ADVERTISEMENT

അശ്രദ്ധമായ ഡ്രൈവിങ്ങാണ് പലപ്പോഴും അപകടങ്ങളിലേക്കു വഴിവെയ്‌ക്കുന്നത്‌. എന്നാൽ ശ്രദ്ധാപൂർവമുള്ള ഡ്രൈവിങ് വലിയൊരു അപകടത്തിൽ നിന്നും മൂന്ന് ജീവനുകളെ രക്ഷിക്കുന്ന കാഴ്ചയ്ക്കാണ് കഴിഞ്ഞ ദിവസം സോഷ്യൽ ലോകം കയ്യടിച്ചത്. മഴക്കാലമായതു കൊണ്ടുതന്നെ നനഞ്ഞു കിടക്കുന്ന റോഡിൽ തെന്നി വീണ ഒരു ബൈക്ക് യാത്രികൻ, അതിനു തൊട്ടുപിറകിൽ തന്നെ നിയന്ത്രണം നഷ്ടപ്പെട്ട മറ്റൊരു ബൈക്കും മറിഞ്ഞു വീഴുന്നു. ആ മൂന്നുപേരുടെ ജീവനും ബസ് വെട്ടിച്ചു മാറ്റിയ ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷിക്കാൻ സാധിക്കുന്നു. ബസ് ഡ്രൈവർ മാത്രമല്ല, ഒരുമിച്ചു യാത്ര ചെയ്തവനെ വാഹനത്തിനടിയിൽ പോകാതെ വലിച്ചു മാറ്റി, രക്ഷിച്ച സഹയാത്രികനും കയ്യടിക്കു അർഹനെന്നാണ് വിഡിയോ കണ്ടവരെല്ലാം തന്നെയും പറയുന്നത്. 

കേരളത്തിലെ ഒരു പ്രധാന പാതയിലാണ് അപകടം നടന്നതെങ്കിലും എവിടെയാണെന്നതിനു വ്യക്തതയില്ല. പുറകിലൂടെ സഞ്ചരിച്ച കാറിന്റെ ഡാഷ് കാമറയിലാണ് അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. ഒരു പിക്ക് അപ്പ് ട്രക്ക് കാറിനു  മുമ്പിൽ സഞ്ചരിക്കുന്നുണ്ട്. കൃത്യമായ അകലം പാലിച്ചാണ് കാറും പിക്ക് അപ്പും യാത്ര ചെയ്യുന്നത്. പെട്ടെന്ന് കാറിനു മുന്നിലേക്ക് എത്തിയതാണ് ഇരു ബൈക്കുകൾ. പിക്ക് അപ്പ് ട്രക്ക് വേഗമൊന്നു കുറച്ചപ്പോൾ മുമ്പിലുണ്ടായിരുന്ന ബൈക്ക് റൈഡർ ബ്രേക്ക് ചെയ്‌തെങ്കിലും നിയന്ത്രണം നഷ്ടപ്പെട്ടു റോഡിൽ വീഴുന്നു. തൊട്ടുപുറകിലെ ബൈക്കും പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നുണ്ടെങ്കിലും റോഡിൽ വീണു പോകുന്നു. എതിർദിശയിൽ നിന്നും വേഗത്തിലെത്തുന്ന ബസ്ഡ്രൈവർ പിക്ക് അപ്പ് ട്രക്കിന്റെ പുറകിൽ വീണു കിടക്കുന്ന ബൈക്ക് യാത്രികരെ ആദ്യം കാണുന്നില്ല. എന്നാൽ വീണു കിടക്കുന്ന ബൈക്ക് യാത്രികരെ കാണുന്ന ബസിന്റെ ഡ്രൈവർ പെട്ടെന്ന് തന്നെ വെട്ടിച്ചു മാറ്റുന്നു. അതേ സമയം തന്നെ ബസിന്റെ ടയറിനു അടിയിലേക്കു പോകാതെ തന്റെ കൂടെ ബൈക്കിൽ യാത്ര ചെയ്തവനെ സഹയാത്രികൻ  വലിച്ചു മാറ്റുകയും ചെയ്യുന്നുണ്ട്. ഭാഗ്യമെന്നു പറയട്ടെ വലിയ പരിക്കുകൾ ഒന്നും തന്നെയില്ലാതെ ബൈക്ക് യാത്രികർ മൂവരും രക്ഷപ്പെട്ടു. 

ഇരു ബൈക്കുകളും പിക്ക് അപ്പ് ട്രക്കിനു തൊട്ടു പിറകിലായാണ് സഞ്ചരിച്ചത്. കൃത്യമായ അകലം പാലിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ട്രക്ക് വേഗം കുറച്ചപ്പോൾ ബൈക്കുകൾക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടി വന്നു. നനഞ്ഞ റോഡിൽ ബൈക്കുകൾ തെന്നുകയും നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തതാണ് അപകടത്തിന്റെ കാരണം. മഴയുള്ള സമയത്ത്, വേഗം കുറച്ച്, മുമ്പിലുള്ള വാഹനവുമായി അകലം പാലിച്ച് വാഹനമോടിക്കാൻ ശ്രദ്ധിക്കണമെന്നതിനു ഒരു പാഠമാണ് ഈ അപകടം.

English Summary:

Heroic Bus Driver and Passenger Save Three Lives in Kerala Accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com