ADVERTISEMENT

ബബ്ലു എന്ന നവവധുവിനോട് ചിഞ്ച്‍വാഡാ പൊലീസ് സ്റ്റേഷനിലെ എസ്ഐ ദിലീപ് പവാർ ചോദിച്ചു: ഭവതി വിവാഹ മോതിരം ഇടയ്ക്കിടെ ഊരുകയും ഇടുകയും ചെയ്തുകൊണ്ടിരുന്നു എന്നാണല്ലോ പറഞ്ഞത്. അതിന് കാരണമെന്തെങ്കിലുമുണ്ടോ? ബബ്ളു നാണത്തോടെ ഭർത്താവ് റാബുവിന്റെ നേരെ നോക്കി. താനല്ല അതിനു കാരണക്കാരി എന്ന മട്ടിൽ. റാബു താഴ്മയോടെ പറഞ്ഞു... സാബ്, ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ചയായതേയുള്ളൂ.  ഇത് ഹണിമൂൺ യാത്രയാണ്.  വിവാഹ മോതിരം ടൈറ്റാണ്, വിരൽ വേദനിക്കുന്നു എന്നൊക്കെ ഇവൾക്കു പരാതിയുണ്ടായിരുന്നു. വെറുതെ ഇരിക്കുമ്പോഴൊക്കെ മോതിരം ഊരുകയും ഇടുകയും ചെയ്താൽ മതി എന്നു ഞാനാണ് പറഞ്ഞത്. അതിനിടെയാണ് മോതിരം ഊരിപ്പോയത്.

എന്താണ് നിങ്ങളുടെ ജോലി? പിമ്പിരിയിൽ സ്കൂട്ടർ മെക്കാനിക്കാണ് സാബ്. എസ്ഐ പറഞ്ഞു.. എന്റെ രണ്ടാമത്തെ ഭാര്യയുടെ വീട് പിമ്പിരിയിലാണ്. റാബു സ്വന്തം ഗാവിൽ നിന്ന് ബബ്ളുവിനെയും കൂട്ടി പുനെയിലെ പിമ്പിരിയിലേക്കു വരികയായിരുന്നു. മുംബൈ– പുനെ ആറുവരി എക്സ്പ്രസ് പാതയിൽ സ്കാനിയ ബസിലെ യാത്രക്കാരാണ് അവർ.  യാത്രയ്ക്കിടെ ബബ്ളുവിന്റെ വിവാഹമോതിരം കാണാതെ പോയി. മോതിരം കണ്ടെത്താനായി യാത്രക്കാരെയെല്ലാം ചിഞ്ച്‍വാഡാ പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരിക്കുകയാണ്. മോതിരം പോയി എന്ന് ഉറക്കെപ്പറഞ്ഞുകൊണ്ട് ബബ്ളു ബസിൽ ചാടിയെഴുന്നേറ്റപ്പോൾ കണ്ടക്ടറുടെ ചോദ്യം പ്ളാസ്റ്റിക് ആണോ എന്നായിരുന്നു. 

അവരെ കണ്ടാൽ അത്രയേ തോന്നു. പാവങ്ങൾ. മുഖം മഞ്ഞളിച്ച രണ്ടു മൂന്നു തുണി സഞ്ചി, ചക്രങ്ങൾ ഇല്ലാത്ത ഒരു പെട്ടി. അതിൽ നിറയെ ഇസ്തിരിയിടാത്ത തുണികൾ, പിന്നെ നാട്ടിലുണ്ടാക്കിയ കുറെ പലഹാരങ്ങൾ. ഇതൊക്കെയാണ് അവരുടെ കൈയിലുള്ളത്. സാധാരണ സ്കാനിയ ബസിന്റെ ചാർജ് താങ്ങാൻ പറ്റുന്നവരല്ല. ഹണിമൂൺ യാത്രയായതിനാൽ മാത്രം ഇറങ്ങിപ്പുറപ്പെട്ടതാണ്. 

കണ്ടക്ടർ ഒരു ചൂലെടുത്തു കൊടുത്തിട്ട് ബബ്ളുവിനോടു പറഞ്ഞു: തൂത്തു നോക്കിക്കോളൂ. കിട്ടുമായിരിക്കും.  പാവങ്ങൾ ബസിന്റെ ഫ്ളോർ മുഴുവൻ വൃത്തിയാക്കിയതു മിച്ചം. മോതിരം കിട്ടിയില്ല. അതോടെ  ബസ് നേരെ ചിഞ്ച്‍വാഡാ പൊലീസ് സ്റ്റേഷനിലേക്ക്.

അൽപം മുമ്പേ പിടിച്ച രണ്ടു പോക്കറ്റടിക്കാരിൽ നിന്ന് സ്വർണനിറമുള്ള 10 രൂപാ നാണയങ്ങൾ എടുക്കുകയായിരുന്നു എസ്ഐ. പുത്തൻ നാണയങ്ങൾ അയാളുടെ ആദ്യ ഭാര്യയ്ക്ക് വീക്നെസ്സാണ്. അവ എവിടെ കിട്ടിയാലും സുഗന്ധമുള്ള ചുവന്ന പട്ടുകൊണ്ടുള്ള ചെറിയ തുണി സഞ്ചിയിൽ ശേഖരിച്ച് അയാൾ ഭാര്യയ്ക്കു സമ്മാനിക്കാറുമുണ്ട്.  ‌ഇൻസ്പെക്ടർ പറഞ്ഞു. എല്ലാവരും കൈനീട്ടി നിൽക്കൂ.

പൊലീസുകാർ യാത്രക്കാരുടെ വിരലുകൾ പരിശോധിച്ചെങ്കിലും അങ്ങനെയൊരു മോതിരം ആരുടെ വിരലിലുമില്ല. അമ്പിളി പോലുള്ള മുഖം തട്ടമിട്ടു പാതിമറച്ച ഒരു പെൺകുട്ടി എസ്ഐയോടു ചോദിച്ചു... സാബ് എന്റെ കാൽവിരലിലും മോതിരമുണ്ട്. 

നോക്കട്ടെ എന്നു പറഞ്ഞ് ദിലീപ് പവാർ അവളുടെ മുന്നിൽ നിലത്തിരുന്നു. കാൽവിരലുകളെ ഓമനിച്ചുകൊണ്ട് ആ മോതിരം ഊരിയെടുത്തു പരിശോധിച്ചു.  സ്വന്തം ടവ്വൽ കൊണ്ട് അവളുടെ വിരലുകൾ തുടച്ചു കൊടുത്തിട്ട് ആ മോതിരം തിരിച്ച് ഇട്ടുകൊടുത്തിട്ടു പറഞ്ഞു.. തങ്കമേ, ഇത് നിന്റേതു തന്നെ! 

യാത്രക്കാരുടെ ബാഗുകളും മറ്റും പരിശോധിച്ചെങ്കിലും ഒരിടത്തും ഇല്ല സാധനം.  അവസാനത്തെ തന്ത്രം എസ്ഐ പുറത്തെടുത്തു. എല്ലാവരും നിൽക്കുന്നിടത്തു നിന്ന് മുകളിലേക്കും താഴേക്കും ചാടുക. ശരീരത്തിൽ  ഒളിപ്പിച്ചു വച്ചിട്ടുണ്ടെങ്കിൽ മോതിരം പുറത്തു ചാടട്ടെ!

വനിതാ പൊലീസുകാരി മൊബൈൽ ഫോണിൽ ഹിന്ദിപ്പാട്ടു വച്ചു... ചോളി കെ പീച്ചെ ക്യാഹേ, ചോളി കെ പീച്ചേ... പാട്ടിനൊത്ത് എല്ലാവരും ചാടി, ഒരാളൊഴികെ. നീല ജീൻസിനുള്ളിലേക്ക് കറുത്ത ഫുൾ സ്ളീവ് ഷർട്ട് ടക്ക് ഇൻ ചെയ്ത ഒരു യാത്രക്കാരി. അവർ പറഞ്ഞു: ഹൈഹീൽ ഷൂസാണ്. ചാടാൻ പറ്റില്ല.

നിന്റെ കാലിലെന്താ വാതമാണോ എന്ന മട്ടിൽ ഇൻസ്പെക്ടർ അടുത്തേക്ക് ചെന്നപ്പോൾ അവർ താക്കീതു ചെയ്യുന്നതുപോലെ ഇംഗ്ളീഷിൽ പറഞ്ഞു... ഇൻസ്പെക്ടർ, നിൽക്കൂ, ഞാനും ഒരു പൊലീസ് ഓഫിസറാണ്. പേര് സിംപിൾ ചാറ്റർ‍ജി. നിങ്ങളുടെ കോമാളിത്തരമെല്ലാം കണ്ടുനിൽക്കുകയായിരുന്നു. അതുകൊണ്ടാണ് ഇതുവരെ  ഇക്കാര്യം പറയാതിരുന്നത്.

ഇൻസ്പെക്ടർ അതു പ്രതീക്ഷിച്ചില്ല.  അയാൾ പറഞ്ഞു... ഇത് എന്റെ സ്റ്റേഷനാണ്. ഇവിടെ ഞാൻ സംശയമുള്ളവരെയെല്ലാം പരിശോധിക്കും. ഷൂസ് അഴിച്ച് എന്റെ മേശപ്പുറത്തു വയ്ക്കു. 

നിങ്ങളുടെ മേശ മുഴുവൻ പൊടിയാണ്. എന്റെ ഷൂസ് ചീത്തയാകുമെന്ന് അവർ പറഞ്ഞെങ്കിലും ഇൻസ്പെക്ടർ വഴങ്ങിയില്ല. രണ്ടു ഷൂസും എസ്ഐയുടെ മേശപ്പുറത്തു വന്നു.

എസ്ഐ രണ്ടു ഷൂസുകളുമെടുത്തു. ആദ്യം ഏതു പരിശോധിക്കണം.  വലത്തേ ഷൂസ് തന്നെ ആദ്യമെടുത്തു.  അതാ ആ മോതിരം ! ഷൂസിന്റെ അടിയിലെ ഹീലിനുള്ളിൽ തറഞ്ഞിരിക്കുകയാണ്. ചവിട്ടും തോറും ഉറപ്പു കൂടുന്ന ഒളിവിടം !

യുവതി അതു തീരെ പ്രതീക്ഷിച്ചില്ല. അവർ വെപ്രാളത്തോടെ പറഞ്ഞു... ഇൻസ്പെക്ടർ നിങ്ങൾ മിടുക്കനാണ്. മോതിരം ഇവിടെ കയറിയിരുന്നത് ഞാൻ പറഞ്ഞിട്ടല്ല.  ഞാൻ മോഷ്ടിച്ചതല്ല. നിങ്ങൾക്ക് അതു തെളിയിക്കാനും കഴിയില്ല. എസ്ഐ ഒരു ചെറുചിരിയോടെ മോതിരം ശ്രദ്ധയോടെ ഇളക്കിയെടുത്തു. മോതിരം കൈനീട്ടി വാങ്ങുമ്പോൾ ബബ്ളു ഇൻസ്പെക്ടറോടു ചോദിച്ചു... ആ മാഡം മോതിരം മോഷ്ടിച്ചതാണോ? സ്വർണ നിറമുള്ള ഒരു കോയിൻ മുകളിലേക്ക് ടോസ് ചെയ്തിട്ട് എസ്ഐ പറഞ്ഞു... തല ആണെങ്കിൽ അതെ, കാലാണെങ്കിൽ അല്ല.സ്റ്റേഷൻ മുറിയിൽ ഒരു കോയിൻ  താഴേക്കുവരാൻ മടിച്ച് കറങ്ങിക്കറങ്ങി ആകാശത്തു തന്നെ നിന്നു.

English Summary: Coffee Brake August

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com