ഫ്രോങ്സായി പുനർജന്മം: എസ്‌യുവി വിപണിയിൽ പുത്തൻ തരംഗം...
Mail This Article
കാറിനെ എസ്‌യുവിയായും എസ്‌യുവിയെ കാറായും മാറ്റിമറിക്കാനുള്ള മാരുതിയുടെ അതുല്യ മികവിനു തെളിവായി ഫ്രോങ്സ്. 10 കൊല്ലത്തോളമായി കാറായി മാത്രം ഓടുന്ന ബലേനോയ്ക്ക് ഇപ്പോഴിതാ ഒരു എസ്‌യുവി ജന്മം. വെറുമൊരു എസ്‌യുവിയല്ല, വിപണിയിലിന്നുള്ള ഏതു മിനി എസ്‌യുവിയെയും വെല്ലുവിളിക്കാൻ തക്ക കരുത്തുള്ള മിനി എസ്‌യുവി അവതാരം.
കാറുകളെക്കാൾ എസ്‌യുവികളെ സ്നേഹിക്കുന്ന ഇന്ത്യയ്ക്കുള്ള സമ്മാനമായി ജനുവരി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കപ്പെട്ട ഫ്രോങ്സ് നിരത്തുകളിലേക്കെത്തുമ്പോൾ വാഹനപ്രേമികൾക്ക് ആഹ്ലാദിക്കാൻ കാരണങ്ങൾ പലതുണ്ട്. അവയിൽ മുഖ്യം 1 ലീറ്റർ ബൂസ്റ്റർ ജെറ്റ് പെട്രോൾ എൻജിന്റെ തിരിച്ചു വരവ്. ഒപ്പം ആറു സ്പീഡ് ഓട്ടമാറ്റിക് ഗിയറും തിരികെയെത്തി.
ശരിക്കും എസ്‌യുവി
പ്ലാറ്റ്ഫോം മാറിയില്ല, ശരി തന്നെ. എന്നു വച്ച് കുറച്ചു പ്ലാസ്റ്റിക് ക്ലാഡിങ് അവിടെയും ഇവിടെയും ഉറപ്പിച്ചുവച്ച് ഹാച്ച് ബാക്കിനെ എസ്‌യുവിയാക്കുന്ന ഏർപ്പാടല്ല. ഡിസൈനർമാർ തല നല്ലവണ്ണം പുകച്ചു തന്നെ രൂപകൽപന ചെയ്തതാണ് ഫ്രോങ്സ്. അതുകൊണ്ടു തന്നെ ബലേനോയുമായല്ല ഗ്രാൻഡ് വിറ്റാരയുമായാണ് ഫ്രോങ്സിനു സാമ്യം. ഉയർന്നു നിൽക്കുന്ന ബോണറ്റും വിറ്റാരയുടേതിനു തുല്യമായ വലിയ ഗ്രില്ലും ലൈറ്റ് ക്ലസ്റ്ററുമൊക്കെച്ചേർന്ന് തികച്ചും വ്യത്യസ്തമായ വാഹനമായി ഫ്രോങ്സിനെ ഉയർത്തുന്നു. ഇതോടു കിട പിടിക്കുന്ന ഉയർന്ന പിൻവശവും തികച്ചും എസ്‌യുവി സ്വഭാവത്തിൽത്തന്നെ. മുൻവശം പോലെ പിൻവശവും തികച്ചും പുതിയ രൂപകൽപനയിൽ ബലേനോയോടു വിദൂരഛായ പോലും ഇല്ലാത്ത വിധം നിർമിച്ചിരിക്കുന്നു. ഇതിനു തുടർച്ചയെന്നോണം അതിശക്തമായ അലോയ് വീൽ രൂപകൽപനയും മസ്കുലറായ ഫെൻഡറുകളും വീൽ ആർച്ചുകളുമൊക്കെച്ചേർന്ന് ചെറിയൊരു ഗ്രാൻഡ് വിറ്റാരയായി ഫ്രോങ്സിനെ മാറ്റുന്നു. ടാറ്റാ നെക്സോണിനോടും കിയ സോണറ്റിനോടും ഹ്യുണ്ടേയ് വെന്യുവിനോടുമൊക്കെ വേണമെങ്കിൽ ഒരു കൈ നോക്കാൻ കെൽപുണ്ട്.
വലുതായി, എസ്‌യുവിയായി
വലുപ്പത്തിൽ കാര്യമായ മാറ്റങ്ങളില്ലെങ്കിലും 190 മി മി ഗ്രൗണ്ട് ക്ലിയറൻസുണ്ട്. ബലേനോയെക്കാൾ 20 മി മി കൂടുതലാണിത്. വലിയ 195–60 ആർ 16 ടയറുകളും പരിഷ്കരിച്ച സസ്പെൻഷനും ഉയരക്കൂടുതലിനു കാരണമായി. വീൽ ബേസിലോ ഡിക്കി ഇടത്തിലോ കാര്യമായ വളർച്ചയില്ലെങ്കിലും ഈ വിഭാഗത്തിലെ മറ്റേത് എസ്‌യുവിയോടും ഒരു കൈ നോക്കാൻ കെൽപുണ്ട്.
ബലേനോയിൽനിന്ന് ഒരു പടി മുകളിൽ
ഉള്ളിൽ ബലേനോയുടെ ശേഷിപ്പുകൾ കണ്ടെത്താമെങ്കിലും ഒറ്റ നോട്ടത്തിൽ പുതുമയാണ്. ഡ്യുവൽ ടോൺ ഫിനിഷും വലിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ആഡംബരം തോന്നിപ്പിക്കുന്ന സോഫ്റ്റ് ഡാഷ് ഫിനിഷുമൊക്കെ ഫ്രോങ്സിനെ എസ്‌യുവി തലത്തിലേക്ക് ഉയർത്തുന്നു. വയർലെസ് ചാർജർ, ഹെഡ്സ് അപ് ഡിസ്പ്ലേ, 360 ഡിഗ്രി ക്യാമറ, നാൽപതിലധികം ഇൻറലിജന്റ് ഫീച്ചറുകളുള്ള സുസുക്കി കണക്ട് എന്നിങ്ങനെ എല്ലാ ആധുനികതകളും ഇവിടുണ്ട്. സ്ഥലസൗകര്യം ധാരാളം. പിന്നിലെ യാത്രികർക്ക് ക്രമീകരിക്കാവുന്ന ഹെഡ് റെസ്റ്റ് വന്നു.
ബൂസ്റ്റർ കരുത്ത്
100 ബിഎച്ച്പി 1 ലീറ്റർ 3 സിലിണ്ടർ ബൂസ്റ്റർ ജെറ്റ് പണ്ട് ബലേനോയിലുണ്ടായിരുന്നു. ഇപ്പോഴിതാ കൂടുതൽ കരുത്തനായി തിരിച്ചെത്തുന്നു. ഈ വരവിൽ ബിഎസ് 6 നിബന്ധനകളും പാലിച്ചാണ് വരവ്. 5 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർക്ക് കൺവർട്ടർ ഓട്ടോ. പുറമെ 1.2 ലീറ്റർ കെ സീരീസ് 9– ബിഎച്ച്പി മോഡലുമുണ്ട്. അതിൽ 5 സ്പീഡ് മാനുവലും 5 സ്പീഡ് എഎംടിയും. ബൂസ്റ്റർ കുതിപ്പ് വേണ്ടവർക്ക് 1 ലീറ്ററിലേക്കു പോകാം. ടോർക്ക് കൺവർട്ടർ ഓട്ടോയാണ് താരം. പൂജ്യത്തിൽനിന്ന് 100 ലെത്താൻ 11.4 സെക്കൻഡ് മതി. പ്രായോഗികത തേടുന്നവർക്ക് 1.2 ലീറ്റർ കെസീരിസ് സ്മാർട്ട് ഹൈബ്രിഡിൽ ഒതുങ്ങാം. ബൂസ്റ്റർ ജെറ്റിന് 21.5, 20.01 കി മി മൈലേജ് മാനുവൽ, ഓട്ടോ മോഡലുകൾക്കു ലഭിക്കും.
യാത്ര, ഹാൻഡ്‌ലിങ്
ബലേനോയ്ക്കു തുല്യം, കാറിനു സമം യാത്രാസുഖം നൽകാനുള്ള മാരുതിയുടെ ശ്രമം വിജയകരം. സസ്പെൻഷൻ ന്യായമായും തെല്ലു ഹാർഡ് ആക്കിയെങ്കിലും പ്രായോഗികമായി സുഖയാത്രയിൽ വിട്ടുവീഴ്ചയില്ല. എന്നാൽ എസ്‌യുവി ഹാൻഡ്‌ലിങ് കൈവിടുന്നതുമില്ല. മാരുതിയുടെ മാജിക്.
വാങ്ങാം ഒരു ഫ്രോങ്സ്
ആർക്കാണ് ഫ്രോങ്സ്? എസ്‌യുവി സ്റ്റൈലിങ്ങിൽ ഭ്രമമുള്ള, യുവത്വവും ആധുനികതയും മാച്ചോ സ്റ്റൈലിങ്ങും തേടുന്ന, കരുത്തുള്ള എൻജിനും സുഖകരമായ യാത്രയും ഓട്ടമാറ്റിക് ഡ്രൈവബിലിറ്റിയും തേടുന്ന യുവത്വങ്ങൾക്കാണ് ഫ്രോങ്സ്.
English Summary: Maruti Suzuki Fronx Test Drive