ജർമനിയിൽ ക്രിസ്ത്യൻ സഭകള്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വർധന
Mail This Article
സൂറിക് ∙ വിവിധ ക്രിസ്ത്യൻ സഭകളുമായുള്ള ബന്ധം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ ജർമനിയിൽ റെക്കോർഡ് വർധന. ഒൻപത് ലക്ഷത്തിലധികം പേരാണ് പോയവർഷം സഭകളുമായുള്ള ബന്ധം ഉപേക്ഷിച്ചത്. റോമൻ കത്തോലിക്കാ സഭയിൽ നിന്നും 5.22 ലക്ഷം പേരും, പ്രൊട്ടസ്റ്റ്ന്റ് സഭയിൽ നിന്ന് 3.80 ലക്ഷം പേരും സ്വയം പുറത്തുപോയത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്.
ലൈംഗിക പീഡനങ്ങൾ, സഭാ നേതൃത്വവുമായി ബന്ധപ്പെട്ട വിവാദങ്ങൾ, പള്ളി കരം തുടങ്ങിയവയാണ് ക്രിസ്ത്യൻ സഭകൾ വിടുന്നതിനുള്ള മുഖ്യ കാരണങ്ങളായി പറയുന്നത്. ക്രിസ്‌തീയ വിശ്വാസികൾക്കിടയിൽ തെക്ക്, പടിഞ്ഞാറൻ ജർമൻ പ്രദേശങ്ങളിൽ കത്തോലിക്കാ സഭയ്ക്ക് മുൻതൂക്കമുള്ളപ്പോൾ, കിഴക്ക്, വടക്കൻ മേഖലയിൽ പ്രൊട്ടസ്റ്റന്റ് സഭയ്ക്കാണ് സ്വാധീനം. രണ്ടായിരാമാണ്ടിൽ ജർമൻ ജനസംഖ്യയിലെ 65 ശതമാനത്തോളം ക്രിസ്‌തുമത വിശ്വാസികളായിരുന്നെങ്കിൽ, നിലവിലിത് 50 ശതമാനത്തിന് താഴെയാണ്.
ഇതിനു മുൻപ് 2021 ലാണ് ഏറ്റവും അധികംപേർ കത്തോലിക്കാ സഭ വിട്ടത്. അന്ന് ഒറ്റ വർഷം 3.59 ലക്ഷം പേരാണ് സഭയിൽ നിന്നു പുറത്തുപോയത്. നിലവിൽ ജർമൻ ജനസംഖ്യയിലെ 24.8 ശതമാനമാണ് കത്തോലിക്കർ. ഇത് ഒട്ടാകെ 20.94 മില്ല്യൻ വരുമ്പോൾ,19.15 മില്യനാണ് പ്രൊട്ടസ്റ്റന്റ് സഭാവിശ്വാസികൾ. ക്രിസ്‌തീയ സഭകൾ ഉപേക്ഷിക്കുന്നവരിലെ വളരെ ചെറിയൊരു ശതമാനം മറ്റു മത വിശ്വാസങ്ങളിലേക്ക് തിരിയുമ്പോൾ, ബഹുഭൂരിപക്ഷവും മതവിശ്വാസം പൂർണമായി ഉപേക്ഷിക്കുന്നു എന്നാണ് കണക്കുകൾ സുചിപ്പിക്കുന്നത്.
English Summary: Record number of people leaving churches in Germany