ADVERTISEMENT

20 ലക്ഷം കാറുകള്‍ ഇന്ത്യന്‍ റെയില്‍വേ വഴി കൊണ്ടുപോയി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് മാരുതി സുസുക്കി. കാറുകള്‍ കൊണ്ടുപോവുന്നതിന് ട്രെയിനുകള്‍ ഉപയോഗിച്ചതു വഴി 27 കോടി ലീറ്റര്‍ ഇന്ധനം ലാഭിക്കാനും 10,000 മെട്രിക് ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് അന്തരീക്ഷത്തിലെത്തുന്നത് തടയാനും സാധിച്ചു. മാരുതി സുസുക്കിയുടെ ഈ ഹരിത ഗ്രീന്‍ ലോജിസ്റ്റിക്‌സ് 2014-15 സാമ്പത്തിക വര്‍ഷമാണ് ആരംഭിച്ചത്. 

ഇന്ത്യന്‍ റെയില്‍വേ വഴി 2014-15ല്‍ 65,700 കാറുകളാണ്(5%) മാരുതി സുസുക്കി ലക്ഷ്യസ്ഥാനത്തെത്തിച്ചത്. പിന്നീടുള്ള അഞ്ചുവര്‍ഷം താരതമ്യേന ചെറിയ വളര്‍ച്ചയാണ് നേടിയത്. എന്നാല്‍ 2023-24 സാമ്പത്തിക വര്‍ഷത്തിലെത്തിയപ്പോഴേക്കും റെയില്‍വേ വഴിയുള്ള കാറുകള്‍ കൊണ്ടുപോവുന്നത് 21.5 ശതമാനമായിട്ടുണ്ട്. 4,47,750 കാറുകളാണ് ട്രെയിനുകളില്‍ പോയ സാമ്പത്തിക വര്‍ഷം മാരുതി സുസുക്കി കൊണ്ടുപോയത്. 

റോഡുകളിലൂടെ കാറുകള്‍ കൊണ്ടുപോവുന്നതിനെ അപേക്ഷിച്ച് റെയില്‍വേ വഴി കാറുകള്‍ കൊണ്ടുപോവുന്നതിന് ഒരുപാട് ഗുണങ്ങളുണ്ട്. ഗതാഗത തടമില്ലാതെ പ്രതീക്ഷിച്ച സമയത്ത് ലക്ഷ്യത്തിലെത്തും സുരക്ഷിതത്വം കാര്യക്ഷമമായ ഊര്‍ജ്ജ ഉപഭോഗമുള്ള യാത്രാമാര്‍ഗം എന്നിവ ഉദാഹരണങ്ങളാണ്. ഇന്ത്യയിലെ 450ലേറെ നഗരങ്ങളിലെ വിതരണത്തിനായി 20 കേന്ദ്രങ്ങളിലേക്കാണ് മാരുതി സുസുക്കി കാറുകളെ ട്രെയിനുകള്‍ വഴി കൊണ്ടുപോവുന്നത്. വരും വര്‍ഷങ്ങളില്‍ കാറുകള്‍ കൊണ്ടുപോവുന്നതിന് റെയില്‍വേയെ ആശ്രയിക്കുന്നത് കൂടാനാണ് സാധ്യത. 

'ഒരു ദശാബ്ദത്തിനു മുമ്പു തന്നെ ട്രെയിനുകള്‍ വഴി കാറുകള്‍ കൊണ്ടുപോവാന്‍ മാരുതി സുസുക്കി തുടങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ ഓട്ടമൊബീല്‍ ട്രെയിന്‍ ഓപറേറ്റര്‍ ലൈസന്‍സ് ലഭിക്കുന്ന ആദ്യ കമ്പനിയാണ് മാരുതി സുസുക്കി. അതിനു ശേഷം റെയില്‍വേ വഴിയുള്ള കാറുകള്‍ കൊണ്ടുപോവുന്നത് ക്രമാനുഗതമായി വര്‍ധിപ്പിക്കാന്‍ ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. 

കാര്‍ നിര്‍മാണം 2030-31 സാമ്പത്തിക വര്‍ഷമാവുമ്പോഴേക്കും 20 ലക്ഷത്തില്‍ നിന്നും 40 ലക്ഷത്തിലേക്ക് ഉയര്‍ത്താന്‍ പദ്ധതിയുണ്ട്. അടുത്ത ഏഴ് എട്ടു വര്‍ഷത്തിനുള്ളില്‍ 35 ശതമാനം കാര്‍ നീക്കവും റെയില്‍ വേ വഴിയാക്കുകയാണ് ലക്ഷ്യം. 2070 ആവുമ്പോഴേക്കും അന്തരീക്ഷമലിനീകരണം ഇല്ലാതാക്കുകയെന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ ലക്ഷ്യത്തിനൊപ്പമാണ് ഞങ്ങള്‍ നില്‍ക്കുന്നത്' മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് എംഡിയും സിഇഒയുമായ ഹിസാഷി തകൗച്ചി പറഞ്ഞു. 

റെയില്‍ പാതയുടെ സൗകര്യമുള്ള ഇന്ത്യയിലെ ആദ്യത്തെ ഓട്ടമൊബീല്‍ പ്ലാന്റ് ഈവര്‍ഷം ആദ്യം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. മാരുതി മോട്ടോര്‍ ഗുജറാത്ത്(എസ്എംജി) പ്ലാന്റില്‍ പ്രതിവര്‍ഷം മൂന്നു ലക്ഷം വാഹനങ്ങളാണ് നിര്‍മിക്കാനാവുക. ഗുജറാത്ത് റെയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റും മാരുതി സുസുക്കിയും ചേര്‍ന്നാണ് ഈ സംവിധാനമൊരുക്കിയത്. സമാന സൗകര്യങ്ങള്‍ മറ്റു കാര്‍ നിര്‍മാണ പ്ലാന്റുകളിലും ഒരുക്കാനും മാരുതി സുസുക്കിക്ക് പദ്ധതിയുണ്ട്.

English Summary:

Maruti Suzuki Sets Benchmark With 2 Million Rail Vehicle Dispatches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com