ADVERTISEMENT

പൊതുവില്‍ വാഹനം ഓടിക്കുമ്പോഴുള്ള സുരക്ഷയുടെ കാര്യത്തിലും പ്രത്യേകിച്ച് കുട്ടികളുമായി പോവുമ്പോഴും ഇന്ത്യന്‍ ഡ്രൈവര്‍മാരില്‍ വലിയ ശ്രദ്ധകൊടുക്കാറുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. വിപണിയില്‍ ചൈല്‍ഡ് സീറ്റുകള്‍ ധാരാളം ലഭ്യമാണെങ്കിലും കുട്ടികളുടെ സുരക്ഷക്ക് നമ്മള്‍ യാതൊരു വിലയും നല്‍കുന്നില്ലെന്നതിന്റെ തെളിവാണ്. കാലാകാലങ്ങളില്‍ ഉത്തരവാദിത്വമില്ലാത്ത ഡ്രൈവിങിന്റെ ഉദാഹരണങ്ങള്‍ പലപ്പോഴായി സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നു വരാറുണ്ട്. മറ്റു പല ലക്ഷ്യങ്ങളില്‍ പോസ്റ്റു ചെയ്യുന്ന ഇത്തരം വിഡിയോകളും ചിത്രങ്ങളും പലര്‍ക്കും സ്വയം കുഴിച്ച കുഴിയായി തീരുകയാണ് പതിവ്. ഇത്തരമൊരു വിഡിയോ വലിയ തോതില്‍ വൈറലായതോടെ അതിന്റെ അപകട സാധ്യതയെക്കുറിച്ച് ഒരു ഡോക്ടര്‍ തന്നെ വിശദീകരിക്കാന്‍ തയ്യാറായി. 

മകളെ മടിയിലിരുത്തി ഡ്രൈവ് ചെയ്യുന്ന യുവാവിന്റെ വിഡിയോയാണ് ഡോ. അശ്വിന്‍ രജനേഷ് ട്വിറ്ററില്‍ പങ്കുവെച്ചത്. പൊതു വഴിയിലൂടെ കാര്‍ ഓടിച്ചു പോവുന്ന ഈ യുവാവിന്റേയും മകളുടേയും വിഡിയോ അതേ കാറിന്റെ പാസഞ്ചര്‍ സീറ്റില്‍ ഇരുന്നവര്‍ തന്നെയാണ് റെക്കോഡ് ചെയ്തത്. ഇത്തരത്തില്‍ കുഞ്ഞുങ്ങളെ മടിയിലിരുത്തി വാഹനം ഓടിക്കുന്നതിന്റെ അപകടത്തെക്കുറിച്ചുള്ള ഡോ. അശ്വിന്റെ വിശദീകരണം ആരെയും ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നതിന് മുന്നോടിയായി ചിന്തിപ്പിക്കേണ്ടതാണ്. 

'ഓമനത്വം തുളുമ്പുന്ന കാഴ്ച്ച അല്ലേ, ഒരു അപകടം സംഭവിക്കുകയും സുരക്ഷാ ഫീച്ചറായ എയര്‍ബാഗ് പുറത്തേക്കു വരികയും ചെയ്താല്‍ സ്ഥിതി മാറും. കുട്ടിയുടെ തല മണിക്കൂറില്‍ 320 കീമി വേഗതയിലാണ് മുതിര്‍ന്നയാളുടെ നെഞ്ചിന്‍ കൂടില്‍ ഇടിക്കുക. ഇരുവരും തല്‍ക്ഷണം മരിക്കും. യാഥാര്‍ഥ്യം ഇന്ത്യക്കാരായ മാതാപിതാക്കള്‍ മനസിലാക്കേണ്ടതുണ്ട്' എന്നാണ് ഡോക്ടര്‍ അശ്വിന്‍ കുറിച്ചത്. 

പുറത്തു വന്ന വിഡിയോ കുറച്ചുകൂടി സൂഷ്മമായ ശ്രദ്ധിച്ചാല്‍ ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടില്ലെന്നും മനസിലാവും. ഇന്ത്യക്കാരായ ഡ്രൈവര്‍മാര്‍ക്കിടയിലെ മറ്റൊരു അപകടകരമായ രീതിയാണിത്. സീറ്റ് ബെല്‍റ്റ് ധരിക്കാത്ത സമയത്ത് അപകടമുണ്ടായാല്‍ എയര്‍ബാഗ് പുറത്തേക്ക് വരികയില്ല. കുഞ്ഞിന്റെ തല സ്റ്റിയറിങ്ങില്‍ ഇടിച്ച് അപകടത്തിനുള്ള സാധ്യത അപ്പോഴും അവശേഷിക്കുകയും ചെയ്യും. കുഞ്ഞുങ്ങളെ ചൈല്‍ഡ് സീറ്റില്‍ സീറ്റ് ബെല്‍റ്റ് ധരിപ്പിച്ച് ഇരുത്തുന്നതാണ് കാര്‍ യാത്രകളില്‍ ഏറ്റവും സുരക്ഷിതം. 

ശരിയാംവിധം ഉപയോഗിച്ചില്ലെങ്കില്‍ കാറിലെ എയര്‍ബാഗ് പോലുള്ള സുരക്ഷാ ഫീച്ചറുകള്‍ പോലും അപകട കാരണമായേക്കാം. സാധാരണ സ്റ്റിയറിങിലെ ഹോണ്‍ പാഡിന് താഴെയാണ് എയര്‍ബാഗുകള്‍ കാറുകളില്‍ ഘടിപ്പിക്കാറ്. നേര്‍ത്ത പ്ലാസ്റ്റിക് ഉപയോഗിച്ചാണ് ഇവിടം നിര്‍മിക്കുക. അപകട സമയത്ത് എളുപ്പം എയര്‍ബാഗ് പുറത്തേക്കു വരുന്നതിന് വേണ്ടിയാണിത്. 

ചെറിയൊരു പൊട്ടിത്തെറിയോടു കൂടിയാണ് അപകട സമയത്ത് എയര്‍ബാഗ് പുറത്തേക്ക് വരിക. സോഡിയം അസൈഡ് എന്ന രാസവസ്തുവിന്റെ സഹായത്തിലാണ് എയര്‍ബാഗ് പ്രവര്‍ത്തിക്കുക. വാഹനത്തിന്റെ പല ഭാഗങ്ങളിലുള്ള സെന്‍സറുകള്‍ നല്‍ുന്ന വൈദ്യുത സിഗ്നലുകളാണ് എയര്‍ബാഗ് പുറത്തേക്കു വരാനുള്ള അനുമതി നല്‍കുക. സോഡിയം അസൈഡ് ഇതോടെ സോഡിയവും നൈട്രജന്‍ വാതകവുമായി മാറുകയും എയര്‍ബാഗ് പൊട്ടിത്തെറിയോടെ പുറത്തുവരികയും ചെയ്യും. അപകടം സംഭവിച്ച് ഡ്രൈവറുടെ തലയോ നെഞ്ചോ സ്റ്റിയറിങില്‍ ഇടിക്കുന്നതിനും മുമ്പേ ഞൊടിയിടയില്‍ ഇത് സംഭവിക്കുകയും ചെയ്യും. 

English Summary:

Indian Drivers Neglecting Child Safety: Viral Video Sparks Concern

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com