ADVERTISEMENT

വിഖ്യാത റാലി ഡ്രൈവറും ആക്‌ഷന്‍ കായികരംഗത്തെ ഇന്റര്‍നെറ്റ് താരവും ഡിസി ഷൂസ് സഹസ്ഥാപകനുമായിരുന്ന കെന്‍ ബ്ലോക്ക് (55) അന്തരിച്ചു. മഞ്ഞില്‍ ഓടിക്കുന്ന വാഹനം മറിഞ്ഞുണ്ടായ അപകടത്തിലാണ് കെന്‍ ബ്ലോക്കിന് ജീവന്‍ നഷ്ടമായത്. മരണവിവരം അദ്ദേഹത്തിന്റെ ടീമായ ഹൂനിഗന്‍ റേസിങ് ഡിവിഷനും അമേരിക്കന്‍ റാലി അസോസിയേഷനും സ്ഥിരീകരിച്ചു.

ഇന്റര്‍നെറ്റില്‍ സ്റ്റണ്ട് വിഡിയോകളിലൂടെ ദശലക്ഷക്കണക്കിന് ആരാധകരെ നേടിയ ബ്ലോക്കിന്റെ അപ്രതീക്ഷിത വേര്‍പാടിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളിൽ അനുശോചന സന്ദേശങ്ങള്‍ നിറയുകയാണ്. ‘സ്‌നോമൊബീല്‍ അപകടത്തില്‍ കെന്‍ ബ്ലോക്ക് അന്തരിച്ച വിവരം അത്യന്തം വിഷമത്തോടെ അറിയിക്കുന്നു. ദീര്‍ഘദര്‍ശിയും മുമ്പേ നടന്നവനുമായിരുന്നു അദ്ദേഹം.’ എന്നാണ് ഔദ്യോഗിക ഇന്‍സ്റ്റഗ്രാമിലൂടെ ഹൂനിഗന്‍ റേസിങ് ഡിവിഷന്‍ കുറിച്ചത്. കെന്‍ ബ്ലോക്കിന്റെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും അവര്‍ ആരാധകരോട് അഭ്യര്‍ഥിച്ചു.

ken-block-1

ഇന്‍സ്റ്റഗ്രാമില്‍ സജീവമായിരുന്ന കെന്‍ അപകടത്തിനു തൊട്ടു മുമ്പ് മഞ്ഞു മൂടിക്കിടക്കുന്ന പ്രദേശങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റു ചെയ്തിരുന്നു. അമേരിക്കയിലെ വുഡ്‌ലാന്റിലെ മില്‍ ഹോളോയില്‍ മഞ്ഞിലൂടെ പോകുന്ന വാഹനം ഓടിക്കുമ്പോഴായിരുന്നു അപകടം. കുത്തനെയുള്ള ഇറക്കത്തിൽ വാഹനം കീഴ്‌മേല്‍ മറിയുകയായിരുന്നു. വാഹനത്തിന് അടിയില്‍ പെട്ട ബ്ലോക്കിന് സംഭവസ്ഥലത്തുതന്നെ ജീവന്‍ നഷ്ടമായെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

ആരാണ് കെന്‍ ബ്ലോക്ക്?

ചെറുപ്പം മുതലേ റേസിങ് ആവേശമായിരുന്ന കെന്‍ ബ്ലോക്ക് ജനിച്ചത് കലിഫോര്‍ണിയയിലെ ലോങ് ബീച്ചിലാണ്. ഡിസി ഷൂസ് എന്ന ലോകപ്രസിദ്ധ ഷൂ കമ്പനിയുടെ സഹ സ്ഥാപകനായ ശേഷമാണ് മോട്ടര്‍സ്‌പോര്‍ട്‌സില്‍ സജീവമാവുന്നത്. സുഹൃത്ത് ട്രാവിസ് പസ്ട്രാനയാണ് റാലി റേസിങില്‍ ഒരു കൈ നോക്കാന്‍ കെന്‍ ബ്ലോക്കിനെ പ്രോത്സാഹിപ്പിക്കുന്നത്.

ken-block-2

2005ല്‍ വെര്‍മോണ്ട് സ്‌പോര്‍ട്‌സ്‌കാര്‍ ടീമിനൊപ്പം ചേര്‍ന്നതോടെയാണ് കെന്‍ ബ്ലോക്കിന്റെ പ്രഫഷനല്‍ ഡ്രൈവര്‍ ജീവിതം ആരംഭിച്ചത്. ആദ്യ സീസണില്‍ത്തന്നെ വിവിധ മത്സരങ്ങളില്‍ അഞ്ചു തവണ ആദ്യ അഞ്ചിനുള്ളിലെത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഗ്രൂപ്പ് എന്‍ ക്ലാസില്‍ മൂന്നാം സ്ഥാനവും റാലി അമേരിക്ക നാഷനല്‍ ചാംപ്യന്‍ഷിപ്പില്‍ നാലാം സ്ഥാനവും നേടിക്കൊണ്ടാണ് 2005 ലെ സീസൺ അവസാനിപ്പിച്ചത്. ആദ്യ വര്‍ഷം തന്നെ റാലി അമേരിക്ക റൂക്കി അവാര്‍ഡും അദ്ദേഹം നേടി. പിന്നീട് കെന്‍ ബ്ലോക്കിന് റാലി ഡ്രൈവിങ്ങില്‍ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

2007 അവസാനിക്കുമ്പോഴേക്കും റാലി റേസിങുകളില്‍ 19 പോഡിയങ്ങളും എട്ട് ഓവറോള്‍ വിജയങ്ങളും കെന്‍ ബ്ലോക്ക് നേടി. മോട്ടോക്രോസിന് പുറമേ സ്‌കേറ്റ് ബോര്‍ഡിങ്ങിലും സ്‌നോബോര്‍ഡിങ്ങിലുമെല്ലാം കെന്‍ബ്ലോക്ക് കഴിവ് തെളിയിച്ചിരുന്നു. മൂന്നു വെള്ളിയും രണ്ട് വെങ്കലവും അടക്കം എക്‌സ് ഗെയിംസിലും ശ്രദ്ധേയമായ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഡിസി ഷൂസിലെ ഓഹരികള്‍ വിറ്റശേഷം ബ്ലോക്ക് വാഹനപ്രേമികളുടെ സ്വന്തം ഹൂനിഗനിലേക്ക് പൂര്‍ണ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു.

ജിംഖാന എന്ന വിഡിയോ സീരീസിലൂടെ കെന്‍ ബ്ലോക്കിന്റെ സാഹസിക പ്രകടനങ്ങള്‍ യുട്യൂബിലും വന്‍ ഹിറ്റായി. ദശലക്ഷക്കണക്കിന് വ്യൂസാണ് അദ്ദേഹത്തിന്റെ വിഡിയോകള്‍ക്ക് ലഭിച്ചത്. 2016ല്‍ ബിബിസി ഷോയായ ടോപ് ഗിയറിനു വേണ്ടി കെന്‍ ബ്ലോക്കും നടന്‍ ലേബ്ലാങ്കും എത്തിയത് വിവാദത്തിലാണ് അവസാനിച്ചത്. ഷോക്കിടെ മുന്‍ചക്രം ഉയര്‍ത്തിയും ബേണ്‍ ഔട്ട് വഴി ടയര്‍ പുകച്ചുമെല്ലാം ബ്രിട്ടിഷ് യുദ്ധ സ്മാരകമായ സെനോടാഫിന് മുന്‍പില്‍ അടക്കം നടത്തിയ സാഹസിക പ്രകടനങ്ങളാണ് വിവാദമായത്. പിന്നീട് ബിബിസി തന്നെ ഇതിന്റെ പേരില്‍ പരസ്യമായി മാപ്പു പറഞ്ഞിരുന്നു.
റേസിങ് കരിയര്‍ ആരംഭിക്കും മുമ്പേ 2004ലായിരുന്നു ലൂസിയുമായുള്ള കെന്‍ ബ്ലോക്കിന്റെ വിവാഹം. ഇവര്‍ക്ക് മൂന്നു മക്കളാണുള്ളത്. ഇതില്‍ മൂത്ത മകൾ പതിനാറുകാരിയായ ലിയ പിതാവിന്റെ പാത പിന്തുടര്‍ന്ന് റേസിങ് രംഗത്ത് സജീവമാണ്.

English Summary: Rally driver and YouTube star Ken Block dies in snowmobile accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com