ADVERTISEMENT

മനുഷ്യർ ഏറ്റവും അധികം കള്ളം പറയുന്നത് യാത്രകളെപ്പറ്റിയാണെന്ന് ചൈനീസ് പഴമൊഴി. വീട്ടിൽ നിന്ന് ഇറങ്ങിയില്ലെങ്കിലും പറയും പുറപ്പെട്ടിട്ട് അരമണിക്കൂറായി. എത്തിക്കഴിയുമ്പോൾ പറയാനൊരു കള്ളം ടൗണിലെ ട്രാഫിക് ബ്ളോക്ക്.  റോഡിലെ ഗട്ടർ, ട്രെയിൻ ലേറ്റായി, ബൈക്ക് പഞ്ചറായി ഇങ്ങനെ ആവശ്യത്തിന് എടുത്ത് ഉപയോഗിക്കാൻ പാകത്തിൽ എത്രയെത്ര കള്ളങ്ങളാണ് റോഡരികിൽ നിന്നു കിട്ടുന്നത്.

അങ്ങനെയൊരു കള്ളമേ ആദിത്യ കൃഷ്ണനും പറഞ്ഞുള്ളൂ.  ആദിത്യൻ  ബാങ്ക് മാനേജരാണ്. ഭാര്യ അഞ്ജലി കൃഷ്ണൻ ഹോമിയോ ഡോക്ടറും. ബാങ്ക് മാനേജർമാർക്കു വേണ്ടി രണ്ടു ദിവസത്തെ ട്രെയിനിങ് തൃശൂരിൽ.  ആദിത്യനും ഫ്രണ്ട്സും ചേർന്ന് ഒരു പ്ളാനിട്ടു, ട്രെയിനിങ് കഴിഞ്ഞ് രണ്ടു ദിവസം കൂടി അവധിയെടുത്താൽ ഗോവയിൽ കറങ്ങിയിട്ടു വരാം. അക്കാര്യം ആദിത്യൻ ഭാര്യയോടു പറഞ്ഞില്ല. പകരം ഒരു നുണ പറഞ്ഞു;  തൃശൂരു നിന്ന് 25 കിലോമീറ്ററേയുള്ളൂ ഗുരുവായൂർക്ക്, എന്തായാലും ഗുരുവായൂരപ്പനെക്കൂടി ഒന്നു കണ്ടിട്ടു വരാം. 

നല്ല കാര്യത്തിനല്ലേ, അഞ്ജലിക്കും സന്തോഷം. എന്തിനും ഒരു രേഖ വേണമെന്ന് ചിന്തിക്കുന്നവരാണ് ബാങ്ക് മാനേജർമാർ.  അതുകൊണ്ട് പോകാത്ത ഗുരുവായൂർ യാത്രയ്ക്ക് ഒരു തെളിവു കൂടി ശരിയാക്കാൻ ആദിത്യൻ തീരുമാനിച്ചു. തിരിച്ചു വരുമ്പോൾ ഗുരൂവായൂരമ്പലത്തിലെ പ്രസാദം കൂടി കൊണ്ടുവരാം ! 

ബാങ്ക് കസ്റ്റമേഴ്സിലെ ഗുരുവായൂർ ഭക്തരെ കണ്ടെത്തി. ആറു പേരുണ്ട്. അതിൽ ഗുരുവായൂരിലെ എടിഎം കൗണ്ടറിൽ നിന്ന് എല്ലാ മാസവും പണം പിൻവലിക്കുന്നത് രണ്ടുപേരാണ്. റിട്ടയേഡ് ഡിവൈഎസ്പി വാസുദേവ മേനോനും അഡ്വക്കറ്റ് മാളവിക മുകുന്ദനും. ആദിത്യൻ ഡിവൈഎസ്പി മേനോന്റെ സഹായം തേടി. കള്ളത്തരമാകുമ്പോൾ പൊലീസാണ് നല്ലത്. നിഷ്കളങ്കമായ ആ ആവശ്യം ഡിവൈഎസ്പിക്കു മുന്നിൽ വച്ചു: ഇത്തവണ ഗുരുവായൂരിൽ നിന്നു വരുമ്പോൾ പായസവും ഉണ്ണിയപ്പവും എനിക്കു കൂടി കൊണ്ടുവരണം. ഗുരുവായൂരപ്പന്റെ പ്രസാദം ഭാര്യ അഞ്ജലിക്ക് ഭയങ്കര ഇഷ്ടമാണ്. 

അങ്ങനെ തൃശൂർ വഴി ഗുരുവായൂർക്ക് എന്നു വീട്ടിൽ പറഞ്ഞ് ആദിത്യൻ ഗോവയ്ക്കു പോയി.  ആദിത്യൻ പോയി മൂന്നാമത്തെ ദിവസം ഡിവൈഎസ്പി മേനോൻ ഗുരുവായൂരിലെ പ്രസാദവുമായി ബാങ്കിൽ പ്രത്യക്ഷപ്പെട്ടു.  പായസവും ഉണ്ണിയപ്പവും മാത്രമല്ല, ചെറിയ വെള്ള പുഷ്പാഞ്ജലിയുടെ പ്രസാദവും കദളിപ്പഴവുമുണ്ട്. ബാങ്കിലെ ലേഡി ക്ളർക്ക് നിത്യശ്രീ സത്യദാസ് പറഞ്ഞു; മാനേജർ സ്ഥലത്തില്ല. ഇവിടെ സേഫ് ഡെപ്പോസിറ്റ് ലോക്കറേയുള്ളൂ.  അതിൽ പാദസരം വയ്ക്കാം, പക്ഷേ, പായസം പറ്റില്ല. 

എന്നാൽ മാനേജരുടെ വീട്ടിൽത്തന്നെ കൊടുത്തേക്കാമെന്നു പറഞ്ഞു ഡിവൈഎസ്പി ബാങ്കിൽ നിന്നിറങ്ങി.യാത്ര കഴിഞ്ഞ് നാലാം ദിവസം കൃത്യസമയത്ത് ആദിത്യൻ വീട്ടിൽ തിരിച്ചെത്തി.  വീട്ടിലെത്തിയ ഉടനെ ഭാര്യ തിരക്കു കൂട്ടി: ഗുരുവായൂരിലെ വിശേഷങ്ങൾ വിശദമായി പറയൂ.

ആദിത്യൻ പറയാൻ തുടങ്ങി:  ഗുരുവായൂരിൽ വലിയ തിരക്കായിരുന്നു. നടപ്പന്തലിൽ നിറയെ ആളുകൾ.  ഇന്നലെ ഒറ്റ ദിവസം 112 വിവാഹങ്ങൾ !  ആൾക്കൂട്ടത്തിലും തിരക്കിനുമിടയിൽ‍ ഒരു കല്യാണച്ചെറുക്കനു പെണ്ണു മാറിപ്പോയെന്നും കേട്ടു. എന്തായാലും ഒരു കല്യാണത്തിന്റെ സദ്യ ഞാനും ഉണ്ടു. നാലു കൂട്ടം പായസം ഉണ്ടായിരുന്നു. അതുകൊണ്ട് അമ്പലത്തിൽ നിന്ന് വേറെ പായസം വാങ്ങാൻ നിന്നില്ല.  സന്ധ്യയ്ക്ക് ഭഗവാൻ സ്വർണക്കോലത്തിൽ എഴുന്നള്ളുന്നതു കണ്ടു. രാത്രി കൃഷ്ണനാട്ടവും കണ്ടിട്ടാണ് മടങ്ങിയത്. തിരിച്ചു പോരാൻ നേരം ഗോപുരത്തിനു മുന്നിൽ ചെന്ന്  കുറെ നേരം കണ്ണടച്ച് പ്രാർഥിച്ചു നിന്നു. വേറൊന്നും ശ്രദ്ധിച്ചില്ല.

അഞ്ജലി ചോദിച്ചു... ബാലാമണി ഗുരുവായൂരപ്പനെ കണ്ട അതേ സ്ഥലത്തല്ലേ നിന്നത് ?

എങ്ങനെ മനസ്സിലായി? അതിനാണോ പ്രയാസം, സിനിമാക്കഥയല്ലേ? നന്ദനം !

അവിടെ ആദിത്യന് അപകടം മണത്തു. അയാൾ ചോദിച്ചു... എന്താ ഒരു സംശയം പോലെ?

അഞ്ജലി ചിരിച്ചു: കള്ളന്മാരെ പേടിച്ച് ഗുരുവായൂരപ്പൻ ഇന്നലത്തന്നെ പ്രസാദം പൊലീസുകാരുടെ കൈയിൽ ഇങ്ങോട്ടു കൊടുത്തു വിട്ടു. ഒരു കാര്യം കൂടി പറയാൻ പറഞ്ഞു.

എന്താണെന്നു സംശയിച്ച് ചമ്മി നിൽക്കുന്ന ഭർത്താവിനോട് അഞ്ജലി പറഞ്ഞു... ഞാനേ കണ്ടുള്ളൂ... ഞാനേ അറിഞ്ഞുള്ളൂ...അയാൾ ആലോചിക്കാൻ തുടങ്ങി; കള്ളം പറയാൻ അഡ്വക്കേറ്റായിരുന്നു നല്ലത്. പൊലീസാകുമ്പോൾ കള്ളം തെളിയിക്കാനേ മിടുക്കുള്ളൂ!  

English Summary: Coffee Brake December

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com