രാജ്ഞിയുടെ കിരീടത്തിലുള്ളത് 273 പവിഴമുത്തുകൾ, 17 ഇന്ദ്രനീലങ്ങൾ, 11 മരതകരത്നങ്ങൾ, വൈരമുത്തുകളും
Mail This Article
ലണ്ടന്‍ ∙ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ഹാളിൽ എലിസബത്ത് രാജ്ഞിയുടെ മൃതദേഹപേടകം അലങ്കരിച്ചിരിക്കുന്നത് രാജ്ഞിയുടെ കിരീടം കൊണ്ടാണ്. പരമാധികാരത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും മുദ്രയായ ‘ഇംപീരിയൽ സ്റ്റേറ്റ് ക്രൗൺ’ അണിഞ്ഞാണ് രാജ്ഞിയുടെ അന്ത്യയാത്ര. സംസ്കാരചടങ്ങുകൾ അവസാനിക്കുംവരെ രാജകുടുംബത്തിന്റെ അധികാരചിഹ്നമായ കിരീടം രാജ്ഞിയുടെ മൃതദേഹപേടകത്തിലുണ്ടാകും. പിന്നീടിത് റോയൽ ക്രൗൺ ജ്വല്ലറികൾ സൂക്ഷിക്കുന്ന ടവർ ഓഫ് ലണ്ടനിലെ മ്യൂസിയത്തിലേക്ക് മാറ്റും.
ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നും ശേഖരിച്ച വിലമതിക്കാനാകാത്ത അപൂർവ രത്നങ്ങളും വജ്രക്കല്ലുകളും പതിച്ചതാണ് വെട്ടിത്തിളങ്ങുന്ന ഈ രാജകിരീടം. 2868 രത്നക്കല്ലുകളും 273 പവിഴമുത്തുകളും 17 ഇന്ദ്രനീലങ്ങളും 11 മരതകരത്നങ്ങളും അഞ്ച് മാണിക്യക്കല്ലും പതിച്ചതാണ് രാജ്ഞിയുടെ വിലമതിക്കാനാകാത്ത ഈ കിരീടം. കിരീടത്തിലെ വിവിധങ്ങളായ രത്നങ്ങളുടെ തിളക്കം കണ്ണഞ്ചിപ്പിക്കുന്നതാണ്.
രാജ്ഞിയുടെ പിതാവ് കിംങ് ജോർജ് ആറാമനായി 1937ൽ നിർമിച്ചതാണ് ഈ ഇംപീരിയൽ സ്റ്റേറ്റ് ക്രൗൺ. വിക്ടോറിയ രാജ്ഞി ഉൾപ്പെടെയുള്ള പിന്മുറക്കാർ ഉപയോഗിച്ചിരുന്ന അതിനു മുമ്പുള്ള കിരീടത്തിന്റെ ഭാരക്കൂടുതൽകൊണ്ടാണ് ജോർജ് ആറാമൻ രാജാവിനായി പുതിയ കിരീടം നിർമിച്ചത്. ഭാരം കുറഞ്ഞ ഈ കീരിടത്തിനുമുണ്ട് ഒരു കിലോ ആറുഗ്രാം തൂക്കം.
1953ൽ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടന്ന കിരീടധാരണസമയത്താണ് എലിസബത്ത് രാജ്ഞി ഈ കിരീടം ആദ്യമായി അണിഞ്ഞത്. പിന്നീട് എല്ലാവർഷവും പാർലമെന്റിന്റെ ഉദ്ഘാടനസമ്മേളനത്തിൽ രാജ്ഞി പങ്കെടുത്തിരുന്നത് ഈ കിരീടമണിഞ്ഞാണ്.
2018ൽ കീരിടത്തിന്റെ അമിതഭാരത്തെക്കുറിച്ച് രാജ്ഞി തമാശരൂപേണ പരാതിപ്പെടുകപോലും ചെയ്തു. ഒരു കിലോയിലധികമുള്ള കിരീടം ധരിച്ച് ശരിയായി പ്രസംഗംപോലും വായിക്കാൻ പറ്റുന്നില്ലെന്നായിരുന്നു രാജ്ഞിയുടെ പരിഭവം. പിന്നീട് ഭാരം കുറഞ്ഞ മറ്റൊരു കിരീടം ധരിച്ചായിരുന്നു രാജ്ഞി പാർലമെന്റിൽ എത്തിയത്. 2021ൽ അവസാനമായി പാർലമെന്റിൽ എത്തിയപ്പോൾ കിരീടം ധരിക്കാനും രാജ്ഞി കൂട്ടാക്കിയില്ല.
317 കാാരറ്റ് കള്ളിനൻ ഡയമണ്ടാണ് കിരീടത്തിലെ രത്നങ്ങളിലെ മഹാതാരം. 1905 ആഫ്രിക്കിലെ ഒരു ഖനിയിൽനിന്നും കണ്ടെടുത്ത കള്ളിനൻ ഡയമണ്ട് ബ്രിട്ടനിൽ എത്തിച്ചശേഷം മുറിച്ച് ഒൻപത് കഷണങ്ങളാക്കുകയായിരുന്നു. ഇതിൽ ഏറ്റവും വലിയ കഷണം ‘ഗ്രേറ്റ് സ്റ്റാർ ഓഫ് ആഫ്രിക്ക’ എന്നാണ് അറിയപ്പെടുന്നത്. ബ്രിട്ടിഷ് രാജവംശത്തിന്റെ അംശവടിയിലാണ് ഈ രത്നം ഇപ്പോഴുള്ളത്. രണ്ടാമത്തെ വലിയ കഷണത്തിന് 63.5 ഗ്രാം തൂക്കമുണ്ട്. ‘സെക്കൻഡ് സ്റ്റാർ ഓഫ് ആഫ്രിക്ക’ എന്നറിയപ്പെടുന്ന ഈ കള്ളിനൻ രത്നമാണ് ഇംപീരിയൽ സ്റ്റേറ്റ് ക്രൗണിലെ ഏറ്റവും വലിയ രത്നം. കള്ളിനന്റെ മറ്റ് ഏഴു കഷണങ്ങളും ബ്രിട്ടിഷ് രാജവംശത്തിന്റെ ഉടമസ്ഥതയിലാണ് ഇപ്പോഴുമുള്ളത്.
എലിസബത്ത് രാജ്ഞിയുടെ മാതാവ് ക്യൂൻ മദറിന്റെ കിരീടത്തിലാണ് ഇന്ത്യയിൽനിന്നുള്ള കോഹിനൂർ രത്നം ഉപയോഗിച്ചിരിക്കുന്നത്. 105 കാരറ്റ് കോഹിനൂർ രത്നം അടങ്ങിയ ഈ കിരീടത്തിന്റെ അനന്തരാവകാശി ചാൾസ് മൂന്നാമൻ രാജാവിന്റെ ഭാര്യ കാമിലയാകും. കിരീടധാരണ ചടങ്ങിൽ ഇംപീരിയൽ സ്റ്റേറ്റ് ക്രൗൺ രാജാവിനെ അണിയിക്കുമ്പോൾ കോഹിനൂർ അടങ്ങിയ ക്യൂൻ മദറിന്റെ കിരീടം കാമിലയും അണിയും. ടവർ ഓഫ് ലണ്ടനിലെ മ്യൂസിയത്തിലാണ് ഈ റോയൽ ക്രൗൺ ജ്വല്ലറികളെല്ലാം സൂക്ഷിക്കുന്നത്. റോയൽ പ്രോപ്പർട്ടിയാണെങ്കിലും ഇതൊന്നും ആരുടെയും സ്വകാര്യസ്വത്തുക്കളല്ല.
English Summary : Imperial State Crown rests on top of Queen Elizabeth II's coffin