ADVERTISEMENT

ലണ്ടൻ∙ കള്ളനോട്ടു തടയാൻ കൂടുതൽ സുരക്ഷാ വിൻഡോകളും വ്യത്യസ്ത നിറങ്ങളിലുള്ള ഫോയിലുകളും മെറ്റാലിക് ഹോളോഗ്രാമും ഉൾപ്പെടുത്തി 20 പൗണ്ടിന്റെ പുതിയ പോളിമർ നോട്ടുകൾ തയാറാക്കി. അച്ചടി പുരോഗമിക്കുന്ന നോട്ടുകൾ അടുത്തവർഷം ഫെബ്രുവരി മുതൽ വിനിമയത്തിനിറക്കും. ബ്രിട്ടനിൽ ഏറ്റവും അധികം കള്ളനോട്ടുകൾ അച്ചടിക്കപ്പെട്ടിരുന്നത് 20 പൗണ്ടിന്റെ നോട്ടുകളിലായിരുന്നു. 

ഇതു തടയാനാണു പുതിയ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി പുത്തൻ നോട്ടുകൾ തയാറാക്കിയത്. 2021ൽ 50 പൗണ്ടിന്റെ പുതിയ നോട്ടുകൾ കൂടി തയാറാക്കുന്നതോടെ പൗണ്ട് സ്റ്റെർലിങ്ങിന്റെ എല്ലാ ഡിനോമിനേഷനിലെയും നോട്ടുകൾ പോളിമറായി മാറും. നേരത്തെ അഞ്ച്, പത്ത് എന്നിവയുടെ നോട്ടുകൾ പോളിമറാക്കി പരിഷ്കരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ 20 പൗണ്ടിന്റെ നോട്ടുകളും വിനിമയത്തിനു തയാറായിരിക്കുന്നത്. 

50-pound-note

എലിസബത്ത് രാജ്ഞിക്കൊപ്പം ഇക്കണോമികിസിന്റെ പിതാവായി അറിയപ്പെടുന്ന ആഡം സ്മിത്തിന്റെ ചിത്രമായിരുന്നു നിലവിലെ 20 പൗണ്ട് നോട്ടിൽ ആലേഖനം ചെയ്തിരുന്നത്. എന്നാൽ പുതിയ നോട്ടിൽ രാജ്ഞിക്കൊപ്പം സ്ഥാനം പിടിക്കുന്നത് ആർട്ടിസ്റ്റ് ജെഎംഡബ്ല്യു. ടർണറാണ്. ടർണറുടെ ഛായാചിത്രത്തിനൊപ്പം ബാറ്റിൽ ഓഫ് ട്രഫാൾഗറിന്റെ  വിജയസ്മരണ നിലനിർത്തുന്ന ചിത്രങ്ങളും നോട്ടിലുണ്ടാകും. ഇവയ്ക്കു പുറമേ രണ്ട് സുരക്ഷാ വിൻഡോകളും നീല, മഞ്ഞ, സിൽവർ  നിറങ്ങളിലുള്ള സുരക്ഷാ ഫോയിൽ പാച്ചുകളും  നോട്ടിൽ ചേർത്തിട്ടുണ്ട്. ഇവ പുതിയ നോട്ടുകൾക്ക് തിളക്കവും സുരക്ഷയും ഒരുക്കും. പ്രത്യേക മെറ്റാലിക് ഹോളോഗ്രാം മുദ്രയിലൂടെയാണ് പുതിയ നോട്ടിന്റെ വ്യാജ നിർമാണം അസാധ്യമാക്കുന്നത്. 

ബ്രിട്ടനിൽ ഏറ്റവും അധികം വിനിമയം ചെയ്യപ്പെടുന്ന നോട്ടുകൾ 20 പൗണ്ടിന്റേതാണ്. അതുകൊണ്ടുതന്നെ ഇതിന്മേൽ വ്യാജനിർമിതിയും ഏറെയായിരുന്നു. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ പിടിച്ചെടുത്ത കള്ളനോട്ടുകളിൽ 88 ശതമാനവും 20 പൗണ്ടിന്റെ നോട്ടുകളാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷത്തെ ആദ്യ ആറുമാസത്തിൽ പിടിച്ചെടുത്ത 228,000 കള്ളനോട്ടുകളിൽ 201,000 നോട്ടുകളും 20 പൌണ്ടിന്റേതായിരുന്നു. 

രണ്ട് ബില്യൺ 20 പൗണ്ട് നോട്ടുകളാണ് ഇന്നു ബ്രിട്ടന്റെ വിപണിയിൽ നിലവിലുള്ളത്. ഇവയെല്ലാം 2021 അവസാനമാകുന്നതോടെ പുതിയ നോട്ടുകൾക്ക് വഴിമാറും. 

2021ൽ 50 പൗണ്ടിന്റെ പുതിയ പോളിമർ നോട്ടുകളും വിപണിയിൽ ഇറങ്ങും. കംപ്യൂട്ടർ സാങ്കേതിക രംഗത്തെ അഗ്രഗണ്യനായി അറിയപ്പെടുന്ന വിഖ്യാത ശാസ്ത്രജ്ഞൻ അലൻ ടൂറിങ്ങിന്റെ ചിത്രമാണ് അമ്പത് പൌണ്ട് നോട്ടിൽ രാജ്ഞിയുടെ ചിത്രത്തിനൊപ്പം സ്ഥാനം പിടിക്കുക. 

പുതിയ അഞ്ച് പൗണ്ട് നോട്ടിൽ മുൻ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന്റെയും 10 പൗണ്ട് നോട്ടിൽ വിഖ്യാത നോവലിസ്റ്റ് ജാൻ ഓസ്റ്റിന്റെയും ചിത്രമാണ് ആലേഖനം ചെയ്തിട്ടുള്ളത്. 20 പൌണ്ടിലെ ചിത്രത്തിന് ആർട്ടിസ്റ്റുകളുടെ പേരാണ് നിർദേശിക്കേണ്ടിയിരുന്നത്. 590 പേർക്കായി 29,701 നോമിനേഷനുകളാണ് ആകെ ലഭിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ പേർ ശുപാർശ ചെയ്തത് ഇംഗ്ലീഷ് റോമാന്റിക് ആർട്ടിസ്റ്റ് എന്നറിയപ്പെടുന്ന ജോസഫ് മല്ലോർഡ് വില്യം ടർണറുടെ (1775-1851) പേരാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com