ADVERTISEMENT

ഒരു കാറിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ടയറുകള്‍. വേറെന്തൊക്കെ സവിശേഷതകളുണ്ടെങ്കിലും ടയറുകള്‍ മോശമാണെങ്കില്‍ യാത്രാസുഖത്തെ നേരിട്ടു ബാധിക്കും. ഓരോ വാഹന നിര്‍മാതാക്കളും തങ്ങളുടെ വാഹന മോഡലുകള്‍ക്ക് വേണ്ട ടയറുകള്‍ നിരവധി പരീക്ഷണങ്ങള്‍ക്കു ശേഷമാണ് തെരഞ്ഞെടുക്കുന്നത്. എങ്കിലും ചിലരെങ്കിലും വാഹന നിര്‍മാതാക്കളുടെ ടയറുകള്‍ മാറ്റി സ്വന്തം നിലക്ക് പരീക്ഷണങ്ങള്‍ നടത്താറുണ്ട്. ടയറുകളുടെ കാര്യത്തില്‍ എന്തൊക്കെ ശ്രദ്ധിക്കണം?

ടയര്‍ ലൈഫ് 

എപ്പോഴാണ് ടയര്‍ മാറ്റേണ്ടത് എന്ന ചോദ്യത്തിന്റെ ഉത്തരം എല്ലാ കാറുടമകളും അറിഞ്ഞിരിക്കണം. ഇല്ലെങ്കില്‍ ടയര്‍ പണി തന്ന് വഴിയില്‍ കിടക്കേണ്ടി വരുമെന്നു മാത്രം. ടയര്‍ മാറ്റാറായി എന്നതിന്റെ പ്രധാന സൂചന ടയറുകളുടെ ഗ്രിപ്പിലുണ്ടാവുന്ന മാറ്റമാണ്. വാഹനത്തിന്റെ പെര്‍ഫോമെന്‍സിനേയും തേഞ്ഞ ടയര്‍ ബാധിക്കും. ഇനി ടയര്‍ തേഞ്ഞിട്ടില്ലെങ്കില്‍ പോലും അഞ്ചോ ആറോ വര്‍ഷം കഴിഞ്ഞിട്ടുണ്ടെങ്കില്‍ ടയറുകള്‍ മാറ്റേണ്ടി വരും. ഇല്ലെങ്കില്‍ ടയറില്‍ വിള്ളലുകളും മുഴകളുമൊക്കെ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ടയര്‍ പഴക്കം മൂലം കൂടുതല്‍ കട്ടിയാവുകയും യാത്രാസുഖത്തെ ബാധിക്കുകയും ചെയ്യും. 

ടയറിന്റെ വീതി

ടയറിന്റെ വശങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ടയര്‍ സ്പീഡ് റേറ്റിങില്‍ ടയറിന്റെ വീതി വ്യക്തമായറിയാനാവും. ഉദാഹരണത്തിന് 195/55 R16 എന്നാണ് ടയര്‍ സ്പീഡ് റേറ്റിങ് എങ്കില്‍ 195 എംഎം ആയിരിക്കും ടയറിന്റെ വീതി. റിമ്മില്‍ മാറ്റമില്ലാതെ 20 എംഎം കൂടി വലുപ്പമുള്ള ടയറുകള്‍ വരെ സുരക്ഷിതമായി ഉപയോഗിക്കാം. വീതിയേറിയ ടയറുകള്‍ റോഡിലെ ഗ്രിപ്പ് വര്‍ധിപ്പിക്കുകയും വളവുകളില്‍ എളുപ്പം വാഹനം ഓടിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. 

ടയര്‍ പ്രൊഫൈല്‍

195/55 R16  ടയര്‍ സ്പീഡ് റേറ്റിങില്‍ 55 ആണ് ടയറിന്റെ സൈഡ് വാള്‍ ഉയരം. ടയറിന്റെ വീതിയുടെ ശതമാനമാണ് 55 എന്നതു കൊണ്ട് കുറിക്കുന്നത്. ഇവിടെ 195എംഎമ്മിന്റെ 55 ശതമാനമായ 107 എംഎം ആയിരിക്കും ടയറിന്റെ വശങ്ങളിലെ ഉയരം. കട്ടിയേറിയ സൈഡ് വാള്‍ ഉണ്ടെങ്കില്‍ യാത്രാ സുഖം വര്‍ധിക്കാറുണ്ട്. ടയറിന്റെ ഉയരം കുറയുമ്പോള്‍ വാഹനത്തെ എളുപ്പം നിയന്ത്രിക്കാനാവും. 

ടയര്‍ നിര്‍മിക്കുന്ന വസ്തുക്കള്‍

ഏതു വസ്തുക്കള്‍ ഉപയോഗിച്ചാണ് ടയറുകള്‍ നിര്‍മിക്കുന്നതെന്നതും പ്രധാനമാണ്. പ്രകൃതിയില്‍ നിന്നുള്ളതും കൃത്രിമ റബറുകളും സിലിക്കയും കാര്‍ബണ്‍ ബ്ലാക്കുമെല്ലാം ടയര്‍ നിര്‍മാണത്തിനുപയോഗിക്കുന്നുണ്ട്. കട്ടിയേറിയ വസ്തുക്കള്‍ ഉപയോഗിക്കുന്ന ടയറുകള്‍ കൂടുതല്‍ കാലം ഉപയോഗിക്കാനാവും. എന്നാല്‍ കട്ടി കുറഞ്ഞ വസ്തുക്കളുപയോഗിച്ച് നിര്‍മിക്കുന്ന ടയറുകള്‍ മികച്ച ഗ്രിപ്പും യാത്രാ സുഖവും വാഗ്ദാനം ചെയ്യുന്നു. ഇത്തരം ടയറുകള്‍ക്ക് വില കൂടുതലാണ്. 

ഓഫ് റോഡ് ടയറുകള്‍

ഇന്ന് നിരത്തിലിറങ്ങുന്ന 4×4 വാഹനങ്ങളില്‍ ഓള്‍ ടെറൈന്‍ ടയറുകളാണ് ഉപയോഗിച്ചു കാണുന്നത്. ഇത്തരം ടയറുകള്‍ ഓഫ് റോഡിങിനും ഓണ്‍ റോഡിനും പറ്റിയതാണ്. ഉയര്‍ന്ന യാത്രാ സുഖം നല്‍കുന്ന ഹൈവേ ടയറുകളേക്കാള്‍ കൂടുതല്‍ കാലം നില്‍ക്കുന്നവയാണിവ. എന്നാല്‍ വലിയ തോതില്‍ ഓഫ് റോഡിങ് ചെയ്യാനും ചെളിയിലൂടെ ഓടിക്കാനമെല്ലാം മഡ് ടയറുകള്‍(എം/ടി) വേണ്ടിവരും. വലിയ കട്ടകളുള്ള വലിപ്പം കൂടുതലുളള ടയറുകളാണിവ. ഏതു മണ്ണും ചെളിയും പാറയുമെല്ലാം താണ്ടാന്‍ ഈ ടയറുകള്‍ സഹായിക്കും. ഇത്തരം ടയറുകള്‍ സാധാരണ റോഡുകളില്‍ ഉപയോഗിച്ചാല്‍ കുലുക്കവും ശബ്ദവും കൂടുകയും ചെയ്യും. 

മഞ്ഞു ടയറുകള്‍

ഇന്ത്യയില്‍ പൊതുവേ ഓള്‍ വെതര്‍ ടയറുകളാണ് ഉപയോഗിക്കാറ്. എന്നാല്‍ നല്ല തണുപ്പുള്ള നാടുകളില്‍ മഞ്ഞില്‍ ഉപയോഗിക്കാന്‍ പ്രത്യേകം തയ്യാറാക്കിയ ടയറുകളും ഉപയോഗിക്കാറുണ്ട്. കൂടുതല്‍ മൃദുവായ വസ്തുക്കള്‍ ഉപയോഗിച്ചാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. കുറഞ്ഞ താപനിലയിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കൂടിയ അളവില്‍ പ്രകൃത്യായുള്ള റബറും ഉപയോഗിക്കും. 

ഇവി ടയറുകള്‍

ഇവികള്‍ വ്യാപകമായതോടെ ഇവി ടയറുകളും പല കമ്പനികളും പുറത്തിറക്കുന്നുണ്ട്. സാധാരണ ടയറുകളോട് സാമ്യമുള്ളവയാണ് ഇവി ടയറുകള്‍. എന്നാല്‍ ഇവികളുടെ ഉയര്‍ന്ന ഭാരം താങ്ങാന്‍ ഇവക്ക് ശേഷി കൂടുതലായിരിക്കും. ടയര്‍ ഉരുളുമ്പോഴുള്ള പ്രതിരോധവും കുറവായിരിക്കും. ഇതോടെ പരമാവധി കാര്യക്ഷമത ഉറപ്പിക്കാനും വാഹനം സഞ്ചരിക്കുമ്പോഴുള്ള ശബ്ദം കുറക്കാനും സാധിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com