ADVERTISEMENT

ഇന്ത്യന്‍ കാര്‍ വിപണിയില്‍ വില്‍പനയില്‍ പുതു ചരിത്രം രചിച്ച് മാരുതി സുസുക്കി സ്വിഫ്റ്റ്. മുപ്പതു ലക്ഷം സ്വിഫ്റ്റുകളാണ് ഇതുവരെ ഇന്ത്യയില്‍ വിറ്റത്. 2005 മെയ് മാസത്തില്‍ ആദ്യമായി പുറത്തിറങ്ങിയ സ്വിഫ്റ്റ് പ്രതിദിനം 17 എണ്ണം വില്‍ക്കാന്‍ മാരുതി സുസുക്കിക്ക് സാധിച്ചു. നാലു തലമുറകളിലായി പുറത്തിറങ്ങിയിട്ടുള്ള ഈ ഹാച്ച്ബാക്ക് രാജ്യാന്തര വിപണിയില്‍ 65 ലക്ഷത്തിലേറെ ഇതുവരെ വില്‍ക്കാനായി. 

'സ്വിഫ്റ്റ് സ്വന്തമാക്കിയ ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് സ്വിഫ്റ്റ് ഒരു കാറിനുപരിയായി സന്തോഷവും സ്വാതന്ത്ര്യവും ഉന്മേഷവുമൊക്കെയാണ്. സാങ്കേതികവിദ്യയിലും സ്‌റ്റൈലിലും ഓരോ തലമുറയിലും പുതുമ കൊണ്ടുവരാന്‍ സ്വിഫ്റ്റിനായി. അപ്പോഴും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന സ്വിഫ്റ്റിന്റെ സവിശേഷതകളില്‍ മാറ്റമുണ്ടായില്ല. രാജ്യത്തെങ്ങുമുള്ള സ്വിഫ്റ്റ് ഉടമകളോടുള്ള അതിരില്ലാത്ത നന്ദി പ്രകടിപ്പിക്കാനുള്ള അവസരമായാണ് ഈ നേട്ടം ഞങ്ങള്‍ ഉപയോഗിക്കുന്നത്' മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാര്‍ക്കറ്റിങ് ആന്റ് സെയില്‍സ് സീനിയര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ പാര്‍ത്തോ ബാനര്‍ജി പറഞ്ഞു. 

swift

ആദ്യ തലമുറ സ്വിഫ്റ്റ്

2005ലാണ് മാരുതി സുസുക്കി ആദ്യ തലമുറ സ്വിഫ്റ്റ് പുറത്തിറക്കുന്നത്. വിഖ്യാതമായ സുസുക്കി ഹയാബുസ മോട്ടോര്‍ സൈക്കിളിന്റെ രൂപത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്നതാണ് സ്വിഫ്റ്റിന്റെ രൂപം. ക്ലൈമറ്റ് കണ്‍ട്രോള്‍, എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം(ABS) എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ സെ‌ഗ്‌മെന്റില്‍ ആദ്യമായി അവതരിപ്പിച്ചത് സ്വിഫ്റ്റായിരുന്നു. 1.3 ലീറ്റര്‍ 4 സിലിണ്ടര്‍ എന്‍ജിനായിരുന്നു കരുത്ത്. പിന്നീട് ഫിയറ്റില്‍ നിന്നുള്ള 1.3 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ മോഡലും പുറത്തിറക്കി. ഇതോടെ സ്വിഫ്റ്റിന്റെ വില്‍പന കുതിച്ചുയര്‍ന്നു. 

2006-swift

രണ്ടാം തലമുറ സ്വിഫ്റ്റ്

അഞ്ചു വര്‍ഷത്തിനു ശേഷമാണ് രണ്ടാം തലമുറ സ്വിഫ്റ്റിനെ മാരുതി സുസുക്കി അവതരിപ്പിക്കുന്നത്. കൂടുതല്‍ സൗകര്യങ്ങളോടെയായിരുന്നു 2010ല്‍ സ്വിഫ്റ്റിന്റെ രണ്ടാം വരവ്. രണ്ട് എന്‍ജിന്‍ ഓപ്ഷനുകള്‍. 1.2 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ കെ 12 എന്‍എ പെട്രോള്‍ എന്‍ജിനായിരുന്നു പ്രധാന മാറ്റം. 1.3 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുമുണ്ടായിരുന്നു. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമായിരുന്നു രണ്ടാം തലമുറ സ്വിഫ്റ്റിലുണ്ടായിരുന്നത്. 4.22 ലക്ഷം മുതല്‍ 6.38 ലക്ഷം രൂപ വരെയുള്ള വിലയിലെത്തിയ രണ്ടാം തലമുറ സ്വിഫ്റ്റും സൂപ്പര്‍ ഹിറ്റായിരുന്നു. 

second-gen-swift-photo

മൂന്നാം തലമുറ സ്വിഫ്റ്റ്

ഇന്ത്യയില്‍ 2018ലാണ് മൂന്നാം തലമുറ സ്വിഫ്റ്റിനെ മാരുതി സുസുക്കി അവതരിപ്പിക്കുന്നത്. ഇത്തവണ ആധുനികമായ സുസുക്കിയുടെ HEARTECT പ്ലാറ്റ്‌ഫോമിലാണ് സ്വിഫ്റ്റ് എത്തിയത്. കൂടുതല്‍ ഫീച്ചറുകളോടെ എത്തിയ മാരുതി സുസുക്കി സ്വിഫ്റ്റ് ഇത്തവണ കൂടുതല്‍ പുതു തലമുറയിലേക്കെത്തി. പ്രൊജക്ടര്‍ ഹെഡ്‌ലാംപ്, എല്‍ഇഡി ഡിആര്‍എല്‍, ഗണ്‍മെറ്റല്‍ അലോയ് വീലുകള്‍ എന്നീ ഫീച്ചുറുകള്‍ ഇത്തവണ സ്വിഫ്റ്റിന് ലഭിച്ചു. 

2018-maruti-swift

ഉള്ളില്‍ സിംഗിള്‍ ടോണ്‍ കാബിന്‍ ലേ ഔട്ട് തന്നെ തുടര്‍ന്നു. പിന്നില്‍ കൂടുതല്‍ സ്ഥലസൗകര്യം ലഭിച്ചതോടെ കാലു നിവര്‍ത്താന്‍ സ്ഥലമില്ലെന്ന പരാതി പരിഹരിക്കാനാി. ഫ്‌ളാറ്റ് ബോട്ടം സ്റ്റീറിങ് വീല്‍, സ്‌പോട്ടി ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പുതിയ ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ കാബിനിലെ അന്തരീക്ഷം തന്നെ മാറ്റി. ഏറെ കാത്തിരുന്ന ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം പുതിയ സ്വിഫ്റ്റില്‍ അവതരിപ്പിക്കപ്പെട്ടു. സിയാസ്, ബലേനോ, വിറ്റാര ബ്രെസ, ഇഗ്നിസ്, ഡിസയര്‍ എന്നീ മാരുതി മോഡലുകളിലെ 7 ഇഞ്ച് ടച്ച് സ്‌ക്രീനായിരുന്നു സ്വിഫ്റ്റിലും. ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയും പിന്തുണക്കുന്ന ടച്ച് സ്‌ക്രീനില്‍ സാറ്റലൈറ്റ് നാവിഗേഷന്‍ സൗകര്യവുമുണ്ടായിരുന്നു. 1.2 ലീറ്റര്‍ പെട്രോള്‍, 1.3 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകള്‍. എഎംടി ഒട്ടമാറ്റിക് ഗിയര്‍ ബോക്‌സ് ഓപ്ഷനും പുതുതായി ഉള്‍പ്പെടുത്തി. 

ലോഗോയുടെ സ്ഥാനം ഗ്രില്ലിൽ നിന്ന് ബംബറിലേക്ക് മാറി
ലോഗോയുടെ സ്ഥാനം ഗ്രില്ലിൽ നിന്ന് ബംബറിലേക്ക് മാറി

നാലാം തലമുറ സ്വിഫ്റ്റ്

ഇന്ന് സ്വിഫ്റ്റിന്റെ നാലാം തലമുറ മോഡലാണ് വിപണിയിലുള്ളത്. പുതിയ മോഡലിന്റെ വരവോടെ ഇപ്പോള്‍ ഇന്ത്യയില്‍ ഏറ്റവും വില്‍പനയുള്ള കാറെന്ന പദവി മാരുതി സുസുക്കി സ്വിഫ്റ്റ് തിരിച്ചുപിടിക്കുകയും ചെയ്തു. പുറത്തിറങ്ങിയ മെയ് മാസത്തില്‍ തന്നെ മാത്രം ഇന്ത്യന്‍ വിപണിയില്‍ 19,393 സ്വിഫ്റ്റ് കാറുകളാണ് വിറ്റത്. കൂടുതല്‍ കാര്യക്ഷമമായ z സീരീസ് ത്രീ സിലിണ്ടര്‍ 1.2 ലീറ്റര്‍ എന്‍ജിനുള്ള സ്വിഫ്റ്റ് 25.75 കിമി ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നുണ്ട്.  5 സ്പീഡ് എംടി അല്ലെങ്കില്‍ 5 സ്പീഡ് എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. 6 എയര്‍ബാഗുകകള്‍, എബിഎസ് വിത്ത് ഇബിഡി, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, ഇഎസ്ബി, ഹില്‍ ഹോള്‍ഡ് അസിസ്റ്റ് എന്നിങ്ങനെ സുരക്ഷയുടെ കാര്യത്തിലും പുതിയ സ്വിഫ്റ്റ് പിന്നിലല്ല. വില 6.49 ലക്ഷം രൂപ മുതല്‍. 

English Summary:

Maruti Suzuki Swift Celebrates 3 Million Sales Milestone: Here's A Look At Its Journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com