ADVERTISEMENT

ലണ്ടൻ∙ സിറോ മലങ്കര കത്തോലിക്കാ സഭാ സ്ഥാപകനും പ്രഥമ ആർച്ചുബിഷപും പുണ്യശ്ലോകനുമായ ദൈവദാസൻ മാർ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ 67–ാം ഓർമ്മപ്പെരുന്നാൾ ജൂലൈ 19  ഞായറാഴ്ച യുകെയിലെ മിഷൻ കേന്ദ്രങ്ങളിൽ സമുചിതമായി ആചരിച്ചു. കോവിഡ് 19 മഹാമാരിയുടെ പ്രത്യേക പശ്ചാത്തലത്തിൽ  സഭയുടെയും രാഷ്ട്രത്തിന്റെയും നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടാണ്  വി. കുർബാനയും പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളും ക്രമീകരിച്ചിരിക്കുന്നത്.  

ഈസ്റ്റ്‌ ലണ്ടൻ സെന്റ്‌ ജോസഫ് മിഷൻ കേന്ദ്രത്തിൽ സഭയുടെ കോർഡിനേറ്റർ ഫാ. തോമസ്  മടക്കംമൂട്ടിൽ 10.30 ന് വി. കുർബാന അർപ്പിച്ചു. ഫാ.  രഞ്ജിത് മടത്തിറമ്പിൽ, ഫാ. ജോൺസൻ മനയിൽ, ഫാ. ജോൺ അലക്സ്‌ പുത്തൻവീട്ടിൽ, ഫാ. മാത്യു നെരിയാറ്റിൽ വിവിധ മിഷൻ കേന്ദ്രങ്ങളിൽ  വി. കുർബാനയ്ക്കും പ്രാർത്ഥനാശുശ്രൂഷകൾക്കും നേതൃത്വം നൽകി.

1953 ജൂലൈ 15 നാണ് ദൈവദാസൻ മാർ ഇവാനിയോസ് മെത്രാപ്പോലീത്താ കാലം ചെയ്തത്. മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ അദ്ദേഹവും അനുയായികളും 1930 സെപ്റ്റംബർ 20 ന് കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെട്ടു. മലങ്കര കത്തോലിക്കാ സഭയുടെ പ്രഥമ മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പായി 1953 വരെ ശുശ്രൂഷ ചെയ്തു. 2007 ജൂലൈ 14 നു ദൈവദാസൻ എന്ന പദവിയിലേക്ക് ഉയർത്തപ്പെട്ടു. വിശുദ്ധരുടെ ശ്രേണിയിലേക്ക് ഉയർത്തപ്പെടുന്നതിനുള്ള നാമകരണ നടപടികൾ പുരോഗമിച്ചു വരുന്നു. അത്യുന്നത കർദിനാൾ മോറൻ മോർ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവാ നേതൃത്വം നൽകുന്ന മലങ്കര കത്തോലിക്കാ സഭാ സമൂഹം പ്രാർത്ഥനാപൂർവ്വം ഈ ദിനങ്ങൾ ആചരിക്കുന്നു. 

1932 - ൽ ദൈവദാസൻ മാർ ഇവാനിയോസ് ഇംഗ്ലണ്ട് സന്ദർശിച്ചു. ലണ്ടനിലും ബിർമിങ്ഹാമിലുമാണ് അന്നു പ്രത്യേക സന്ദർശനം നടത്തിയത്. യുകെയിലെ മലങ്കര കത്തോലിക്കാ സഭാ സമൂഹത്തിന് ഇത് ഏറെ സന്തോഷവും അഭിമാനവും പകർന്നു നൽകുന്ന  വസ്തുതയാണ്. ദൈവദാസന്റെ ഛായാചിത്രം എല്ലാ ഭവനങ്ങളിലും പ്രതിഷ്ഠിക്കുന്നതിനും തുടർന്നുള്ള ദിവസങ്ങളിൽ പ്രത്യേക പ്രാർത്ഥന നടത്താനും  67–ാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് തുടക്കം കുറിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com