ADVERTISEMENT

ലണ്ടൻ ∙ ലഹരിമരുന്ന് നൽകി നൂറിലധികം പുരുഷൻമാരെ ലൈംഗികമായി പീഡിപ്പിച്ച ഇന്തൊനീഷ്യൻ വിദ്യാർഥിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ ക്രൗൺ കോടതിയാണ് ഇന്തൊനീഷ്യൻ സ്വദേശിയായ റെയ്ൻഹാർഡ് സിനാഗ (36)യ്ക്ക് ശിക്ഷ വിധിച്ചത്. ഇയാൾ 195 ഓളം പേരെ ആക്രമിച്ചിരിക്കാമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. താമസിക്കാനോ മദ്യം കഴിക്കാനോ സ്ഥലം വാഗ്ദാനം ചെയ്ത് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയാണ് ആളുകളെ പീഡിപ്പിച്ചിരുന്നത് എന്നാണ് റിപ്പോർട്ടുകൾ. 

Uk-rape-police

ഇന്തൊനീഷ്യയിലെ ജാംബി പ്രവശ്യയിൽ നിന്നുള്ള പ്രതി ഉന്നത വിദ്യാഭ്യാസത്തിനായാണ് യുകെയിൽ എത്തിയത്. രാത്രികാലങ്ങളിൽ ചെറുപ്പക്കാർക്കൊപ്പം മദ്യപിച്ചശേഷം മയക്കുമരുന്ന് നൽകിയാണ് ഇയാൾ പീഡനം നടത്തിയിരുന്നതെന്ന് ജഡ്ജി വ്യക്തമാക്കി. പീഡനത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു. പലരും പീഡനം അറിഞ്ഞിരുന്നില്ല. എന്നാൽ, പീഡനത്തിന് ഇരയായ ഒരാൾ ഇടയ്ക്ക് എണീക്കുകയും ഇയാളെ പിടിക്കുകയുമായിരുന്നു. തുടർന്ന് പരാതി നൽകി. ഇരകളിൽ ഒരാൾ ഇയാളെ ചെകുത്താൻ എന്നാണ് വിശേഷിപ്പിച്ചത്. ഏറ്റവും കുറഞ്ഞത് 30 വർഷമെങ്കിലും പ്രതി ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരും. 

ക്രൗൺ പ്രോസിക്യൂഷൻ പറയുന്നത് അനുസരിച്ച് പ്രതിയായ സിനാഗ 159 കുറ്റകൃത്യങ്ങളാണ് ചെയ്തത്. ഇതിൽ 136 പീഡനങ്ങളും എട്ട് പീഡനശ്രമവും ഉൾപ്പെടും. 2018 ജൂണിൽ വിചാരണ ആരംഭിച്ച കേസുകളിലാണ് ഇപ്പോൾ ശിക്ഷ വിധിച്ചത്. കേസുകളുടെ വിചാരണ ഇക്കഴിഞ്ഞ ഡിസംബറിലാണ് അവസാനിച്ചത്. 2007 ൽ ബ്രിട്ടനിലേക്ക് മാറിയതിനുശേഷം സിനാഗ കൂടുതൽ പുരുഷന്മാരെ ആക്രമിച്ചതായി സംശയിക്കുന്നതായി അന്വേഷണസംഘം കോടതിയെ അറിയിച്ചിരുന്നു. രാജ്യത്തെ ചരിത്രത്തിലെ ഏറ്റവും മോശം ലൈംഗിക കുറ്റവാളി എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

Uk-rape-police12

ഇത്രയും കുറ്റകൃത്യങ്ങൾ ചെയ്ത വ്യക്തിയെ പുറത്തുവിടുന്നത് സുരക്ഷിതമല്ലെന്നാണ് വിധിപ്രസ്താവിച്ച് ജഡ്ജി വ്യക്തമാക്കിയത്. സിനാഗ യൂണിവേഴ്സിറ്റി ഓഫ് ലീഡ്സിൽ പിഎച്ച്ഡി വിദ്യാർഥിയായിരുന്നു. പിടിയിലായ ശേഷം പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ വീട്ടിൽ നിന്നും നിരവധി മണിക്കൂറുകൾ ദൈർഘ്യമുള്ള പീഡനദൃശ്യങ്ങൾ കണ്ടെത്തി. മദ്യക്കുപ്പികളും ലഹരിമരുന്നുകളും കണ്ടെത്തിയിരുന്നു. 

English Summary: Reynhard Sinaga: 'Evil sexual predator' jailed for life for 136 rapes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com