എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പൊലീത്ത ഞായറാഴ്ച ചുമതല ഏൽക്കും
Mail This Article
ലണ്ടൻ ∙ ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനത്തിന്റ പുതിയ അധിപനായി എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പൊലീത്ത നവംബർ 5 ന് യുകെ യിൽ എത്തും. നവംബർ ആറിന് രാവിലെ ലണ്ടനിലെ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ പരുമല പെരുന്നാളിനോട് അനുബന്ധിച്ച് കുർബാന അർപ്പിക്കും. തുടർന്ന് സഭയുടെ ഭദ്രാസന ഓഫിസ് സ്ഥിതി ചെയ്യുന്ന സ്വിൻഡനിൽ എത്തി ചുമതല ഏൽക്കും. പത്തനംത്തിട്ട മൈലപ്ര സ്വദേശിയാണ് നിയുക്ത മെത്രാപ്പൊലീത്ത.
കാലം ചെയ്ത ഡോ. തോമസ് മാർ മക്കാറിയോസ് മെത്രാപ്പൊലീത്ത ഭദ്രാസനാധിപനായിരിക്കെ 2009 ലാണ് കാനഡ, യുകെ ആൻഡ് യൂറോപ്പ് ഭദ്രാസനം വിഭജിച്ച് 18 പള്ളികളും കോൺഗ്രിഗേഷനുകളും ഉൾപ്പെടുന്ന യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനത്തിന് രൂപം നൽകിയത്. തുടർന്ന് ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പൊലീത്ത ഭദ്രാസനാധിപനായി ചുമതലയേറ്റു. ഇപ്പോൾ ഭദ്രാസനത്തിന്റെ കീഴിൽ പത്തോളം രാജ്യങ്ങളിൽ 51 പള്ളികളും കോൺഗ്രിഗേഷനുകളുമാണുള്ളത്.
കേരളത്തിൽ വച്ച് ഭദ്രാസനത്തിന്റെ ചുമതല ഔദ്യോഗികമായി മുൻ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. മാത്യൂസ് മാർ തിമോത്തിയോസ് എബ്രഹാം മാർ സ്തെഫാനോസിന് കൈമാറിയിരുന്നു. യുകെയിലെ കൗൺസിൽ ഓഫ് ഓറിയന്റൽ ഓർത്തഡോക്സ് ചർച്ചസിന്റെ സെക്രട്ടറി, കാത്തലിക് - ഓറിയന്റൽ ഓർത്തഡോക്സ് റീജനൽ ഫോറത്തിന്റെ കോ-സെക്രട്ടറി എന്നീ നിലകളിൽ സേവന അനുഷ്ഠിച്ചിട്ടുള്ള മെത്രാപ്പൊലീത്ത കോട്ടയം പഴയ സെമിനാരി അസിസ്റ്റന്റ് പ്രഫസർ, തൃശൂർ കുന്നംകുളം കരിക്കോട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു വരികെയാണ് ജൂലൈയിൽ പഴഞ്ഞി സെന്റ് മേരീസ് കത്തീഡ്രലിൽ വച്ച് മെത്രാപ്പൊലീത്തയായി അഭിഷിക്തനായത്.