്ങൾ പരിശോധിച്ചപ്പോൾ ജനം വെബ് ഡെസ്ക് എന്നും മാർച്ച് 21 എന്ന തീയതിയും വൈറലായ സ്ക്രീൻഷോട്ടിൽ  നൽകിയതായി കാണാം. ഈ സൂചനയിൽ നിന്ന് ജനം ടിവിയുടെ ഓൺലൈനും സമൂഹമാധ്യമ പേജുകളും പരിശോധിച്ചെങ്കിലും ഈ വാർത്ത എവിടെയും നൽകിയതായി കണ്ടെത്തിയില്ല. ജനം ഓൺലൈൻ വിഭാഗം അധികൃതരുമായി സംസാരിച്ചപ്പോൾ വൈറൽ സ്ക്രീൻഷോട്ട് വ്യാജമാണെന്നും ഇത്തരത്തിലൊരു വാർത്ത നൽകിയിട്ടില്ലെന്നും അവർ വ്യക്തമാക്കി.

ഇതിൽ നിന്ന് ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ കലാമണ്ഡലം സത്യഭാമയെ അനുകൂലിച്ചു സംസാരിച്ചെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്ന് വ്യക്തമായി.

∙വസ്തുത

ബിജെപി അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കലാമണ്ഡലം സത്യഭാമയെ അനുകൂലിച്ചു സംസാരിച്ചെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന സ്ക്രീൻഷോട്ട് വ്യാജമാണ്. 

English Summary : The screenshot circulating with the claim that K.Surendran spoke in favor of Kalamandalam Sathyabhama is fake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com