ADVERTISEMENT

സോമർസെറ്റ് ∙ ബ്രിട്ടനിൽ എൻഎച്ച്എസ് നഴ്സുമാർക്കും അവരെ മുന്നിൽ നിന്ന് നയിച്ച റോയൽ കോളജ് ഓഫ് നഴ്സിങ് (ആർസിഎൻ) എന്ന തൊഴിലാളി യൂണിയനും ഇനി അഭിമാനിക്കാം. കാരണം ഡിസംബർ 15 ന് ആരംഭിച്ച നഴ്സിങ് ജീവക്കാരുടെയും അവരെ മുന്നിൽ നിന്ന് നയിച്ച ആർസിഎൻ എന്ന യൂണിയന്റെയും പണിമുടക്കിന്റെ ചുവട് പിടിച്ച് ഇതര സംഘടനകൾ സമര രംഗത്ത് എത്തിയത്.

Read also : നഴ്സുമാർ ഉൾപ്പെടെ എല്ലാ എൻഎച്ച്എസ് ജീവനക്കാർക്കും ശമ്പള വർധന; പേ അവാർഡായി 1655 പൗണ്ട് ഉടൻ

പണിമുടക്കുകളുടെ തുടക്കം മുതൽ ശമ്പള വർധന നൽകാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു പ്രധാന മന്ത്രി ഋഷി സുനകും ഹെൽത്ത്‌ സെക്രട്ടറി സ്റ്റീവ് ബാർക്ലേയും. പണിമുടക്കുകളെ വിവിധ ഘട്ടങ്ങൾ പിന്നിടുമ്പോഴും ഗൗനിക്കാതെയിരുന്ന സർക്കാരിനെ മറ്റ് ജീവനക്കാരുടെ സംഘടനകളെ കൂടി ഒപ്പം നിർത്തി സമ്മർദ്ദത്തിലാക്കാനും കഴിഞ്ഞ ദിവസത്തെ ശമ്പള വർധന പ്രഖ്യാപനത്തിൽ എത്തിക്കാനും നഴ്സുമാരുടെ യൂണിയന് കഴിഞ്ഞു. നഴ്സിങ് ജീവനക്കാരുടെ പണിമുടക്കിന്റെ ചുവട് പിടിച്ചാണ് ആംബുലൻസ് ജീവനക്കാർ, ഫിസിയോതെറാപ്പിസ്റ്റുകൾ, മിഡ്‌വൈവ്സ് എന്നിവരുടെ യൂണിയനുകൾ ഉൾപ്പടെ 14 യൂണിയനുകൾ പണിമുടക്ക് രംഗത്ത് എത്തിയത്.

nhs-staff-2
നഴ്സുമാരുടെ പണിമുടക്കിൽ ആർസിഎൻ ജനറൽ സെക്രട്ടറി പാറ്റ്‌ കുള്ളൻ പങ്കെടുത്തപ്പോൾ.

ആർസിഎൻ അംഗങ്ങൾ പണിമുടക്കാനുള്ള ഏറ്റവും കഠിനമായ തീരുമാനങ്ങൾ എടുത്തിരുന്നുവെന്നും ഇന്ന് അത് ന്യായീകരണമുള്ള പണിമുടക്കുകൾ ആയിരുന്നുവെന്ന് വിശ്വസിക്കുന്നുവെന്നും റോയൽ കോളജ് ഓഫ് നഴ്സിങ് ജനറൽ സെക്രട്ടറി പാറ്റ്‌ കുള്ളൻ കഴിഞ്ഞ ദിവസത്തെ ശമ്പള വർധന പ്രഖ്യാപനത്തോട് പ്രതികരിച്ചു. എൻഎച്ച്എസ് ജീവനക്കാരെ കൂടുതൽ ദിവസങ്ങളിലേക്ക് പണിമുടക്കിലേക്ക് തള്ളി വിട്ടതിന്റെ ഉത്തരവാദിത്വം സർക്കാരിനാണെന്ന് ഇതര യൂണിയൻ ഭാരവാഹികൾ പറഞ്ഞു. എന്നിരുന്നാലും വിവിധ യൂണിയനുകളുടെ കൂട്ടായാ പരിശ്രമം മൂലം ശമ്പള വർധന പ്രഖ്യാപനത്തിൽ സർക്കാരിനെ എത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. പുതിയ ശമ്പള കരാർ അംഗങ്ങൾക്ക് വോട്ടുചെയ്യാൻ വിടും. ബ്രിട്ടനിലെ നിയമം അനുസരിച്ച് സർക്കാർ പ്രഖ്യാപിച്ച ശമ്പള വർധന ജീവനക്കാർ വോട്ട് ചെയ്ത് അംഗീകരിച്ചാൽ മാത്രമെ നടപ്പിലാകൂ. ഇതിനായി ഒരാഴ്ചയിലധികം സമയമെടുക്കും. ഇതോടെ എൻഎച്ച്എസ് മേഖലയിലെ പ്രതിസന്ധികൾക്ക് ഒരു പരിധി വരെ പരിഹാരമാകും. 

nhs-staff-3
നഴ്സുമാരുടെ പണിമുടക്കിൽ ആർസിഎൻ ജനറൽ സെക്രട്ടറി പാറ്റ്‌ കുള്ളൻ പങ്കെടുത്തപ്പോൾ.

പുതിയ പ്രഖ്യാപനം അനുസരിച്ച് 5% ശമ്പള വർധന ആണ് ലഭിക്കുക. 2023 ഏപ്രിൽ ഒന്ന് മുതലാണ് ശമ്പള വർധന നടപ്പിലാവുക. കഴിഞ്ഞ വർഷത്തെ ശമ്പളത്തിന് ആശ്വാസമായി 1655 മുതൽ 3789 പൗണ്ട് വരെ ഒറ്റത്തവണ പേയ്‌മെന്റും നൽകും. ഡോക്ടർമാർ ഒഴികെയുള്ള എല്ലാ എൻഎച്ച്എസ് ജീവനക്കാർക്കും ശരാശരി 5% വർധന ലഭിക്കും. നഴ്‌സുമാർ, ആംബുലൻസ് ജീവനക്കാർ, മിഡ്‌വൈഫ്‌മാർ ഫിസിയോതെറാപ്പിസ്റ്റുകൾ, മാനേജ്മെന്റ് ജീവനക്കാർ എന്നിവരുൾപ്പെടെയുള്ളവർക്കാണ് 5% ശമ്പള വർധന ലഭിക്കുക. എൻഎച്ച്എസിൽ ഏറ്റവും കുറഞ്ഞ ശമ്പളം ലഭിക്കുന്ന ബാൻഡ് 2 തസ്തികയിലുള്ള ഹെൽത്ത്‌ കെയർ അസിസ്റ്റന്റുമാർ, ക്ലീനർമാർ, പോർട്ടർമാർ എന്നിവർക്ക് 10% ശമ്പള വർധന ലഭിക്കും.

nhs-staff-4

ബാൻഡ് 2 മുതൽ ബാൻഡ് 4 വരെയുള്ള ജീവനക്കാർക്ക് ഒറ്റത്തവണ പേയ്‌മെന്റായി 1,655 പൗണ്ട് മുതൽ 1,776 വരെയുള്ള തുക ലഭിക്കും. ബാൻഡ് 5 മുതൽ ബാൻഡ് 8 എ വരെയുള്ള നഴ്സുമാർ, നഴ്സിങ് കൺസൽറ്റന്റുമാർ ഉൾപ്പെടെയുള്ള ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് 2,400 പൗണ്ട് മുതൽ 2,442 പൗണ്ട് വരെയുള്ള തുകയാണ് ലഭിക്കുക. നഴ്‌സിങ് ഡയറക്ടർമാർ, ചീഫ് ഫിനാൻസ് ഓഫിസർമാർ തുടങ്ങിയ മാനേജ്‌മെന്റ് തസ്തികകളിലെ ബാൻഡ് 8 ബി മുതൽ ബാൻഡ് 9 വരെയുള്ള ജീവനക്കാർക്ക് ഒറ്റത്തവണ പേയ്‌മെന്റായി 2,573 മുതൽ 3,789 പൗണ്ട് വരെ ലഭിക്കും. പുതിയ പ്രഖ്യാപനത്തോടെ എൻഎച്ച്എസിലെ വിവിധ ജീവനക്കാർ പ്രതികൂലമായ കാലാവസ്ഥയെ അവഗണിച്ച് കഴിഞ്ഞ മൂന്നു മാസമായി നടത്തി വന്ന പണിമുടക്കുകൾക്ക് അവസാനമാകും. മഞ്ഞു വീഴ്ചയെയും തണുപ്പിനെയും അവഗണിച്ചാണ് ജീവനക്കാർ ആശുപത്രികൾക്ക് മുന്നിലെ പിക്കറ്റ് ലൈനുകളിൽ മണിക്കൂറുകളോളം വിവിധ ദിവസങ്ങളിൽ സമരമിരുന്നത്.

എൻഎച്ച്എസ് മേഖലയിലെ പ്രതിസന്ധികൾ പൂർണ്ണമായും അവസാനിക്കണമെങ്കിൽ ജൂനിയർ ഡോക്ടർമാരുടെ പണിമുടക്കുകൾ കൂടി അവസാനിക്കണം. സർക്കാർ പ്രതിനിധികളുമായുള്ള ചർച്ചകളിൽ ജൂനിയർ ഡോക്ടർമാരുടെ യൂണിയനുകൾ പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ 72 മണിക്കൂർ പണിമുടക്ക് നടത്തിയ ബ്രിട്ടിഷ് മെഡിക്കൽ അസോസിയേഷൻ, ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത്‌ ആൻഡ് സോഷ്യൽ കെയർ തുടങ്ങിയ സംഘടനകൾ ശമ്പള വർധന ആവശ്യത്തിൽ ഒത്തുതീർപ്പിന് തയാറാല്ലെന്ന് പ്രഖ്യാപിച്ചിരുന്നു.  ബ്രിട്ടനിലെ മെഡിക്കൽ സ്‌കൂളിൽ നിന്ന് യോഗ്യത നേടി പുറത്തുവരുന്ന ജൂനിയർ ഡോക്ടർമാർക്ക് ലഭിക്കുന്ന ശമ്പളം മണിക്കൂറിന് 14 പൗണ്ടിൽ നിന്ന് 19 പൗണ്ടായി ഉയർത്തണമെന്നാണ് ആവശ്യം. എന്നാൽ ഇത് അംഗീകരിക്കാൻ ആകില്ലെന്ന നിലപാടിലാണ് സർക്കാർ.

English Summary :  NHS nurses and RCN could be proud to initiate the strikes for staff pay rise

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com