ഓട്ടമാറ്റിക് പിക്അപ് ട്രക്ക്, ഡി–മാക്സ് വി–ക്രോസ്
Mail This Article
ജാപ്പനീസ് നിർമാതാക്കളായ ഇസൂസു മോട്ടോർ ഇന്ത്യയുടെ പിക് അപ് ട്രക്ക് ഡി മാക്സ് വി ക്രോസ് വിൽപനയ്ക്കെത്തി. ഡീസൽ എൻജിൻ ഓട്ടമാറ്റിക് ട്രാൻസ്മിഷൻ സഹിതമാണ് ട്രക്ക് എത്തുന്നത്. ഇസൂസുവിന്റെ ഡി മാക്സ് വി ക്രോസിന്റെ സെഡ് പ്രസ്റ്റീജ് പതിപ്പിൽ 1.9 ലീറ്റർ ഡീസൽ എൻജിനു കൂട്ടാവുന്നത് ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാണ്. ഡൽഹി ഷോറൂമിൽ 19.99 ലക്ഷം രൂപയാണ് ഈ പുത്തൻ വകഭേദത്തിനു വില. 2.5 ലീറ്റർ എൻജിനും ആറു സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായെത്തുന്ന പഴയ പതിപ്പിനെ അപേക്ഷിച്ച് മൂന്നു ലക്ഷത്തോളം രൂപ അധികമാണിത്.
സെഡ് പ്രസ്റ്റീജിലെ 1.9 ലീറ്റർ ഡീസൽ എൻജിന് 150 ബി എച്ച് പിയോളം കരുത്തും 350 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. അതേസമയം പഴയ മോഡലുകളിലെ 2.5 ലീറ്റർ എൻജിന് 134 ബി എച്ച് പി കരുത്ത് മാത്രമാണു സൃഷ്ടിക്കാനാവുക. നിലവിൽ മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല്(ബി എസ് നാല്) നിലവാരമാണു പുതിയ 1.9 ലീറ്റർ ഡീസൽ എൻജിനുള്ളത്. എന്നാൽ അടുത്ത ഏപ്രിലിനകം ഈ എൻജിനെ ബി എസ് ആറ് നിലവാരത്തിലേക്ക് ഉയർത്താനാവുമെന്ന് ഇസൂസു വ്യക്തമാക്കി.
പുത്തൻ എൻജിനും ട്രാൻസ്മിഷനും പുറമെ സെഡ് പ്രസ്റ്റീജിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങളും ഇസൂസു ഏർപ്പെടുത്തിയിട്ടുണ്ട്; ആറ് എയർബാഗും ബ്രേക്ക് ഓവർറൈഡ് സംവിധാനവും സഹിതമാണ് ഈ ‘ഡി മാക്സ് വി ക്രോസി’ന്റെ വരവ്. അകത്തളത്തിൽ ബ്രൗണും കറുപ്പും ചേരുന്ന ഇരട്ട വർണ സങ്കലനത്തിനൊപ്പം പെർഫൊറേറ്റഡ് ലതർ അപ്ഹോൾസ്ട്രിയും ഇസൂസു ലഭ്യമാക്കുന്നു. രണ്ടാം നിര സീറ്റിൽ യു എസ് ബി ചാർജിങ് പോർട്ട്, കാബിനിൽ പിയാനൊ ബ്ലാക്ക് അക്സന്റ്, യു എസ് ബി ഇൻപുട്ട്, ഡി വി ഡി, ഓക്സിലറി, ബ്ലൂടൂത്ത് കണക്ടിവിറ്റി സഹിതം ഏഴ് ഇഞ്ച് ഇൻഫൊടെയ്ൻമെന്റ് സംവിധാനം, മേൽക്കൂരയിൽ ഘടിപ്പിച്ച സറൗണ്ട് സ്പീക്കർ എന്നിവയും ഈ ‘ഡി മാക്സ് വി ക്രോസി’ലുണ്ട്.
എതാനും മാസം മുമ്പും ഇസൂസു ‘ഡി മാക്സ് വി ക്രോസ്’ പരിഷ്കരിച്ചിരുന്നു; ഇരട്ട എൽ ഇ ഡി ഹെഡ്ലാംപ്, ഫോഗ് ലാംപിനു ചുറ്റും ക്രോം സറൗണ്ട്, റൂഫ് റയിൽ, ഷാർക് ഫിൻ ആന്റിന, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീൽ തുടങ്ങിയ മാറ്റങ്ങളാണ് അന്നു വരുത്തിയത്.