കൈഗർ എന്ന പോക്കറ്റ് ഹെർക്കുലീസ്...
Mail This Article
വലിഞ്ഞമർന്ന് ഉയർന്നു ചാടാൻ ഒരുങ്ങി നിൽക്കുന്ന വന്യമൃഗത്തിന്റെ ആക്രമണോൽസുകതയാണ് കൈഗർ. എന്തിനും പോന്ന ഭാവം. സബ് കോംപാക്ട് എസ്‌യുവി വിഭാഗത്തിലെ വ്യത്യസ്തരൂപഭംഗി. കാഴ്ചയിലെ വന്യത പ്രയോഗത്തിലും നിലനിർത്തുന്ന വാഹനം. നാലു സ്റ്റാർ ഗ്ലോബൽ സുരക്ഷാ റേറ്റിങ്ങിനൊപ്പം ആഡംബരവും ഒതുങ്ങിയ ശരീരത്തിലൊതുക്കുന്ന പോക്കറ്റ് ഹെർക്കുലീസ്. പുതിയ വാഹനമൊന്നുമല്ലെങ്കിലും ചെറിയ മാറ്റങ്ങൾ വരുത്തി ഇറങ്ങിയ വകഭേദത്തിന്റെ ടെസ്റ്റ് ഡ്രൈവ് അനുഭവത്തിലേക്ക്...
പൊളിച്ചു...
പുതുതലമുറയാണ് ലക്ഷ്യം. യുവത്വം മാത്രം മതി. കൈഗർ ഓടിപ്പോകുന്നതു കണ്ടാൽ അറിഞ്ഞുകൊള്ളണം സ്റ്റിയറിങ്ങിനു പിന്നിൽ യുവത്വമാണെന്ന്. അല്ലെങ്കിൽ യുവത്വം കൈവിടാൻ മനസ്സില്ലാത്തവരാണെന്ന്. തികച്ചും വ്യത്യസ്തമായ രൂപത്തിലൂടെയാണ് റെനോ ചെറുപ്പം ഉൾക്കൊള്ളുന്നത്. ക്വിഡ് മുതൽ മുകളിലേക്ക് ഈ യുവത്വം എല്ലാ റെനോകളും പങ്കിടുന്നു. ആർക്കെങ്കിലും കൈഗറിനോട് ആദ്യാനുരാഗമുണ്ടായാൽ അദ്ഭുതപ്പെടേണ്ട, അത് തികച്ചും യൗവനസഹജം...
ഫ്രഞ്ചാണെങ്കിലും ഇന്ത്യൻ
1898 മുതൽ ഫ്രാൻസിൽനിന്ന് കാറു മുതൽ ട്രക്കുകൾ വരെ ഉണ്ടാക്കുന്ന സ്ഥാപനം ഇന്ത്യയിലെത്തുന്നത് ഡസ്റ്ററുമായാണ്. 2008 മുതൽ പ്രവർത്തനം. സഹസ്ഥാപനമായ നിസ്സാനുമായി ചേർന്ന് ചെന്നൈയിൽനിന്ന് ഉത്പാദനം. ഫ്ലൂവൻസ്, കോലിയോസ്, പൾസ്, സ്കാല, ലോഡ്ജി, കാപ്ചർ തുടങ്ങി അനേകം സൂപ്പർ മോഡലുകളിറക്കിയ സ്ഥാപനം. ഇപ്പോൾ നിരയിൽ പ്രധാനമായും മൂന്നു വാഹനങ്ങൾ. ക്വിഡ്, ട്രൈബർ, കൈഗർ. ഇന്ത്യയ്ക്കായി ഇന്ത്യൻ എൻജിനീയർമാർ ഫ്രഞ്ച് സഹകരണത്തോടെ രൂപകൽപന ചെയ്ത വാഹനമാണ് കൈഗർ. ഇന്ത്യയെ പൂർണമായും അറിയുന്ന എസ്‌യുവി...
എന്താണീ കൈഗർ, എന്തിനാണീ കൈഗർ
നാലു മീറ്ററിൽത്താഴെ നിൽക്കുന്ന എസ്‌യുവികളിലെ മിന്നും താരമാണ് കൈഗർ. ഈ വിഭാഗത്തിലെ ഏക സ്പോർട്ടി വാഹനം.
എതിരാളികളെല്ലാം വലിയ എസ്‌യുവികളുടെ രൂപഭംഗി ‘സ്കെയിൽ ഡൗൺ’ ചെയ്തപ്പോൾ കൈഗർ മാത്രം സ്വന്തമായൊരു സ്പോർട്ടി രൂപം കൈക്കൊണ്ടു. ആക്രമണോത്സുകതയുള്ള വന്യരൂപം. തികച്ചും വ്യത്യസ്തമായ ഗ്രില്ലും എൽഇഡി ലാംപ് കോംബിനേഷനും സിൽവർ സ്കിഡ് പ്ലേറ്റും ഉൾക്കൊള്ളുന്ന മുൻവശം, മാംസപേശികൾ ത്രസിച്ചു നിൽക്കുന്ന വശങ്ങൾ, ഡയമണ്ട് കട്ട് അലോയ്സ്, ചേരുന്ന പിൻവശം... എല്ലാം ചേർന്ന്, സ്വന്തമാക്കാനാഗ്രിച്ചു പോകുന്ന വാഹനം.
കണ്ടാൽ പുലി, കൊണ്ടാലും പുലി...
സ്പോർട്ടി പെർഫോമൻസാണ് കൈഗറിന്റെ മുഖമുദ്ര. ചെറുതല്ലേയെന്നു തോന്നിപ്പിച്ചേക്കാവുന്ന 1 ലീറ്റർ ടർബോ പെട്രോൾ പ്രകടനത്തിൽ ഒട്ടും ചെറുതല്ല. 100 ബിഎച്ച്പി, 160 പിഎസ് ടോർക്ക്, ഈ വലുപ്പമുള്ള വാഹനത്തിന് ആവശ്യത്തിലധികം ശക്തി. സിൽക്കി സ്മൂത് ഇലക്ട്രിക്കൽ പവർ സ്റ്റിയറിങ്. പുറമെ ലോകത്തിലെ ഏറ്റവും മികച്ച എക്സ് ട്രോണിക് സിവിടി ഓട്ടമാറ്റിക് ഗിയർ ബോക്സ്. അതുകൊണ്ടുതന്നെ പെർഫോമൻസ് കോംബിനേഷനാണ് കൈഗർ. നിസ്സാനിൽനിന്ന് കടമെടുത്ത എക്സ് ട്രോണിക് ഗിയറിനെപ്പറ്റി ഒരു വാക്ക്. സിവിടി ഗിയർ ബോക്സിന്റെ ലാളിത്യവും ടോർക്ക് കൺവർട്ടർ ഗിയർ ബോക്സുകളുടെ ചടുലതയും ഉൾക്കൊള്ളുന്ന അപൂർവ സാങ്കേതികതയാണിത്. ഫലം, സ്പോർട്ടി പെർഫോമൻസ്, സൂപ്പർ സ്മൂത്ത് ഗിയർഷിഫ്റ്റ്... കൈഗർ ഡ്രൈവിങ്ങിൽ ഇതു രണ്ടും അനുഭവവേദ്യം. ഒപ്പം മികച്ച ഇന്ധനക്ഷമതയും കൂടിച്ചേരുമ്പോൾ ഇനിയെന്തു വേണം!
കറുകറുത്തൊരു ഉള്ളാണ്...
ഉൾവശത്തിന്റെ തീം കളർ കറുപ്പാണ്. കാണുന്നതെല്ലാം കറുപ്പ്. ആഢ്യത്തമുണ്ട്. വലുപ്പം അനുഭവപ്പെടില്ലെന്ന ന്യൂനതയുമുണ്ട്. കറുപ്പിന്റെ ആഘാതം കുറയ്ക്കാൻ ഡാഷ് ബോർഡിൽ ചെറിയ ചുവപ്പു രാശിയുള്ള സ്ട്രിപ്പ്, സാധ്യതയുള്ളിടത്തൊക്കെ ക്രോമിയം ഇൻസേർട്ടുകൾ. യൂറോപ്യൻ നിലവാരത്തിൽ ഭംഗിക്കൊപ്പം ഫിനിഷുമുള്ള പ്ലാസ്റ്റിക് ഘടകങ്ങൾ. വലിയ ഡിസ്പ്ലേ ആധുനികം. ആപ്പിൾ കാർ പ്ലേയും ആൻഡ്രോയിഡ് ഓട്ടോയും വയർലെസ്സായി കണക്ട് ആകും. വയർലസ് ചാർജർ. ക്രൂസ് കൺട്രോൾ. ധാരാളം സ്റ്റോറേജ് ഇടം. ഫ്രഞ്ച്എർഗോണമിക്സ് നമുക്ക് ചിലപ്പോൾ അത്ര വശപ്പെടില്ല. ഉദാഹരണങ്ങൾ: ഡോർ ലോക്ക് തുറക്കുന്നത് ഡാഷ് ബോർഡിൽ നിന്ന്, സ്റ്റാർട്ട് സ്വിച്ചും ക്രൂസ് കൺട്രോൾ നിയന്ത്രണവും സെൻട്രൽ കൺസോളിൽ എന്നിങ്ങനെ. പരിചിതമായാൽ കുഴപ്പമില്ല.
എൻജിനുകൾ മൂന്നുണ്ട്, യാത്ര സുഖകരം
അഞ്ചു സ്പീഡ് മാനുവൽ മോഡലിൽ 100 ബിഎച്ച്പിയും 160 പിഎസും, എക്സ് ട്രോണിക്കിന് 100 ബിഎച്ച്പിയാണെങ്കിലും ടോർക്ക് 152 പിഎസ്. പുറമെ 72 ബിഎച്ച്പിയുള്ള അഞ്ചു സ്പീഡ്, എഎംടി മോഡലുമുണ്ട്. അവസാനം പറഞ്ഞത് എൻട്രി ലെവൽ... രണ്ടു നിര സീറ്റുകളിലും ആവശ്യത്തിന് സ്ഥലം. വലിയ സീറ്റുകൾ. പിന്നിൽ മൂന്നു യാത്രികർക്ക് സുഖമായിരിക്കാം. നടുവിൽ വലിയ ‘വരമ്പ്’ ഇല്ലാത്തതിനാൽ മധ്യത്തിൽ ഇരിക്കുന്നയാൾക്ക് സുഖകരം. വലിയ ഡിക്കി. ഇന്ധനക്ഷമത 20.5 കിലോമീറ്റർ.
വില: 5.99 ലക്ഷം രൂപ മുതൽ 10.62 ലക്ഷം രൂപ വരെ
എന്തിനു വാങ്ങണം? 5 കാരണങ്ങൾ
1. ലോകോത്തര ഫ്രഞ്ച് സാങ്കേതികതയും ബ്രാൻഡും 2. യുവത്വമുള്ള, വ്യത്യസ്തമായ സ്പോർട്ടി രൂപകൽപന 3. ഒതുക്കമുള്ള രൂപം. കൈകാര്യം ചെയ്യാൻ അനായാസം 4. സൂപ്പർ പെർഫോമൻസ് 5. മികച്ച ഇന്ധനക്ഷമത.
English Summary: Renault Kiger Test Drive