ഇത് വയനാട് ദുരിതാശ്വാസ ഫണ്ട് പങ്കുവയ്ക്കുന്നതിനിടെ ലീഗുകാരുടെ തമ്മിലടിയോ? വാസ്തവമറിയാം | Fact Check
Mail This Article
സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്ന് വയനാട്ടിലേയ്ക്കുള്ള ദുരിതാശ്വാസ സഹായങ്ങൾ ഇപ്പോഴും നിലയ്ക്കാതെ ഒഴുകുകയാണ്. ഇതിനിടെ വയനാടിന്റെ പേരില്‍ പിരിച്ച പണത്തിന്റെ പങ്കു വീതം വച്ചതിലുള്ള തര്‍ക്കത്തെത്തുടർന്ന് ലീഗില്‍ നടന്ന തമ്മിലടിയെന്ന അവകാശവാദത്തോടെ ഒരു വിഡിയോ ഈ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
∙ അന്വേഷണം
ആലിപ്പറമ്പ് ലീഗിൽ ഒപ്പന എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പ്രചരിക്കുന്നത്. ആളുകൾ ആക്രോശിക്കുന്നതും ഭാരവാഹികളായവരോട് കയർക്കുന്നതും വിഡിയോയിൽ കാണാം. വയനാടിന്റെ പേരും പറഞ്ഞ് പള്ളിയിൽ നിന്ന് പിരിച്ചു കിട്ടിയ പണം ലീഗ് നേതാക്കൾ തട്ടിയെടുത്തെന്നും വിഡിയോയിൽ കുറിച്ചിട്ടുണ്ട്.
വൈറൽ വിഡിയോയിൽ പരാമർശിക്കുന്ന ആലിപ്പറമ്പ് ലീഗ് എന്ന സൂചന ഉപയോഗിച്ച് ഞങ്ങൾ നടത്തിയ കീവേഡ് പരിശോധനയിൽ
ആലിപ്പറമ്പ് പഞ്ചായത്ത് ..ലീഗ് നേതൃത്വത്തിനെതിരെ ക്ഷുഭിതരായി പ്രവർത്തകർ ... വിഭാഗിയത മറനീക്കി പുറത്തേക്ക് എന്ന തലക്കെട്ടോടെ Channel Ten Malappuram ഓഗസ്റ്റ് 26ന് പോസ്റ്റ് ചെയ്ത ഒരു വിഡിയോ ഞങ്ങൾക്ക് ലഭിച്ചു.വിഡിയോ കാണാം.
വിഡിയോ പരിശോധിച്ചപ്പോൾ ആലിപ്പറമ്പ് പഞ്ചായത്തിലെ കൺവെൻഷന്റെ സ്വാഗത സംഘം രൂപീകരണത്തിൽ ഒരു വിഭാഗം പ്രവർത്തകർ നേതാക്കൾക്കെതിരെ തിരിഞ്ഞതോടെ യോഗം സംഘർഷത്തിൽ കലാശിച്ചു.പഞ്ചായത്ത് പ്രസിഡന്റിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടതാണ് ലീഗിലെ വിഭാഗീയത രൂക്ഷമാകാൻ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
കൂടുതൽ തിരഞ്ഞപ്പോൾ മറ്റൊരു വിഡിയോയിലും പാർട്ടിയിലെ ഗ്രൂപ്പ് പ്രവർത്തനങ്ങളും സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള തർക്കമാണ് സംഘർഷഭരിതമായതെന്ന് വ്യക്തമാക്കുന്നുണ്ട്. തൂത ലീഗ് ഓഫിസില്‍ ചേര്‍ന്ന യോഗത്തിലാണ് വാക്ക് തര്‍ക്കം നടന്നതെന്ന് വാര്‍ത്തയില്‍ എടുത്തു പറയുന്നുണ്ട്. ലീഗിലെ ഏഴംഗങ്ങള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നതും അച്ചടക്കലംഘനം നടത്തിയ പ്രവർത്തകരെ സസ്പെൻഡ് ചെയ്ത നടപടിയെക്കുറിച്ചുമെല്ലാം ഞങ്ങൾക്ക് ലഭിച്ച മറ്റ് ചില വാർത്താ റിപ്പോർട്ടുകളിലും വ്യക്തമാക്കുന്നുണ്ട്.
സ്ഥിരീകരണത്തിനായി ഞങ്ങൾ ആലിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ ചില അംഗങ്ങളുമായി സംസാരിച്ചു. പ്രചാരണം തീർത്തും അടിസ്ഥാനരഹിതമാണ്. വൈറൽ വിഡിയോയിൽ പ്രചരിക്കുന്ന തരത്തിൽ വയനാട് ദുരിതാശ്വാസ ഫണ്ടുമായി വിഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല. ആലിപ്പറമ്പ് പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം മറ്റൊരംഗത്തിന് കൈമാറണമെന്ന് ഒരു വിഭാഗം നേതൃത്വത്തെ അറിയിച്ചതാണ് പ്രശ്‌നങ്ങൾക്ക്കാരണം. ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.മുഹമ്മദ് അഫ്‌സല്‍ അലിയെയും മറ്റ് ചില അംഗങ്ങളെയും അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കിയിരുന്നു. ഇവർ യോഗത്തിൽ പങ്കെടുത്തതും വാക്ക് തർക്കത്തിന് കാരണമായി. ഇത്തരത്തിൽ സംഘടനയിൽ ചേരിതിരിഞ്ഞു നടന്ന ചില പ്രാദേശിക തർക്കങ്ങളാണ് സംഘർത്തിന് കാരണമായത്. അവർ പറഞ്ഞു.
ലഭ്യമായ വിവരങ്ങളിൽ നിന്ന് വയനാട് ഫണ്ടിലെ തുക വീതം വച്ചതുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗിലുണ്ടായ തര്‍ക്കമല്ല വൈറൽ വിഡിയോയിലുള്ളതെന്ന് വ്യക്തമായി.
∙ വസ്തുത
വയനാട് ഫണ്ടിലെ തുക വീതം വച്ചതുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗിലുണ്ടായ തര്‍ക്കം എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ആലിപ്പറമ്പ് പഞ്ചായത്തിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഭിന്നതകളുടെ ഭാഗമായി ഓഗസ്റ്റ് 25ന് ആലിപ്പറമ്പ് പഞ്ചായത്തിലെ കൺവെൻഷന്റെ സ്വാഗത സംഘം രൂപീകരണ യോഗത്തിലുണ്ടായ തര്‍ക്കത്തിന്റെ ദൃശ്യങ്ങളാണിത്. വയനാട് ദുരിതാശ്വാസ ഫണ്ടുമായി വിഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല.
English Summary :The video circulating with the claim that there was a dispute in the Muslim League regarding the distribution of funds in the Wayanad Fund is misleading