ADVERTISEMENT

പിഞ്ചു കുഞ്ഞിനെ മുത്തച്ഛൻ കൊലപ്പെടുത്തിയ വാർത്ത ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ഞെട്ടലോടെയാണ് നാം കേട്ടത്. ചിത്തിരമാസത്തിൽ ജനിച്ച കുട്ടി കുടുംബത്തിന് ദോഷമാണെന്ന അന്ധവിശ്വാസത്തിന്റെ പേരിലാണ് കുഞ്ഞിനെ സ്വന്തം മുത്തച്ഛൻ തന്നെ ദാരുണമായി കൊലപ്പെടുത്തിയത്. എന്നാൽ ഇപ്പോൾ സംഭവം നടന്നത് കേരളത്തിലാണെന്ന് തരത്തിലുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം.

∙ അന്വേഷണം

മനോരമ ഓൺലൈൻ നൽകിയ വാർത്താ കാർഡിനൊപ്പമാണ് വൈറൽ‌ പോസ്റ്റ് പ്രചരിക്കുന്നത്. 'കാർത്തിക നാളിൽ ജനിച്ചാൽ കീർത്തി കേൾക്കും എന്ന് പറഞ്ഞ് സിസേറിയൻ ചെയ്ത് ഡേറ്റിന് മുൻപേ കുട്ടിയെ എടുക്കാൻ പറയണ ടീംസുള്ള നമ്മുടെ കൊച്ച് കേരളത്തിൽ ഇതൊക്കെ സംഭവിക്കും ' എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്

crime4

വൈറൽ പോസ്റ്റിലെ സംഭവം 2024 ജൂൺ 17ന് മനോരമ ഓൺലൈനിൽ വാർത്തയായി നൽകിയിരുന്നു. ചിത്തിരമാസത്തിൽ ജനിച്ച കുട്ടി ‘ദോഷം’;38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മുത്തച്ഛൻ കൊലപ്പെടുത്തി എന്ന തലക്കെട്ടിലാണ് വാർത്ത നൽകിയിട്ടുള്ളത്. ചെന്നൈയിലെ അരിയല്ലൂർ എന്ന സ്ഥലത്താണ് സംഭവം നടന്നത്. 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് മുത്തച്ഛൻ കൊലപ്പെടുത്തിയത്. ചിത്തിര മാസത്തിൽ ജനിച്ച കുട്ടി കുടുംബത്തിന് ദോഷമാണെന്നു വിശ്വസിച്ചാണ് മുത്തച്ഛൻ വീരമുത്തു (58) കൊലപാതകം നടത്തിയത്. ജ്യോതിഷിയുടെ നിർദേശപ്രകാരമാണ് കുഞ്ഞിനെ കൊന്നതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയെന്ന് വാർത്തയിൽ വിശദമാക്കുന്നുണ്ട്. 

കൂടുതൽ സ്ഥിരീകരണത്തിനായി ഞങ്ങൾ കീവേഡുകളുപയോഗിച്ച് പരിശോധിച്ചപ്പോൾ ദേശീയ മാധ്യമങ്ങളിലും ഇതേ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തമിഴ് മാസമായ ചിത്തിരൈയിൽ (ഏപ്രിൽ പകുതി മുതൽ മെയ് പകുതി വരെ) ജനിച്ചത് ദൗർഭാഗ്യകരമാണെന്ന് വിശ്വസിച്ച് അരിയല്ലൂരിലെ ജയൻകൊണ്ടത്ത് 38 ദിവസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛൻ വീരമുത്തു കൊലപ്പെടുത്തി. ജൂൺ 17 തിങ്കളാഴ്ച വീരമുത്തുവിന്റെ വീടിന് സമീപത്തെ വീപ്പയ്ക്കുള്ളിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതോടെയാണ് കൊലപാതകം പുറത്തറിഞ്ഞത്. മൂന്ന് ദിവസം മുമ്പ് കുട്ടി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.

നവജാത ശിശു തനിക്കും മരുമകന്റെ കുടുംബത്തിനും നിർഭാഗ്യം വശാൽ വരുത്തിവയ്ക്കുന്നതിൽ വീരമുത്തു നേരത്തെ തന്നെ ആശങ്കാകുലനായിരുന്നുവെന്ന് ടിഎൻഎം ജയൻകൊണ്ടം ഇൻസ്പെക്ടർ വ്യക്തമാക്കി. മകളുടെ വിവാഹത്തിനായി താൻ വരുത്തിയ കടങ്ങളെ കുറിച്ച് വീരമുത്തുവിന് ആശങ്കയുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. "ഒരു കുട്ടിയുടെ ജനനത്തിനു ശേഷമുള്ള ആചാരപരമായ സമ്മാനങ്ങൾക്കും ചടങ്ങുകൾക്കുമായി വീരമുത്തുവിന് കൂടുതൽ കടം എടുക്കേണ്ടി വന്നു." ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഇൻസ്പെക്ടർ പറയുന്നു.

അന്വേഷണത്തിൽ കുട്ടിയെ കൊലപ്പെടുത്തിയതായി വീരമുത്തു സമ്മതിച്ചതായും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. “ആദ്യം, കുട്ടിയെ ദൂരെ എവിടെയെങ്കിലും കൊണ്ടുപോയി അവിടെ വിടാൻ അദ്ദേഹം പദ്ധതിയിട്ടെങ്കിലും അത് വിജയിച്ചില്ല. അതിനാൽ കുട്ടിയെ വീപ്പയിലിട്ട് കൊല്ലാനുള്ള ശ്രമത്തിലായിരുന്നു ഇയാൾ. കുട്ടിയെ കാണാനില്ലെന്ന് ആളുകളുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ വീരമുത്തുവും തിരച്ചിലിൽ പങ്കുചേർന്നു. ഇത് കുടുംബത്തിലെ ആരോ ആണെന്ന് ഞങ്ങൾക്ക് സംശയമുണ്ടായിരുന്നു, ഞങ്ങളുടെ ചോദ്യം ചെയ്യലിൽ അയാൾ സമ്മതിച്ചു.അദ്ദേഹം കൂട്ടിച്ചേർത്തു, 

കുറ്റസമ്മതം നടത്തിയതിന് പിന്നാലെ വീരമുത്തുവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ഇന്ത്യൻ പീനൽ കോഡ് (ഐപിസി) പ്രകാരം സെക്ഷൻ 302 (കൊലപാതകം) പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ലഭ്യമായ വിവരങ്ങളിൽ നിന്ന് സംഭവം നടന്നത് കേരളത്തിലല്ല, തമിഴ്നാട്ടിലെ അരിയല്ലൂരിലെ ജയൻകൊണ്ടം എന്ന സ്ഥലത്താണെന്ന് വ്യക്തമായി.

∙ വസ്തുത

ചിത്തിരമാസത്തിൽ ജനിച്ച കുട്ടി കുടുംബത്തിന് ദോഷമാണെന്ന പേരിൽ മുത്തച്ഛൻ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം നടന്നത് കേരളത്തിലല്ല. തമിഴ്നാട്ടിലെ അരിയല്ലൂരിലെ ജയൻകൊണ്ടം എന്ന സ്ഥലത്താണ് സംഭവം നടന്നത്. പ്രചാരണം തെറ്റാണ്.

English Summary :The incident where the grandfather killed the child born did not happened in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com