ADVERTISEMENT

മാരുതി സുസുക്കിയുടെ പ്രീമിയം വിപണന ശൃംഖലയായ നെക്‌സയിലൂടെ മാരുതി സുസുക്കി ഇന്ത്യയില്‍ വിറ്റഴിച്ചത് 25 ലക്ഷം കാറുകള്‍. എട്ടു വര്‍ഷവും ആറു മാസവും കൊണ്ടാണ് കാല്‍ കോടി കാര്‍ വില്‍പന നെക്‌സ നേടിയിരിക്കുന്നത്. മാര്‍ച്ച് 2024 വരെയുള്ള കണക്കുകള്‍ പ്രകാരം 25.8 ലക്ഷം നെക്‌സ കാറുകളാണ് മാരുതി സുസുക്കി ഇന്ത്യയില്‍ വിറ്റത്. ഏപ്രിലിലേയും(42,727) മെയിലേയും മൊത്തവില്‍പന കൂടി കണക്കിലെടുത്താല്‍ നെക്‌സ വില്‍പന 26.7 ലക്ഷത്തിലെത്തുകയും ചെയ്യും. 

Fronx & Baleno
Fronx & Baleno

2015 ജൂലൈ 23നാണ് പ്രീമിയം വിപണന ശൃംഖലയായി നെക്‌സയെ മാരുതി സുസുക്കി അവതരിപ്പിച്ചത്. ഇപ്പോള്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചിട്ടുള്ള എസ് ക്രോസായിരുന്നു ആദ്യ നെക്‌സ മോഡല്‍. ഇതുവരെ എട്ടു മോഡലുകള്‍ നെക്‌സ അവതരിപ്പിച്ചിട്ടുണ്ട്. രണ്ട് ഹാച്ച്ബാക്കുകളും(ബലേനോ, ഇഗ്നിസ്) മൂന്ന് എസ് യു വികളും(ഗ്രാന്‍ഡ് വിറ്റാര, ഫ്രോങ്‌സ്, ജിമ്‌നി) ഒരു സെഡാനും(സിയാസ്), രണ്ട് എംപിവികളുമാണ്(എക്‌സ്എല്‍6, ഇന്‍വിക്‌റ്റോ) നെക്‌സയിലൂടെ മാരുതി സുസുക്കി വില്‍ക്കുന്നത്. ഇതില്‍ ഫ്രോങ്‌സ്, ജിമ്‌നി, ഇന്‍വിക്‌റ്റോ മോഡലുകള്‍ 2024 സാമ്പത്തിക വര്‍ഷം അവതരിപ്പിച്ചതാണ്. 

2016 സാമ്പത്തിക വര്‍ഷത്തില്‍ ആകെ 68,774 കാറുകളായിരുന്നു നെക്‌സ വഴി മാരുതി സുസുക്കി വിറ്റത്. ഇത് കമ്പനിയുടെ ആകെ വില്‍പനയുടെ 5.26 ശതമാനമായിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ ക്രമാനുഗതമായി വളര്‍ന്ന് ഒരു വര്‍ഷം അഞ്ചു ലക്ഷത്തിലേറെ വില്‍പന 2024 സാമ്പത്തിക വര്‍ഷത്തില്‍ നേടാനും നെക്‌സക്ക് സാധിച്ചു. 2024 സാമ്പത്തിക വര്‍ഷം 5,61,050 നെക്‌സ മോഡലുകളാണ് വിറ്റത്. ആകെ മാരുതി സുസുക്കിയുടെ വില്‍പനയുടെ 32 ശതമാനം വരും ഇപ്പോള്‍ നെക്‌സയുടെ പങ്ക്. നെക്‌സ ഉപഭോക്താക്കളില്‍ പകുതിയോളം 35 വയസില്‍ താഴെയുള്ളവരാണെന്നതും ആദ്യമായി കാര്‍ സ്വന്തമാക്കുന്നവരാണെന്നതും ശ്രദ്ധേയമാണ്. 

2016 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടു മോഡലുകളുമായി(എസ് ക്രോസ്, ബലേനോ) തുടങ്ങിയ നെക്‌സയില്‍ ഇപ്പോള്‍ എട്ടു മോഡലുകളുണ്ട്. ഇക്കൂട്ടത്തില്‍ ബലേനോയാണ് വില്‍പനയുടെ കാര്യത്തില്‍ മുന്നിലുള്ള മോഡല്‍. 2015 ഒക്ടോബറിലാണ് ബലേനോ അവതരിപ്പിച്ചത്. ഇതുവരെയുള്ള കണക്കുകളില്‍ ആകെ നെക്‌സ മോഡല്‍ വില്‍പനയുടെ 56 ശതമാനവും ബലേനോക്ക് അവകാശപ്പെട്ടതാണ്. 

2017 ജനുവരിയിലാണ് ഇഗ്നിസ് അവതരിപ്പിച്ചത്. നെക്‌സ മോഡലുകളുടെ വില്‍പനയില്‍ 11 ശതമാനമാണ് ഇഗ്നിസിന്റെ വില്‍പന പങ്കാളിത്തം. ഇതുവരെ 2,76,762 ഇഗ്നിസുകള്‍ വിറ്റിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷമായിരുന്നു(59,852) ഏറ്റവും കൂടുതല്‍ ഇഗ്നിസുകള്‍ വിറ്റത്. മൂന്നാം സ്ഥാനം വില്‍പനയിലെ ഏഴു ശതമാനമുള്ള സിയാസ് സെഡാനാണ്(1,84,008). കഴിഞ്ഞ വര്‍ഷങ്ങളില്‍ വില്‍പന കുറഞ്ഞ മോഡല്‍ കൂടിയാണ് സിയാസ്. 2018 സാമ്പത്തിക വര്‍ഷം 58,913 സിയാസുകളാണ് വിറ്റതെങ്കില്‍ 2024 സാമ്പത്തിക വര്‍ഷം ഇത് 10,337 യൂണിറ്റുകളായി കുറഞ്ഞു. 

ഗ്രാന്‍ഡ് വിറ്റാര എസ് യു വി 2022 സെപ്തംബറിലാണ് നെക്‌സയില്‍ അവതരിപ്പിക്കപ്പെട്ടത്. അടുത്തിടെ നെക്‌സയിലെ ഏറ്റവും ജനപ്രീതി നേടിയ മോഡലായി ഗ്രാന്‍ഡ വിറ്റാര വൈകാതെ മാറുകയും ചെയ്തു. ആകെ നെക്‌സ വില്‍പനയുടെ 6.66 ശതമാനം(1,72,484) ഗ്രാന്‍ഡ് വിറ്റാരക്ക് സ്വന്തമാണ്. 2022 ഒക്ടോബറില്‍ സിഎന്‍ജി മോഡലുകളും നെക്‌സയില്‍ മാരുതി സുസുക്കി അവതരിപ്പിച്ചു. ഇപ്പോള്‍ ബലേനോ, എക്‌സ്എല്‍6, ഗ്രാന്‍ഡ് വിറ്റാര മോഡലുകളില്‍ ഫാക്ടറി ഫിറ്റഡ് സിഎന്‍ജി മോഡലുകളുണ്ട്. 

2024 സാമ്പത്തിക വര്‍ഷം ഏറ്റവും മികച്ച വില്‍പന വളര്‍ച്ച നേടിയത് എക്‌സ്എല്‍6നാണ്(45,131), കഴിഞ്ഞ വര്‍ഷം 36,423 എക്‌സ്എല്‍6കളാണ് വിറ്റിരുന്നത്. 2024ല്‍ അവതരിപ്പിച്ച ഫ്രോങ്ക്‌സ്, ജിമ്‌നി, ഇന്‍വിക്‌റ്റോ മോഡലുകളില്‍ ഫ്രോങ്‌സാണ് മികച്ച പ്രകടനം നടത്തുന്നത്. 10 മാസം കൊണ്ട് ഒരു ലക്ഷത്തിലേറെ വില്‍പന നേടിയ ഫ്രോങ്‌സ് 14 മാസം കൊണ്ട് 1.50 ലക്ഷം വില്‍പന നേടുകയും ചെയ്തു. 

ഏറെ പ്രതീക്ഷയോടെ മാരുതി സുസുക്കി അവതരിപ്പിച്ച ജിമ്‌നിയുടേത് അല്‍പം വ്യത്യസ്തമായ കഥയാണ്. 2023 ജൂണില്‍ അവതരിപ്പിച്ച ജിമ്‌നി ആകെ 17,009 യൂനിറ്റുകള്‍ മാത്രമാണ് വിറ്റഴിഞ്ഞത്. ഇത് മാരുതി സുസുക്കി ലക്ഷ്യമിട്ടതിനേക്കാളും ഏറെ കുറവാണ്. പ്രീമിയം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഇന്‍വിക്‌റ്റോ എംപിവി 24.79 ലക്ഷത്തിന് 2023 ജൂലൈയില്‍ നെക്‌സ മോഡലായി അവതരിപ്പിക്കുകയും ചെയ്തു. ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ മാരുതി സുസുക്കി മോഡലാണിത്. 

നെക്‌സ ഔട്ട്‌ലെറ്റുകള്‍

2015 ജൂലൈയില്‍ 40 ഔട്ട്‌ലെറ്റുകളുമായാണ് നെക്‌സ ആരംഭിച്ചത്. ഇന്ന് ഇന്ത്യയില്‍ 300ലേറെ നഗരങ്ങളിലായി 500 ഷോറൂമുകള്‍ നെക്‌സക്കുണ്ട്. നഗരങ്ങളില്‍ മാത്രമല്ല ഇപ്പോള്‍ കൂടുതല്‍ ഉള്‍പ്രദേശങ്ങളിലേക്കു കൂടി നെക്‌സ ഷോറൂമുകള്‍ വ്യാപിപ്പിക്കാന്‍ മാരുതി സുസുക്കിക്ക് കഴിഞ്ഞിട്ടുണ്ട്. മാരുതി സുസുക്കിയില്‍ നിന്നുള്ള പ്രീമിയം കാറുകള്‍ക്കുള്ള ആവശ്യകത കൂടിയാണ് ഇത് കാണിക്കുന്നത്. 

2024 സാമ്പത്തികവര്‍ഷത്തില്‍ ആകെ വില്‍പനയുടെ 30ശതമാനം(1,68,000) വലിയ നഗരങ്ങള്‍ക്കു പുറത്തു നിന്നാണെന്നതും ശ്രദ്ധേയമാണ്. നെക്‌സ സര്‍വീസ് നെറ്റ്‌വര്‍ക്കുകളും നഗരങ്ങള്‍ക്കു പുറത്തേക്ക് വ്യാപിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ആറ് കേന്ദ്രങ്ങള്‍ അട്ടേലി(ഹരിയാന), ചര്‍കി ഡാഡ്രി(ഹരിയാന), ബാങ്കുറ(പശ്ചിമബംഗാള്‍), ധാഹോഡ്(ഗുജറാത്ത്), നിര്‍മല്‍(തെലങ്കാന), ഊട്ടി(തമിഴ്‌നാട്) എന്നിവിടങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. 2025 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴേക്കും 100 ഇത്തരം നെക്‌സ സര്‍വീസ് കേന്ദ്രങ്ങള്‍ തുടങ്ങുകയാണ് മാരുതി സുസുക്കിയുടെ ലക്ഷ്യം.

English Summary:

Maruti Suzuki's Nexa Hits Milestone: 25 Lakh Cars Sold in Just Over Eight Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com