മാഞ്ചസ്റ്റർ തിരുന്നാൾ ഭക്തിസാന്ദ്രമായി, തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു സായൂജ്യം നേടി ആയിരങ്ങൾ
Mail This Article
മാഞ്ചസ്റ്റർ∙ മാഞ്ചസ്റ്ററിലെ വിഥിൻഷോ എന്ന കൊച്ചു പട്ടണം ഇന്നലെ അക്ഷരാർഥത്തിൽ കൊച്ചു കേരളമാകുന്ന കാഴ്ചയാണ് കണ്ടത്. പട്ടുസാരികളുടുത്ത സ്ത്രീ ജനങ്ങളാലും മുണ്ടും ജുബ്ബയും ധരിച്ച പുരുഷന്മാരാലും വഴിയോരങ്ങൾ നിറഞ്ഞതോടെ താൻ നാട്ടിലെ പള്ളിപ്പെരുന്നാൾ കൂടുകയാണോ എന്ന് ഒരുവേള തോന്നിപ്പോയി. ഓരോ വർഷം കഴിയുംതോറും മികച്ച ജന പങ്കാളിത്തത്താലും ഭക്തിസാന്ദ്രമായ തിരുക്കർമ്മങ്ങളാലും മാഞ്ചസ്റ്റർ തിരുന്നാൾ വേറിട്ട അനുഭവമാവുകയാണ്.
ഭക്തിസാന്ദ്രമായ റാസ കുർബാനയും പ്രൗഢി വിളിച്ചോതിയ തിരുന്നാൾ പ്രദക്ഷിണവും എല്ലാം വിശ്വാസ സമൂഹത്തിന് ആത്മീയ ഉണർവായി. രാവിലെ 9.30 ആയപ്പോൾ തന്നെ കാർപാർക്കുകൾ നിറഞ്ഞു. പത്തുമണിയോടെ ദേവാലയം ബാൽക്കണി ഉൾപ്പെടെ നിറഞ്ഞു തുളുമ്പി. ഇതേ സമയം ഗിൽഡ് റൂമിൽ നിന്നും വൈദികരെയുമായി ആദ്യ പ്രദക്ഷിണത്തിന് തുടക്കമായി.
മുത്തുക്കുടകളുടെ അകമ്പടിയോടെ വിമൻസ് ഫോറം പ്രവർത്തകർ വൈദികരെ കമനീയമായി അലങ്കരിച്ചു മോടിപിടിപ്പിച്ച സെൻറ് ആൻറണീസ് ദേവാലയത്തിൻറെ അൾത്താരയിലേക്ക് ആനയിച്ചതോടെ മിഷൻ ഡയറക്‌ടർ ഫാ.ജോസ് അഞ്ചാനിക്കൽ ഏവരെയും സ്വാഗതം ചെയ്തു.തുടർന്ന് കാഴ്ചവെപ്പിനെ തുടർന്ന് റാസക്ക് തുടക്കമായി.
ഭക്തിയുടെ പാരമ്യത്തിൽ റാസ
ഫാ.ജോബിൻ പെരുമ്പളത്തുശേരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന റാസയിൽ. ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറൽ ഫാ.ജിനോ അരീക്കാട്ട് MCBS, ഷ്രൂഷ്ബറി രൂപതാ വികാരി ജനറൽ ഫാ.മൈക്കിൾ ഗാനൻ, ഫാ ജോസ് അഞ്ചാനിക്കൽ, ഫാ.ഫ്രാൻസിസ് എന്നിവർ സഹകാർമികരായി. പ്രാർഥനകളുടെ ഓരോ ഘട്ടം കഴിയുമ്പോഴും വിശ്വാസ സമൂഹത്തിന് സ്വർഗീയ നിറവായി തിരുക്കർമങ്ങൾ മാറുന്ന കാഴ്ചയായി. ഇരുപതോളം പേർ അടങ്ങുന്ന ഗായക സംഘത്തിന്റെ ആലാപനങ്ങൾ റാസ കുർബാനയെ കൂടുതൽ ഭക്തിസാന്ദ്രമാക്കി. ദിവ്യബലി മദ്ധ്യ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറൽ ഫാ.ജിനോ അരീക്കാട്ട് തിരുന്നാൾ സന്ദേശം നൽകി. നിങ്ങളുടെ നിക്ഷേപങ്ങൾ സ്വർഗത്തിൽ കണ്ടെത്തുവാനും മക്കളെ അടിയുറച്ച വിശ്വാസത്തിൽ വളർത്തുവാനും തിരുന്നാളും ആഘോഷങ്ങളും എല്ലാം ആത്മീയ നിറവിനുള്ളതാവട്ടെ എന്നും ദിവ്യബലി മദ്ധ്യേ നൽകിയ സന്ദേശത്തിൽ അദ്ദേഹം വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു.
പൗരാണികതയും പ്രൗഢിയും വിളിച്ചോതി തിരുന്നാൾ പ്രദക്ഷിണം
മാഞ്ചെസ്റ്ററിന്റെ വീഥികളിലൂടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചു നടന്ന തിരുന്നാൾ പ്രദക്ഷിണം പൗരാണികതയുടെയും പ്രൗഢിയുടെയും നേർക്കാഴ്ചയായി. ഇരുനില മുത്തുക്കുടകൾ മുതൽ പൊന്നിൻ കുരിശുകളും വെള്ളികുരിശുകളും വിവിധ യൂണിറ്റുകളുടെ പതാകകളും ബാനറുകളും എല്ലാം പ്രദക്ഷിണത്തിൽ അണിനിരന്നപ്പോൾ മേളപ്പെരുപ്പം തീർത്തു മാഞ്ചസ്റ്റർ മേളവും സ്‌കോട്ടീഷ് പൈപ്പ് ബാൻഡുമെല്ലാം പ്രദക്ഷിണത്തിൽ അണിനിരന്നു. യുവജനങ്ങൾ വിശുദ്ധ സെബാസ്‌ത്യാനോസിൻറെ തിരുസ്വരൂപവുമായി പ്രദക്ഷിണത്തിൻറെ മുൻനിരയിൽ നീങ്ങിയപ്പോൾ വിശുദ്ധ അൽഫോൻസാമ്മയുടെയും തൊട്ടു പിന്നിൽ വിശുദ്ധ തോമാസ്ലീഹായുടെയും തിരുസ്വരൂപങ്ങളുമായി യൂണിറ്റ് ഭാരവാഹികളും ഒത്തുചേർന്നു.നൂറുകണക്കിന് മുത്തുക്കുടകളുമായി വിമൻസ് ഫോറം പ്രവർത്തകരും സൺഡേസ്കൂൾ കുട്ടികളും എല്ലാം ഒത്തുചേർന്നതോടെ വിഥിൻഷോ അക്ഷരാർഥത്തിൽ കൊച്ചുകേരളമാകുന്ന കാഴ്ചയാണ് കണ്ടത്. നാട്ടിലെ പള്ളിപ്പെരുന്നാളിന്റെ അതേ പ്രതീതി. പ്രദക്ഷിണം കുരിശടിയിൽ എത്തിയപ്പോൾ നടന്ന പ്രാർഥനകൾക്ക് വൈദികർ നേതൃത്വം നൽകി. തുടർന്ന് പുനരാരംഭിച്ച പ്രദക്ഷിണം പള്ളിയിൽ പ്രവേശിച്ചതോടെ ലദീഞ്ഞും കുർബാനയുടെ ആശീർവാദവും നടന്നു.
കഴുന്നെടുത്തും അടിമ വെച്ചും വിശ്വാസ സമൂഹം
രാവിലെ മുതൽ തന്നെ കഴുന്നെടുത്തും അടിമ വെച്ചും നേർച്ചകാഴ്ചകൾ അർപ്പിച്ചും വിശുദ്ധരുടെ മാധ്യസ്ഥം തേടുവാൻ വിശ്വാസികൾ പള്ളിയിലേക്ക് പ്രവഹിക്കുക ആയിരുന്നു. കഴുന്നെടുത്തവർ കുരിശടിയിൽ എത്തി പ്രാർഥിച്ച ശേഷം നേർച്ചകാഴ്ചകൾ അർപ്പിച്ചു തിരുക്കർമ്മങ്ങളിൽ പങ്കാളികളായി. വൊളണ്ടിയേഴ്സിന്റെ വലിയനിര വിശുദ്ധരുടെ തിരുസ്വരൂപത്തിങ്കൽ സജ്ജമായിരുന്നു.
തിരുന്നാളിനെത്തിയവർക്കെല്ലാം സ്‌നേഹവിരുന്ന്
ദുക്റാനത്തിരുന്നാളിനെത്തിയ വിശ്വാസ സമൂഹത്തിന് മുഴുവൻ തിരുന്നാൾ കമ്മറ്റി ഉച്ചഭക്ഷണം ഒരുക്കി. തിരുന്നാൾ തിരുക്കർമങ്ങളെ തുടർന്ന് പള്ളിയുടെ പിൻഭാഗത്തെ ഗ്രൗണ്ടിലായിരുന്നു ഉച്ചഭക്ഷണവും സ്റ്റാളുകളും. തിരക്കൊഴിവാക്കാൻ ഒട്ടേറെ കൗണ്ടറുകൾ ഒരുക്കിയതും മാതൃകയായി. തിരുനാളിൽ പങ്കെടുത്ത് ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം കണ്ടുമുട്ടി കുശാലാന്വേഷങ്ങൾ നടത്തി ഒട്ടേറെ സമയം ചിലവിട്ടശേഷമാണ് ഏവരും വീടുകളിലേക്ക് മടങ്ങിയത്.
തിരുന്നാൾ കമ്മറ്റിയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയം
മിഷൻ ഡയറക്‌ടർ ഫാ.ജോസ് അഞ്ചാനിക്കൽ,ട്രസ്റ്റിമാരായ ബിജു ജോസഫ്,റോസ്ബിൻ സെബാസ്റ്റ്യൻ ,ട്വിങ്കിൽ ഈപ്പൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിച്ച 101 അംഗ തിരുന്നാൾ കമ്മറ്റിക്ക് ഏവരുടെയും പ്രശംസ. നാളുകൾ നീണ്ട കഠിനാധ്വാനത്തിൻറെ ഫലപ്രാപ്തിയാണ് ഉണ്ടായതെന്നും തിരുന്നാൾ വിജയത്തിനായി സഹകരിച്ച ഏവർക്കും ഫാ.ജോസ് അഞ്ചാനിക്കൽ നന്ദിയും രേഖപ്പെടുത്തി.
തിരുന്നാൾ വിജയത്തിനായി സഹകരിച്ചവർക്കും,തിരുനാളിൽ പങ്കെടുക്കുവാൻ നാടിന്റെ നാനാഭാഗത്തുനിന്നുമെല്ലാം എത്തിയവർക്കും മിഷൻ ഡയറക്‌ടർ ഫാ.ജോസ് അഞ്ചാനിക്കലും തിരുന്നാൾ കമ്മറ്റിയും നന്ദി രേഖപ്പെടുത്തി.