നഴ്സുമാർ ഉൾപ്പെടെ എല്ലാ എൻഎച്ച്എസ് ജീവനക്കാർക്കും ശമ്പള വർധന; പേ അവാർഡായി 1655 പൗണ്ട് ഉടൻ
Mail This Article
ലണ്ടൻ∙ ബ്രിട്ടനിൽ നഴ്സുമാരും ആംബുലൻസ് ജീവനക്കാരുമടക്കം എല്ലാ എൻഎച്ച്എസ് സ്റ്റാഫിനും അഞ്ചു ശതമാനം ശമ്പള വർധന പ്രഖ്യാപിച്ചു. മുൻ വർഷങ്ങളിലെ പേ അവാർഡായി കുറഞ്ഞത് 1655 പൗണ്ട് ഒറ്റ പേമെയ്ന്റായി നൽകാനും സർക്കാർ തീരുമാനിച്ചു. ശമ്പള വർധന ആവശ്യപ്പെട്ട് സമരരംഗത്തായിരുന്ന 14 യൂണിയനുകളുമായി ഹെൽത്ത് സെക്രട്ടറി സ്റ്റീവ് ബാർക്ക്ലെയും ഉന്നത ഉദ്യോഗസ്ഥരും എൻഎച്ച്എസ് നേതൃത്വവും നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് ഇരുകൂട്ടർക്കും സ്വീകാര്യമായ ഈ തീരുമാനത്തിൽ എത്തിയത്. ഏപ്രിൽ ഒന്നു മുതൽ ശമ്പള വർധന പ്രാബല്യത്തിൽ വരും.
Read Also: ബ്രിട്ടനിലും ടിക് ടോക്കിന് പിടിവീഴുമോ? ഭാഗിക നിരോധനത്തിന് ഒരുങ്ങുന്നെന്ന് സൂചന
സർക്കാർ തീരുമാനത്തെ അംഗീകരിച്ച് സമരരംഗത്തുനിന്നും പിന്മാറാൻ യൂണിയനുകൾ ജീവനക്കാരോട് ആവശ്യപ്പെടും. ഡോക്ടർമാർ ഒഴികെയുള്ള എല്ലാ എൻഎച്ച്എസ് സ്റ്റാഫിനും ഈ ശമ്പള വർധന ബാധകമായിരിക്കും. ഡോക്ടർമാരുടെ കരാർ വ്യവസ്ഥകൾ വ്യത്യസ്തമായതിനാലാണ് ഇവർക്ക് ഇതു ബാധകമല്ലാത്തത്. നഴ്സുമാർ, ആംബുലൻസ് ജീവനക്കാർ, മിഡ്വൈഫുമാർ, ഫിസിയോകൾ, ക്ലീനർമാരും പോർട്ടർമാരും ഉൾപ്പെടെയുള്ള സപ്പോർട്ട് സ്റ്റാഫ് എന്നിവരുടെയെല്ലാം പ്രതിനിധികളായ 14 യൂണിയനുകളാണ് സർക്കാരുമായുള്ള ചർച്ചകളിൽ പങ്കെടുത്തത്.
റോയൽ കോളജ് ഓഫ് നഴ്സിംങ്, യൂണിസെൻ, ജിഎംബി എന്നീ പ്രമുഖ സംഘടനകൾ സംയുക്തമായി സമരരംഗത്ത് ഇറങ്ങിയതോടെയാണ് സർക്കാർ ചർച്ചകൾക്ക് തയാറായി മുന്നോട്ടു വന്നത്. നഴ്സുമാർ ഉൾപ്പെടെയുള്ളവരുടെ സമരങ്ങൾ എൻഎച്ച്എസിന്റെ പ്രവർത്തനം അവതാളത്തിലാക്കിയിരുന്നു. തികച്ചും ന്യായമായ ആവശ്യങ്ങളെ അവഗണിച്ച് സർക്കാരാണ് പ്രശ്നം ഇത്രയേറെ സങ്കീർണമാക്കി മാറ്റിയതെന്ന് യൂണിയനുകൾ ആരോപിച്ചു.
നഴ്സുമാർ ഉൾപ്പെടെയുള്ള എൻഎച്ച്എസ് സ്റ്റാഫിന് ശരാശരി 100 മുതൽ 300 പൗണ്ടുവരെ പ്രതിമാസം ശമ്പള വർധന ലഭിക്കുന്ന തീരുമാനമാണ് ഇന്നുണ്ടായിരിക്കുന്നത്. പേ അവാർഡായി ലഭിക്കുന്ന തുകയിലും ബാൻഡ് അനുസരിച്ചും നിലവിലെ ശമ്പള സ്കെയിൽ അനുസരിച്ചും മാറ്റങ്ങളുണ്ടാകും.
ഒരു വർഷത്തോളമായി ശമ്പള വർധന ആവശ്യപ്പെട്ട് രാജ്യമൊട്ടാകെ വിവിധ യൂണിയനുകൾ പ്രക്ഷോഭത്തിലും സമരരംഗത്തുമായിരുന്നു. ഇതിനെല്ലാമാണ് ഇന്നത്തെ പ്രഖ്യാപനത്തിലൂടെ താൽകാലിക ശമനമാകുന്നത്.
English Summary: NHS Agrees to 5% Pay Rise Offer for Nurses, Ambulance Staff