ADVERTISEMENT

ഇലക്ട്രിക് വാഹനങ്ങൾക്കു മുമ്പൊന്നുമില്ലാത്ത സ്വീകാര്യതയാണ് കഴിഞ്ഞ കുറച്ച വർഷങ്ങളിലായി ലഭിച്ചു കൊണ്ടിരിക്കുന്നത്. വാഹനവിപണി ഒന്നടങ്കം ഇപ്പോൾ ഇ വികൾക്ക് പിന്നാലെയാണെന്നു പറയുന്നതിൽ അതിശയോക്തി ഒട്ടും തന്നെയില്ല. രാജ്യാന്തര വിപണികളിൽ മാത്രമല്ല, ഇന്ത്യയും ഇപ്പോൾ ഈ 'ട്രെൻഡി'നൊപ്പം തന്നെയാണ്. 2023 ൽ ഏറ്റവും കൂടുതൽ ഇലക്ട്രിക് വാഹനങ്ങളെ നിരത്തിലെത്തിച്ച ഇന്ത്യൻ നഗരങ്ങളുടെ കണക്കെടുത്താൽ  അതിൽ ഡൽഹിയെയും മുംബൈയെയും പിന്തള്ളി ഒന്നാമതെത്തിയിരിക്കുന്നത് ബെംഗളൂരു ആണ്. 

കഴിഞ്ഞ വർഷം ബെംഗളൂരുവിൽ റജിസ്റ്റർ ചെയ്ത ഇ വികളുടെ എണ്ണം 8690 ആണ്. മുൻവർഷത്തെ അപേക്ഷിച്ച് 121.2 ശതമാനത്തോളം വളർച്ചയാണ് ഈ രംഗത്തുണ്ടായത്. 2022 ൽ 2479  ഇലക്ട്രിക് വാഹനങ്ങൾ മാത്രമാണ് ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് കേൾക്കുമ്പോൾ തന്നെ മനസിലാക്കാമല്ലോ ഇലക്ട്രിക് വാഹന വിപണിയിക്കുണ്ടായ മുന്നേറ്റം എത്രമാത്രമാണെന്ന്. 2023 വർഷത്തിൽ ഇന്ത്യയിലൊട്ടാകെ 87927 ഇ വി കളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2022 നെ അപേക്ഷിച്ച് 143.7 ശതമാനത്തിന്റെ വളർച്ചയുണ്ടായി. ഇലക്ട്രിക്ക് വാഹനങ്ങൾ സ്വന്തമാക്കുന്നതിൽ ബെംഗളൂരുവിനു പിന്നിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ഡൽഹിയാണ്. 8211 വാഹനങ്ങളാണ് ആ നഗര നിരത്തിലെത്തിയത്. ഹൈദരാബാദ്, മുംബൈ, പൂനെ എന്നീ നഗരങ്ങളിൽ യഥാക്രമം 6408, 5425, 3991 യൂണിറ്റ് വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

2023 ൽ ബെംഗളൂരുവിനായിരുന്നു ഒന്നാം സ്ഥാനമെങ്കിൽ 2022 ൽ ഏറ്റവും കൂടുതൽ ഇ വി കൾ രജിസ്റ്റർ ചെയ്ത  നഗരം മുംബൈ ആയിരുന്നു. ഡൽഹി ( 3748 ), പൂനെ ( 2914 ), ബെംഗളൂരു ( 2914 ), ഹൈദരാബാദ് ( 2225 ) എന്നീ നഗരങ്ങളായിരുന്നു തൊട്ടടുത്ത സ്ഥാനങ്ങളിൽ. 2020 ലും 2021 ലും ഡൽഹിയും മുംബൈയും ആയിരുന്നു ആദ്യസ്ഥാനങ്ങളിൽ. ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയുടെ വളർച്ച ത്വരിതഗതിയിലാണെന്നു വ്യക്തമാക്കുന്നു മേല്പറഞ്ഞ കണക്കുകൾ. നിരവധി ഇലക്ട്രിക്ക് കാർ മോഡലുകൾ വിപണിയിറങ്ങുന്നതും വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ വർധിച്ചതും ഇ വി കൾ വാങ്ങുന്നതിനു പ്രഖ്യാപിക്കപ്പെട്ട   സബ്‌സിഡിയുമെല്ലാമാണ് ഇലക്ട്രിക് വാഹനങ്ങളോട് ഇന്ത്യക്കാർക്ക് പ്രിയം വർധിച്ചതിനു പുറകിലുള്ള കാരണങ്ങൾ. 

രാജ്യത്തു ഏറ്റവും കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്ത ബെംഗളൂരു നഗരത്തിന്റെ കാര്യമെടുത്താൽ സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ എണ്ണത്തിലുള്ള വർധനവ്, അടിസ്ഥാന സൗകര്യങ്ങളുള്ള റോഡുകൾ, ചാർജ് ചെയ്യുന്ന വൈദ്യുതിക്കുള്ള സബ്‌സിഡി, നഗരത്തിലാകമാനമുള്ള ചാർജിങ് സ്റ്റേഷനുകൾ എന്നിവയെല്ലാമാണ് ഇ വി കൾ സ്വന്തമാക്കുന്നതിനു പുറകിലുള്ള കാരണങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com