ADVERTISEMENT

ലണ്ടൻ ∙ പത്തുവർഷം കൂടുമ്പോൾ നടക്കുന്ന ദേശീയ സെൻസസിന് ബ്രിട്ടനിൽ തുടക്കം കുറിച്ചു. പോസ്റ്റൽ ഫോമുകൾ വഴിയും ഓൺലൈനായും സെൻസസിൽ പങ്കെടുക്കാം  അമ്പതോളം ചോദ്യങ്ങളിലൂടെയാണ് ബ്രിട്ടനിലെ ജനങ്ങളുടെ കൃത്യമായ സ്ഥിതിവിവര കണക്കുകൾ സർക്കാർ ശേഖരിക്കുന്നത്. ഇങ്ങനെ വിവരങ്ങൾ നൽകുമ്പോൾ ആദ്യഭാഷയായി (ഫസ്റ്റ് ലാംഗ്വേജ്) മലയാളം രേഖപ്പെടുത്തണമെന്നാണ് മുൻ മേയർമാരും നിലവിലെ കൗൺസിലർമാരും  ഉൾപ്പെടെയുള്ള പ്രമുഖർ അഭ്യർഥിക്കുന്നത്. ഇതിലൂടെ ബ്രിട്ടനിലെ മലയാളികളുടെ സാന്നിധ്യം കൃത്യമായി അടയാളപ്പെടുത്താൻ കഴിയുമെന്നും അതുവഴി മലയാളി സമൂഹത്തിനും മലയാള ഭാഷയ്ക്കും നിരവധി ഗുണങ്ങൾ ഉണ്ടാകുമെന്നും ഇവർ പറയുന്നു. 

സെൻസസിലെ പതിനെട്ടാമത്തെ ചോദ്യമാണ്, ഏതാണ് നിങ്ങളുടെ പ്രധാന ഭാഷ എന്നത്. ഇതിനുത്തരമായി മലയാളി പൈതൃകമുള്ള എല്ലാവരും ‘മലയാളം’ എന്ന് ഉത്തരമെഴുതിയാൽ അത് ബ്രിട്ടനിലെ മലയാളികളുടെ മൊത്തം എണ്ണമായി മാറും. ഇത് മലയാളി കമ്മ്യൂണിറ്റിയുടെ അസ്ഥിത്വം ഉറപ്പുവരുത്തും. ലാംഗ്വേജ് സപ്പോർട്ട് സർവീസ് ഫണ്ട് ലഭിക്കാനും ഭായിവിൽ ഒരു സമൂഹമെന്ന നിലയിലുള്ള പല വിലപേശലുകൾക്കും ഇത് ഗുണം ചെയ്യും. ഭാവിയിൽ മലയാളം ഒരു പഠനഭാഷയായി പോലും പരിഗണിക്കാൻ ഇത് ഇടനൽകിയേക്കാം. 

മലയാളം പ്രധാന ഭാഷയാണ് എന്ന് രേഖപ്പെടുത്തുന്നതു മൂലം ഒരു വിവേചനവും അനുഭവിക്കേണ്ടി വരില്ലെന്നാണ് ബ്രിസ്റ്റോൾ ബ്രാഡ്ലി സ്റ്റോക്കിലെ മുൻ മേയർകൂടിയായ ടോം ആദിത്യ ഉൾപ്പെടെയുള്ള മലയാളി നേതാക്കൾ പറയുന്നത്. സംസ്ഥാന സർക്കാരിന്റെ മലയാളം മിഷൻ യു.കെ ചാപ്റ്ററും യുക്മ ഉൾപ്പെടെയുളള മലയാളി സംഘടനകളും സമാനമായ അഭ്യർഥനയുമായി രംഗത്തുണ്ട്. 

ഇംഗ്ലണ്ടിലെയും വെയ്ൽസിലെയും വ്യക്തികളെയും ഭവനങ്ങളെയും കുറിച്ചുള്ള സ്ഥിതിവിവര കണക്കുകൾ ശേഖരിക്കുവാൻ 1801 മുതൽ എല്ലാ പത്തുവർഷം കൂടുമ്പോഴും സർക്കാർ സംഘടിപ്പിക്കുന്ന സെൻസസ് വളരെയേറെ പ്രാധാന്യം നിറഞ്ഞ ഒരു ദേശീയ പ്രക്രിയയാണ്. 1841 മുതലാണ് ആധുനിക രീതിയിൽ ഇന്നത്തെപ്പോലെ സെൻസസ് പ്രക്രിയ മാറ്റത്തോടെ തുടക്കം കുറിച്ചത്. സെൻസസിൽ പങ്കെടുക്കതിരിക്കുന്നതും തെറ്റായ വിവരങ്ങൾ നൽകുന്നതും ബ്രിട്ടനിൽ 1000 പൗണ്ട് വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com