ADVERTISEMENT

കഴിഞ്ഞ വർഷം പകുതിയിൽ അരങ്ങേറ്റം, ഏറ്റവുമധികം വാഹനങ്ങൾ വിൽക്കുന്ന ആദ്യ 5 വാഹന നിർമാതാക്കളുടെ പട്ടികയിൽ ഇടം, പുറത്തിറക്കിയ രണ്ടു വാഹനങ്ങളും സൂപ്പർ ഹിറ്റുകൾ. കിയ എന്ന ദക്ഷിണ കൊറിയൻ വാഹന നിർമാതാവിന് ഇന്ത്യയിൽ ലഭിച്ചത് രാജകീയ വരവേൽപ്പായിരുന്നു. ഈ അടുത്തകാലത്തൊന്നും ഇന്ത്യൻ വാഹന ലോകത്ത് ഒരു ബ്രാൻഡിന് ഇത്ര സ്വീകാര്യത ലഭിച്ചിട്ടുണ്ടാകില്ല. ചെറു എസ്‍യുവിയായ സെൽറ്റോസിന് ശേഷം പുറത്തിറക്കിയ ആഡംബര എംപിവി കാർണിവല്ലും സൂപ്പർഹിറ്റായി മുന്നേറുകയാണ്.

ഫെബ്രുവരി ആദ്യം വിപണിയിലെത്തിയ കാർണിവല്ലിന്റെ 3187 യൂണിറ്റുകളാണ് രണ്ടുമാസംകൊണ്ട് വിപണിയിലെത്തിയത്. കോവിഡ് 19 ഭീതിയൽ മാർച്ച് പകുതിയോടെ ഡീലർഷിപ്പുകൾ അടച്ചിരുന്നു എന്നിട്ടും 1117  യൂണിറ്റുകൾ വിറ്റു എന്നാണ് കിയ പറയുന്നത്. പ്രീമിയം, പ്രസ്റ്റീജ്, ലിമോസിൻ എന്നീ മൂന്നു വകഭേദങ്ങളിലാണ് കാർണിവൽ വിപണിയിലെത്തിക്കുക. അടിസ്ഥാന വകഭേദമായ പ്രീമിയത്തിന് ഏകദേശം 24.95 ലക്ഷം രൂപയും ലിമോസിന് 33.95 ലക്ഷം രൂപയുമാണ് വില. എഴ്, എട്ട്, ഒമ്പത് സീറ്റ് കോമ്പിനേഷനുകളിൽ പുതിയ എംപിവി എത്തും. അടിസ്ഥാന വകഭേദമായ പ്രീമിയത്തിൽ (ഏഴ്, എട്ട് സീറ്റുകളിൽ ലഭിക്കും) ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലെ, ക്രൂസ് കൺട്രോൾ, പുഷ് ബട്ടൻ സ്റ്റാർട്ട്, 18 ഇഞ്ച് ക്രിസ്റ്റൽ കട്ട് അലോയ് വീലുകൾ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും.

രണ്ടാമത്തെ വകഭേദമായ പ്രസ്റ്റീജിൽ എൽഇഡി പ്രൊജക്റ്റർ ഹെഡ്‌ലാംപ്, ഐസ് ക്യൂബ് എൽഇഡി ഫോഗ് ലാംപ്, എൽഇഡി ടെയിൽ ലാംപ്, ഡ്യുവൽ പാനൽ ഇലക്ട്രിക് സൺറൂഫ്, കോർണർ ബ്രേക്ക് കൺട്രോൾ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ഏഴ്, ഒമ്പത് സീറ്റ് വകഭേദങ്ങളിൽ പ്രസ്റ്റീജ് ലഭിക്കും. ഉയർന്ന വകഭേദമായ ലിമോസിൻ ഏഴു സീറ്റ് വകഭേദത്തിൽ മാത്രമായിരിക്കും ലഭിക്കുക. മൂന്നു സോൺ ക്ലൗമറ്റ് കൺട്രോൾ,  പിൻ സീറ്റ് യാത്രികർക്കായി രണ്ട് 10.1 ഇഞ്ച് സ്ക്രീൻ സഹിതമാണ് ലിമോസിൻ എത്തുക.

ബിഎസ് 6 നിലവാരത്തിലുള്ള 2.2 ലീറ്റർ ഡീസൽ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 200 എച്ച്പി കരുത്തും 440 എൻഎം ടോർക്കുമുണ്ട്. എട്ട് സ്പീഡ് ഓട്ടമാറ്റിക്ക് ഗിയർബോക്സാണ് കാറിൽ ഉപയോഗിക്കുക.

English Summary: Over 3000 Kia Carnival Sold in India in 2 Months

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com