ADVERTISEMENT

കാറിൽ സ്വമ്മിങ് പൂൾ നിർമിച്ച് യാത്ര നടത്തിയ സംഭവത്തിൽ സഞ്ജു ടെക്കിയുടെ വിഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്. മോട്ടർ വാഹന നിയമലംഘനങ്ങൾ അടങ്ങിയ എട്ടു വിഡിയോകളാണ് യൂട്യൂബ് നീക്കം ചെയതത്. നിയമലംഘനങ്ങൾ അടങ്ങിയ വിഡിയോ നീക്കം ചെയ്യണമെന്ന് മോട്ടർവാഹനവകുപ്പ് യൂട്യൂബിന് കത്തു നൽകിയിരുന്നു, ഇതേ തുടർന്നാണ് നടപടി. 

സഞ്ജു ടെക്കി എന്ന ടി.എസ്.സജുവിന്റെ ( ഡ്രൈവിങ് ലൈസൻസ് മോട്ടർ വാഹന വകുപ്പ് ആജീവനാന്തം റദ്ദാക്കിയിരുന്നു. പകൽ തിരക്കുള്ള സമയത്തു ദേശീയപാതയിലടക്കം നടത്തിയ യാത്രയുടെ വിഡിയോ പ്രചരിച്ചതോടെയാണു മോട്ടർ വാഹന വകുപ്പ് കേസെടുത്തത്.  വാഹനത്തിന്റെ റജിസ്ട്രേഷനും വാഹനമോടിച്ചിരുന്ന സൂര്യനാരായണന്റെ (29) ലൈസൻസും ഒരു വർഷത്തേക്കു റദ്ദാക്കിയിരുന്നു. ഇതിനെ വിമർശിച്ച് വിഡിയോ അപ്‌ലോഡ് ചെയ്തതിനെത്തുടർന്ന് ഹൈക്കോടതി ഇടപെട്ടതോടെ മുൻ വിഡിയോകളിലെയും നിയമലംഘനങ്ങൾ കണ്ടെത്തി എൻഫോഴ്സ്മെന്റ് ആർടിഒ ആർ.രമണനാണ് സജുവിന്റെ ലൈസൻസ് റദ്ദാക്കിയത്. 

സജു, സൂര്യനാരായണൻ, കൂട്ടത്തിലുണ്ടായിരുന്ന അഭിലാഷ് ഗോപി (28), സ്റ്റാൻലി ക്രിസ്റ്റഫർ (28) എന്നിവർ മോട്ടർ വാഹന വകുപ്പിന്റെ ശിക്ഷാനടപടികളുടെ ഭാഗമായി മലപ്പുറം എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയ്നിങ് ആൻഡ് റിസർച്ചിൽ പരിശീലനം പൂർത്തിയാക്കിയിരുന്നു. ഇതിനു പുറമേ, ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ 15 ദിവസത്തെ സന്നദ്ധപ്രവർത്തനം ഇവർ തുടരുകയാണ്.ഡ്രൈവിങ് ലൈസൻസ് ആർടിഒ റദ്ദാക്കിയതിനെതിരെ സജുവിന് 30 ദിവസത്തിനകം ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർക്ക് അപ്പീൽ നൽകാം. പ്രായപൂർത്തിയാകാത്ത വ്ലോഗറെക്കൊണ്ടു വാഹനമോടിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനു സജു മുൻപ് കോടതി നടപടി നേരിട്ടിട്ടുണ്ട്.

English Summary:

Youtube Removes Sanju Techis Videos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com