ADVERTISEMENT

രാജ്യാന്തര കാര്‍ ക്രാഷ് ടെസ്റ്റായ ഗ്ലോബല്‍ എന്‍സിഎപിക്കൊരു ഇന്ത്യന്‍ ബദലായാണ് ഭാരത് ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം അഥവാ ഭാരത് എന്‍സിഎപി ആരംഭിക്കുന്നത്. ഇന്ത്യയില്‍ തന്നെ കാറുകളുടെ സുരക്ഷ പരിശോധിച്ച് സ്റ്റാര്‍ റേറ്റിങ് നല്‍കുന്ന സംവിധാനം 2023 ഒക്ടോബര്‍ മുതല്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ നാലു കാറുകളാണ് ഭാരത് എന്‍സിഎപിക്കു കീഴില്‍ ക്രാഷ് ടെസ്റ്റ് നടത്തിയത്. നാലും ടാറ്റ മോട്ടോഴ്‌സിന്റെ കാറുകളായിരുന്നു. സുരക്ഷക്ക് വലിയ പ്രാധാന്യം നല്‍കുന്ന ടാറ്റ മോട്ടോഴ്‌സിന്റെ ഈ നാലു കാര്‍ മോഡലുകളുടേയും ഭാരത് എന്‍സിഎപി സ്റ്റാര്‍ റേറ്റിങ് എങ്ങനെയെന്ന് അറിയേണ്ടേ. 

nexon-ev-dark-edition

ടാറ്റ നെക്‌സോണ്‍ ഇവി

ടാറ്റയുടെ ഇന്ത്യയിലെ തുറുപ്പു ചീട്ടുകളിലൊന്നാണ് നെക്‌സോണ്‍ ഇവി. അടുത്തിടെ ഭാരത് എന്‍സിഎപിക്കു കീഴില്‍ ക്രാഷ് ടെസ്റ്റ് നടത്തിയ ഈ മോഡലിന് മുതിര്‍ന്നവരുടേയും കുട്ടികളുടേയും സുരക്ഷാ റേറ്റിങ്ങില്‍ 5 സ്റ്റാര്‍ ലഭിച്ചു. മുതിര്‍ന്നവരുടെ സുരക്ഷയില്‍ സാധ്യമായ 32ല്‍ 29.86 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ 49ല്‍ 44.95 പോയിന്റും നേടിയാണ് നെക്‌സോണ്‍ ഇവി കരുത്തു തെളിയിച്ചത്. എംജി ZS EV, ഹ്യൂണ്ടേയ് കോന ഇലക്ട്രിക്ക് എന്നിവയേക്കാള്‍ വില കുറഞ്ഞ മോഡലായ നെക്‌സോണ്‍ ഇവിയുടെ പ്രധാന എതിരാളി മഹീന്ദ്ര എക്‌സ്‌യുവി 400 ആണ്. നെക്‌സോണ്‍ ഇവിയുടെ റേഞ്ച് 325 കി.മീ മുതല്‍ 465 കി.മീ വരെ. 

tata-punch-ev

ടാറ്റ പഞ്ച് ഇവി

നെക്‌സോണ്‍ ഇവിക്കൊപ്പമാണ് പഞ്ച് ഇവിയും ടാറ്റ ക്രാഷ് ടെസ്റ്റ് നടത്തിയത്. കുട്ടികളുടേയും മുതിര്‍ന്നവരുടേയും സുരക്ഷയില്‍ 5 സ്റ്റാര്‍ റേറ്റിങ് തന്നെ ടാറ്റ പഞ്ച് ഇവിയും നേടി. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 32ല്‍ 31.46ഉം കുട്ടികളുടെ സുരക്ഷയില്‍ 49ല്‍ 45ഉം നേടിയാണ് പഞ്ച് ഇവി 5സ്റ്റാര്‍ സുരക്ഷ തെളിയിച്ചത്. 5 സീറ്റര്‍ മോഡലായ ടാറ്റ പഞ്ച് ഇവിക്ക് 10.99 ലക്ഷം മുതല്‍ 15.49 ലക്ഷം വരെയാണ് വില. റേഞ്ച് 315 കി.മീ മുതല്‍ 421 കി.മീ വരെ. എംജി കോമറ്റ് ഇവിയും മഹീന്ദ്ര എക്‌സ്‌യുവി400 ഇവിയുമാണ് പ്രധാന എതിരാളികള്‍. 

tata-harrier-dark-edition

ടാറ്റ ഹാരിയര്‍

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ടാറ്റ ഹാരിയര്‍ ഭാരത് എന്‍സിഎപിയില്‍ ക്രാഷ് ടെസ്റ്റ് നടത്തിയത്. ഈ ടാറ്റ മോഡലും കുട്ടികളുടേയും മുതിര്‍ന്നവരുടേയും സുരക്ഷയില്‍ 5 സ്റ്റാര്‍ റേറ്റിങ് തന്നെ നേടി. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 32ല്‍ 30.08 പോയിന്റും കുട്ടികളുടേതില്‍ 49ല്‍ 44.54 പോയിന്റുമാണ് നേടിയത്. വില 15.49 ലക്ഷം മുതല്‍ 26.44 ലക്ഷം വരെ. ഹ്യുണ്ടേയ് ക്രേറ്റ, മഹിന്ദ്ര എക്‌സ്‌യുവി700, എംജി ഹെക്ടര്‍, കിയ സെല്‍റ്റോസ് എന്നിവയാണ് പ്രധാന എതിരാളികള്‍. 

tata-safari-dark-edition

ടാറ്റ സഫാരി

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ക്രാഷ് ടെസ്റ്റ് നടത്തിയ ടാറ്റ സഫാരിയും സുരക്ഷയില്‍ നിരാശപ്പെടുത്തിയില്ല. കുട്ടികളുടേയും മുതിര്‍ന്നവരുടേയും സുരക്ഷയില്‍ 5 സ്റ്റാര്‍ റേറ്റിങ് തന്നെ സഫാരി സ്വന്തമാക്കി. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 32ല്‍ 30.08 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ 49ല്‍ 44.54 പോയിന്റുമാണ് സഫാരി നേടിയത്. വില 16.19 ലക്ഷം മുതല്‍ 27.34 ലക്ഷം വരെ. മഹീന്ദ്ര എക്‌സ്‌യുവി700, ഹ്യുണ്ടേയ് അല്‍കസാര്‍, ടാറ്റയുടെ തന്നെ ഹാരിയര്‍ എന്നിവരാണ് പ്രധാന എതിരാളികള്‍.

English Summary:

Tata Motors Bharat ncap 2023 Review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com