എന്നാലും കാക്കേ, ഈ പുകില് നീ അറിഞ്ഞോ? പതാക കെട്ടഴിച്ച ഹീറോ കാക്ക!; സത്യമിതാണ് | Fact Check
Mail This Article
രാജ്യം എഴുപത്തിയെട്ടാമത് സ്വാതന്ത്യദിനമാഘോഷിച്ചപ്പോൾ ഉയർത്തിയ ദേശീയ പതാകയുടെ കുരുക്കഴിച്ച് ഹീറോയായ കാക്ക എന്ന അവകാശവാദത്തോടെ പ്രചരിച്ച കേരളത്തിലെ ഒരു കാക്കയുടെ വിഡിയോയായിരുന്നു സമൂഹമാധ്യമങ്ങളിൽ വൈറലായത്.ദേശീയ പതാകയുടെ കെട്ടുമുറുകിയപ്പോ,, ദേശഭക്തിയുള്ള ഒരു കാക്കയുടെ സഹായം,,, എത്ര മനോഹരവും വിചിത്രവുമായ കാഴ്ച !! എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിച്ചത്. പോസ്റ്റ് കാണാം.
എന്നാൽ വൈറൽ പോസ്റ്റുകൾ തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.വാസ്തവമറിയാം.
∙ അന്വേഷണം
വൈറൽ വിഡിയോയിൽ പതാക ഉയർത്തുന്നതും ഉയർത്തിയ പതാകയുടെ കുരുക്കഴിക്കാൻ ശ്രമിക്കുമ്പോൾ ഒരു കാക്ക പറന്നു വരുന്നതും കുരുക്കഴിഞ്ഞ് പതാക തുറന്ന് വരുന്ന സമയത്ത് കാക്ക പെട്ടെന്ന് പറന്നു പോകുന്നതുമായ ദൃശ്യങ്ങളാണുള്ളത്. വിഡിയോയ്ക്കൊപ്പമുള്ള വിവരങ്ങളിലെ കീവേഡുകളുപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇതേ വിഡിയോ മറ്റ് ചിലർ മമ്പാട് പഞ്ചായത്തിലെ മാരമംഗലം അങ്കണവാടിയിൽ സ്വാതന്ത്രദിനാഘോഷ പരിപാടിയിലാണ് സംഭവം എന്ന കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തതായി ശ്രദ്ധയിൽപ്പെട്ടു.
ഈ സൂചനകളുപയോഗിച്ച് തിരഞ്ഞപ്പോൾ മരാമംഗലം യൂത്ത് ക്ലബ് എന്ന ഫെയ്‌സ്ബുക് പേജിൽ ഈ അംഗനവാടിയുടെ ഉദ്ഘാടനം സംബന്ധിച്ച നോട്ടീസ് പ്രസിദ്ധീകരിച്ചിരിക്കുന്നത് ഞങ്ങൾക്ക് ലഭിച്ചു. ഈ നോട്ടീസിൽ വാർഡ് മെമ്പർ വി.കെ.ഷിഹാബ് ചടങ്ങിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് സൂചിപ്പിക്കുന്നുണ്ട്. വിഡിയോയെക്കുറിച്ചുള്ള സ്ഥിരീകരണത്തിനായി മമ്പാട് ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡായ കാട്ടുമുണ്ടയിലെ മെമ്പറായ വി.കെ.ഷിഹാബുമായി ഞങ്ങൾ സംസാരിച്ചു.
വൈറൽ വിഡിയോയിൽ ദേശീയ പതാക ഉയര്‍ത്തിയത് വാർഡ് മെമ്പറായ ഞാൻ തന്നെയാണ്. മലപ്പുറം ജില്ലയിലെ മാരാമംഗലം കാട്ടുമുണ്ടയിലുള്ള അങ്കണവാടിയില്‍ സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തിയപ്പോഴുള്ള ദൃശ്യമാണിത്. പ്രചരിക്കുന്ന വിഡിയോ ചിത്രീകരിച്ച ആംഗിളാണ് എല്ലാവരിലും ആശയക്കുഴപ്പമുണ്ടാക്കിയത്. ഞാൻ താഴെ നിന്ന് ചരട് സ്വതന്ത്രമാക്കിയപ്പോഴാണ് പതാക നിവർന്നത്. കൊടിമരത്തില്‍ നിന്ന് കുറച്ച് ദൂരെയുള്ള തെങ്ങിലാണ് കാക്ക വന്നിരുന്നത്. പിന്നീട് കുട്ടികളുടെ കൈയ്യടികളും ബഹളങ്ങളും കേട്ടപ്പോൾ കാക്ക പറന്നു പോവുകയും ചെയ്തു. വിഡിയോയിൽ ഇത് വ്യക്തമായി മനസിലാക്കാനാകും. അദ്ദേഹം മനോരമ ഓണ്‍ലൈനോട് പറഞ്ഞു.
പതാക ഉയര്‍ത്തിയതിന്റെ മറ്റ് ആംഗിളില്‍ നിന്നുള്ള ഒരു ദൃശ്യവും മെമ്പറായ വി.കെ.ഷിഹാബ് ഞങ്ങളുമായി പങ്ക്‌വച്ചു. ഈ വിഡിയോയിൽ കാക്ക പതാക ഉയർത്തുന്ന സമയത്ത് കുറച്ച് ദൂരെ കാണുന്ന തെങ്ങിന്റെ ഓലയിൽ വന്നിരിക്കുന്നതും പതാക കെട്ടഴിക്കുന്ന സമയത്ത് അവിടെ നിന്ന് പറന്നു പോകുന്നതും വ്യക്തമാണ്. വിഡിയോ കാണാം
ലഭ്യമായ വിവരങ്ങളില്‍ നിന്ന് ദേശീയ പതാകയുടെ കുരുക്കഴിച്ച കാക്കയുടെ ദൃശ്യം എന്ന അവകാശവാദത്തോടെ പ്രചരിച്ച വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി. കൊടിമരത്തിൽ നിന്ന് കുറച്ച് അകലെയുള്ള ഒരു തെങ്ങിലാണ് കാക്ക വന്നിരുന്നത്. വിഡിയോ പകർത്തിയ ആംഗിളിന്റെ പ്രത്യേകത കൊണ്ടാണ് ഇത്തരമൊരു പ്രചാരണം നടന്നത്.
∙ വസ്തുത
ദേശീയ പതാകയുടെ കുരുക്കഴിക്കാൻ സഹായിക്കുന്ന കാക്കയുടെ ദൃശ്യം എന്ന അവകാശവാദത്തോടെ പ്രചരിച്ച വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. വിഡിയോ പകർത്തിയ ആംഗിളിന്റെ പ്രത്യേകത കൊണ്ടാണ് ഇത്തരമൊരു പ്രചാരണം നടന്നത്.കൊടിമരത്തിൽ നിന്ന് കുറച്ച് അകലെയുള്ള ഒരു തെങ്ങിലാണ് കാക്ക വന്നിരുന്നത്
English Summary :A video that went viral claiming to show a crow helping to untangle the national flag is misleading